സെഖര്യാവ് 6
6
1ഞാൻ വീണ്ടും തലപൊക്കി നോക്കിയപ്പോൾ രണ്ടു പർവതങ്ങളുടെ ഇടയിൽനിന്നു നാലു രഥം പുറപ്പെടുന്നതു കണ്ടു; ആ പർവതങ്ങളോ താമ്രപർവതങ്ങൾ ആയിരുന്നു. 2ഒന്നാമത്തെ രഥത്തിനു ചുവന്ന കുതിരകളെയും രണ്ടാമത്തെ രഥത്തിനു കറുത്ത കുതിരകളെയും 3മൂന്നാമത്തെ രഥത്തിനു വെളുത്ത കുതിരകളെയും നാലാമത്തെ രഥത്തിനു പുള്ളിയും കുരാൽനിറവും ഉള്ള കുതിരകളെയും പൂട്ടിയിരുന്നു. 4എന്നോടു സംസാരിക്കുന്ന ദൂതനോട്: യജമാനനേ, ഇത് എന്താകുന്നു എന്നു ഞാൻ ചോദിച്ചു. 5ദൂതൻ എന്നോട് ഉത്തരം പറഞ്ഞത്: ഇതു സർവഭൂമിയുടെയും കർത്താവിന്റെ സന്നിധിയിൽ നിന്നിട്ടു പുറപ്പെടുന്ന ആകാശത്തിലെ നാലു കാറ്റ് ആകുന്നു. 6കറുത്ത കുതിരകൾ ഉള്ളത് വടക്കേ ദേശത്തിലേക്കു പുറപ്പെട്ടു; വെളുത്തവ അവയുടെ പിന്നാലെ പുറപ്പെട്ടു; പുള്ളിയുള്ളവ തെക്കേ ദേശത്തേക്കു പുറപ്പെട്ടു. 7കുരാൽനിറമുള്ളവ പുറപ്പെട്ടു ഭൂമിയിൽ ഊടാടി സഞ്ചരിപ്പാൻ നോക്കി: നിങ്ങൾ പോയി ഭൂമിയിൽ ഊടാടി സഞ്ചരിപ്പിൻ എന്ന് അവൻ കല്പിച്ചു; അങ്ങനെ അവ ഭൂമിയിൽ ഊടാടി സഞ്ചരിച്ചു. 8അവൻ എന്നോട് ഉറക്കെ വിളിച്ചു; വടക്കേ ദേശത്തേക്കു പുറപ്പെട്ടിരിക്കുന്നവ വടക്കേ ദേശത്തിങ്കൽ എന്റെ കോപത്തെ ശമിപ്പിച്ചിരിക്കുന്നു എന്നു പറഞ്ഞു.
9യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായതെന്തെന്നാൽ: 10നീ ഹെല്ദായി, തോബീയാവ്, യെദായാവ് എന്നീ പ്രവാസികളോടു വാങ്ങുക; അവർ ബാബേലിൽനിന്നു വന്നെത്തിയിരിക്കുന്ന സെഫന്യാവിന്റെ മകനായ യോശീയാവിന്റെ വീട്ടിൽ നീ അന്നു തന്നെ ചെല്ലേണം. 11അവരോടു നീ വെള്ളിയും പൊന്നും വാങ്ങി കിരീടം ഉണ്ടാക്കി മഹാപുരോഹിതനായി യെഹോസാദാക്കിന്റെ മകനായ യോശുവയുടെ തലയിൽവച്ച് അവനോടു പറയേണ്ടതെന്തെന്നാൽ: 12സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: മുള എന്നു പേരുള്ളൊരു പുരുഷനുണ്ടല്ലോ; അവൻ തന്റെ നിലയിൽനിന്നു മുളച്ചുവന്നു യഹോവയുടെ മന്ദിരം പണിയും. 13അവൻ തന്നെ യഹോവയുടെ മന്ദിരം പണിയും; അവൻ ബഹുമാനഭൂഷണം ധരിച്ചു സിംഹാസനത്തിൽ ഇരുന്നു വാഴും; അവൻ സിംഹാസനത്തിൽ പുരോഹിതനുമായിരിക്കും; ഇരുവർക്കും തമ്മിൽ സമാധാനമന്ത്രണം ഉണ്ടാകും. 14ആ കിരീടമോ, ഹേലെം, തോബീയാവ്, യെദായാവ്, സെഫന്യാവിന്റെ മകനായ ഹേൻ എന്നിവരുടെ ഓർമയ്ക്കായി യഹോവയുടെ മന്ദിരത്തിൽ ഉണ്ടായിരിക്കേണം. 15എന്നാൽ ദൂരസ്ഥന്മാർ വന്നു യഹോവയുടെ മന്ദിരത്തിങ്കൽ പണിയും; സൈന്യങ്ങളുടെ യഹോവ എന്നെ നിങ്ങളുടെ അടുക്കൽ അയച്ചിരിക്കുന്നു എന്നു നിങ്ങൾ അറിയും; നിങ്ങൾ ശ്രദ്ധയോടെ നിങ്ങളുടെ ദൈവമായ യഹോവയുടെ വാക്കു കേട്ടനുസരിക്കുമെങ്കിൽ അതു സംഭവിക്കും.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
സെഖര്യാവ് 6: MALOVBSI
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
Malayalam OV Bible - സത്യവേദപുസ്തകം
© The Bible Society of India, 2016.
Used by permission. All rights reserved worldwide.