സെഖര്യാവ് 2
2
1ഞാൻ പിന്നെയും തലപൊക്കി നോക്കിയപ്പോൾ, കൈയിൽ അളവുനൂൽ പിടിച്ചിരിക്കുന്നൊരു പുരുഷനെ കണ്ടു. 2നീ എവിടേക്കു പോകുന്നു എന്നു ഞാൻ ചോദിച്ചതിന് അവൻ: ഞാൻ യെരൂശലേമിനെ അളന്ന് അതിന്റെ വീതി എന്തെന്നും നീളം എന്തെന്നും നോക്കുവാൻ പോകുന്നു എന്ന് എന്നോടു പറഞ്ഞു. 3എന്നാൽ എന്നോടു സംസാരിക്കുന്ന ദൂതൻ പുറത്തു വന്നു; അവനെ എതിരേല്പാൻ മറ്റൊരു ദൂതനും പുറത്തുവന്ന് അവനോട് പറഞ്ഞത്: 4നീ വേഗം ചെന്ന് ഈ ബാല്യക്കാരനോടു സംസാരിച്ച്: യെരൂശലേം അതിലെ മനുഷ്യരുടെയും മൃഗങ്ങളുടെയും ബഹുത്വംനിമിത്തം മതിലില്ലാതെ തുറന്നുകിടക്കും എന്നു പറക. 5എന്നാൽ ഞാൻ അതിനു ചുറ്റും തീമതിലായിരിക്കും; ഞാൻ അതിന്റെ നടുവിൽ മഹത്ത്വമായിരിക്കും എന്നു യഹോവയുടെ അരുളപ്പാട്. 6ഹേ, ഹേ, വടക്കേ ദേശം വിട്ടോടുവിൻ! എന്നു യഹോവയുടെ അരുളപ്പാട്; ഞാൻ നിങ്ങളെ ആകാശത്തിന്റെ നാലു കാറ്റുപോലെ ചിതറിച്ചിരിക്കുന്നുവല്ലോ എന്നു യഹോവയുടെ അരുളപ്പാട്. 7ഹേ, ബാബേൽപുത്രിയുടെ അടുക്കൽ പാർക്കുന്ന സീയോനേ, ചാടിപ്പോക. 8സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങളോടു കവർച്ചചെയ്ത ജാതികളുടെ അടുക്കൽ അവൻ എന്നെ മഹത്ത്വത്തിനായി അയച്ചിരിക്കുന്നു; നിങ്ങളെ തൊടുന്നവൻ അവന്റെ കൺമണിയെ തൊടുന്നു. 9ഞാൻ അവരുടെ നേരേ കൈ കുലുക്കും; അവർ തങ്ങളുടെ ദാസന്മാർക്കു കവർച്ചയായിത്തീരും; സൈന്യങ്ങളുടെ യഹോവ എന്നെ അയച്ചിരിക്കുന്നു എന്നു നിങ്ങൾ അറികയും ചെയ്യും. 10സീയോൻപുത്രിയേ, ഘോഷിച്ചുല്ലസിച്ചു സന്തോഷിക്ക; ഇതാ, ഞാൻ വരുന്നു; ഞാൻ നിന്റെ മധ്യേ വസിക്കും എന്നു യഹോവയുടെ അരുളപ്പാട്. 11അന്നാളിൽ പല ജാതികളും യഹോവയോടു ചേർന്ന് എനിക്കു ജനമായിത്തീരും; ഞാൻ നിന്റെ മധ്യേ വസിക്കും; സൈന്യങ്ങളുടെ യഹോവ എന്നെ നിന്റെ അടുക്കൽ അയച്ചിരിക്കുന്നു എന്നു നീ അറികയും ചെയ്യും. 12യഹോവ വിശുദ്ധദേശത്തു യെഹൂദായെ തന്റെ ഓഹരിയായി കൈവശമാക്കുകയും യെരൂശലേമിനെ വീണ്ടും തിരഞ്ഞെടുക്കുകയും ചെയ്യും. 13സകല ജഡവുമായുള്ളോരേ, യഹോവയുടെ മുമ്പിൽ മിണ്ടാതിരിപ്പിൻ; അവൻ തന്റെ വിശുദ്ധനിവാസത്തിൽനിന്ന് എഴുന്നരുളിയിരിക്കുന്നു.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
സെഖര്യാവ് 2: MALOVBSI
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
Malayalam OV Bible - സത്യവേദപുസ്തകം
© The Bible Society of India, 2016.
Used by permission. All rights reserved worldwide.