സെഖര്യാവ് 14
14
1അവർ നിന്റെ നടുവിൽവച്ചു നിന്റെ കൊള്ള വിഭാഗിപ്പാനുള്ള യഹോവയുടെ ഒരു ദിവസം വരുന്നു. 2ഞാൻ സകല ജാതികളെയും യെരൂശലേമിനോടു യുദ്ധത്തിനായി കൂട്ടിവരുത്തും; നഗരം പിടിക്കപ്പെടുകയും വീടുകളെ കൊള്ളയിടുകയും സ്ത്രീകളെ വഷളാക്കുകയും നഗരത്തിന്റെ പാതി പ്രവാസത്തിലേക്കു പോകയും ചെയ്യും; ജനത്തിൽ ശേഷിപ്പുള്ളവരോ നഗരത്തിൽനിന്നു ഛേദിക്കപ്പെടുകയില്ല. 3എന്നാൽ യഹോവ പുറപ്പെട്ടു, താൻ യുദ്ധദിവസത്തിൽ പൊരുതതുപോലെ ആ ജാതികളോടു പൊരുതും. 4അന്നാളിൽ അവന്റെ കാൽ യെരൂശലേമിനെതിരേ കിഴക്കുള്ള ഒലിവുമലയിൽ നില്ക്കും; ഒലിവുമല കിഴക്കുപടിഞ്ഞാറായി നടുവേ പിളർന്നുപോകും; ഏറ്റവും വലിയൊരു താഴ്‌വര ഉളവായിവരും; മലയുടെ ഒരു പാതി വടക്കോട്ടും മറ്റേ പാതി തെക്കോട്ടും വാങ്ങിപ്പോകും. 5എന്നാൽ മലകളുടെ താഴ്‌വര ആസൽവരെ എത്തുന്നതുകൊണ്ട് നിങ്ങൾ എന്റെ മലകളുടെ താഴ്‌വരയിലേക്ക് ഓടിപ്പോകും; യെഹൂദാരാജാവായ ഉസ്സീയാവിന്റെ കാലത്തു നിങ്ങൾ ഭൂകമ്പം ഹേതുവായി ഓടിപ്പോയതുപോലെ നിങ്ങൾ ഓടിപ്പോകും; എന്റെ ദൈവമായ യഹോവയും തന്നോടുകൂടെ സകല വിശുദ്ധന്മാരും വരും. 6അന്നാളിൽ വെളിച്ചം ഉണ്ടാകയില്ല; ജ്യോതിർഗോളങ്ങൾ മറഞ്ഞുപോകും. 7യഹോവ മാത്രം അറിയുന്ന ഒരു ദിവസം വരും; അതു പകലല്ല; രാത്രിയുമല്ല; സന്ധ്യാസമയത്തോ വെളിച്ചമാകും. 8അന്നാളിൽ ജീവനുള്ള വെള്ളം യെരൂശലേമിൽനിന്നു പുറപ്പെട്ടു പാതി കിഴക്കേ കടലിലേക്കും പാതി പടിഞ്ഞാറേ കടലിലേക്കും ഒഴുകും; അത് ഉഷ്ണകാലത്തും ശീതകാലത്തും ഉണ്ടാകും; 9യഹോവ സർവഭൂമിക്കും രാജാവാകും; അന്നാളിൽ യഹോവ ഏകനും അവന്റെ നാമം ഏകവുമായിരിക്കും. 10ദേശം മുഴുവനും മാറി ഗേബമുതൽ യെരൂശലേമിനു തെക്ക് രിമ്മോൻവരെ സമഭൂമിയായിത്തീരും; നഗരമോ, ഉന്നതമായി സ്വസ്ഥാനത്തു ബെന്യാമീൻ ഗോപുരംമുതൽ പണ്ടത്തെ ഗോപുരത്തിന്റെ സ്ഥാനംവരെ, കോൺഗോപുരംവരെ തന്നെ, ഹനനേൽഗോപുരം മുതൽ രാജാവിന്റെ ചക്കാലകൾവരെയും നിവാസികൾ ഉള്ളതാകും. 11അവർ അതിൽ പാർക്കും; ഇനി സംഹാരശപഥം ഉണ്ടാകയില്ല; യെരൂശലേം നിർഭയം വസിക്കും. 12യെരൂശലേമിനോടു യുദ്ധം ചെയ്ത സകല ജാതികളെയും യഹോവ ശിക്ഷിപ്പാനുള്ള ശിക്ഷയാവിത്: അവർ നിവിർന്നു നില്ക്കുമ്പോൾ തന്നെ അവരുടെ മാംസം ചീഞ്ഞഴുകിപ്പോകും; അവരുടെ കണ്ണ് തടത്തിൽ തന്നെ ചീഞ്ഞഴുകിപ്പോകും; അവരുടെ നാവ് വായിൽ തന്നെ ചീഞ്ഞഴുകിപ്പോകും. 13അന്നാളിൽ യഹോവയാൽ ഒരു മഹാപരാഭവം അവരുടെ ഇടയിൽ ഉണ്ടാകും; അവർ ഓരോരുത്തൻ താന്താന്റെ കൂട്ടുകാരന്റെ കൈപിടിക്കും; ഒരുവന്റെ കൈ മറ്റവന്റെ നേരേ പൊങ്ങും. 14യെഹൂദായും യെരൂശലേമിൽവച്ചു യുദ്ധം ചെയ്യും; ചുറ്റുമുള്ള സകല ജാതികളുടെയും ധനമായ പൊന്നും വെള്ളിയും വസ്ത്രവും അനവധിയായി ശേഖരിക്കപ്പെടും. 15അങ്ങനെ ഈ പാളയങ്ങളിലുള്ള കുതിര, കോവർകഴുത, ഒട്ടകം, കഴുത എന്നീ സകല മൃഗങ്ങൾക്കും ഈ ബാധപോലെയുള്ള ഒരു ബാധയുണ്ടാകും. 16എന്നാൽ യെരൂശലേമിനു നേരേ വന്ന സകല ജാതികളിലും ശേഷിച്ചിരിക്കുന്ന ഏവനും സൈന്യങ്ങളുടെ യഹോവയായ രാജാവിനെ നമസ്കരിപ്പാനും കൂടാരപ്പെരുന്നാൾ ആചരിപ്പാനും ആണ്ടുതോറും വരും. 17ഭൂമിയിലെ സകല വംശങ്ങളിലും ആരെങ്കിലും സൈന്യങ്ങളുടെ യഹോവയായ രാജാവിനെ നമസ്കരിപ്പാൻ യെരൂശലേമിലേക്കു വരാത്തപക്ഷം അവർക്കു മഴയുണ്ടാകയില്ല. 18മിസ്രയീംവംശം വരാത്തപക്ഷം അവർക്കും ഉണ്ടാകയില്ല; കൂടാരപ്പെരുന്നാൾ ആചരിക്കേണ്ടതിനു വരാതിരിക്കുന്ന ജാതികളെ യഹോവ ശിക്ഷിപ്പാനുള്ള ശിക്ഷതന്നെ അവർക്കുണ്ടാകും. 19കൂടാരപ്പെരുന്നാൾ ആചരിക്കേണ്ടതിന് വരാതിരിക്കുന്ന മിസ്രയീമിനുള്ള പാപശിക്ഷയും സകല ജാതികൾക്കുമുള്ള പാപശിക്ഷയും ഇതു തന്നെ. 20അന്നാളിൽ കുതിരകളുടെ മണികളിന്മേൽ യഹോവയ്ക്കു വിശുദ്ധം എന്ന് എഴുതിയിരിക്കും; യഹോവയുടെ ആലയത്തിലെ കലങ്ങളും യാഗപീഠത്തിൻ മുമ്പിലുള്ള കലശങ്ങൾപോലെ ആയിരിക്കും. 21യെരൂശലേമിലും യെഹൂദായിലും ഉള്ള കലമൊക്കെയും സൈന്യങ്ങളുടെ യഹോവയ്ക്കു വിശുദ്ധമായിരിക്കും; യാഗം കഴിക്കുന്നവരൊക്കെയും വന്നു വാങ്ങി അവയിൽ വേവിക്കും; അന്നുമുതൽ സൈന്യങ്ങളുടെ യഹോവയുടെ ആലയത്തിൽ ഒരു കനാന്യനും ഉണ്ടാകയില്ല.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
സെഖര്യാവ് 14: MALOVBSI
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
Malayalam OV Bible - സത്യവേദപുസ്തകം
© The Bible Society of India, 2016.
Used by permission. All rights reserved worldwide.