തീത്തൊസിന് 1

1
1നമ്മുടെ രക്ഷിതാവായ ദൈവത്തിന്റെ കല്പനപ്രകാരം എന്നെ ഭരമേല്പിച്ച പ്രസംഗത്താൽ തക്കസമയത്ത് തന്റെ വചനം വെളിപ്പെടുത്തിയ 2ഭോഷ്കില്ലാത്ത ദൈവം സകല കാലത്തിനും മുമ്പേ വാഗ്ദത്തം ചെയ്ത നിത്യജീവന്റെ പ്രത്യാശ ഹേതുവായി 3തന്റെ വൃതന്മാരുടെ വിശ്വാസത്തിനും ഭക്തിക്കനുസാരമായ സത്യത്തിന്റെ പരിജ്ഞാനത്തിനുമായി ദൈവത്തിന്റെ ദാസനും യേശുക്രിസ്തുവിന്റെ അപ്പൊസ്തലനുമായ പൗലൊസ് 4പൊതുവിശ്വാസത്തിൽ നിജപുത്രനായ തീത്തൊസിന് എഴുതുന്നത്: പിതാവായ ദൈവത്തിങ്കൽനിന്നും നമ്മുടെ രക്ഷിതാവായ ക്രിസ്തുയേശുവിങ്കൽനിന്നും, നിനക്ക് കൃപയും സമാധാനവും ഉണ്ടാകട്ടെ.
5ഞാൻ ക്രേത്തയിൽ നിന്നെ വിട്ടേച്ചുപോന്നത്: ശേഷിച്ച കാര്യങ്ങളെ ക്രമത്തിലാക്കേണ്ടതിനും ഞാൻ നിന്നോട് ആജ്ഞാപിച്ചതുപോലെ പട്ടണംതോറും മൂപ്പന്മാരെ ആക്കി വയ്ക്കേണ്ടതിനും തന്നെ. 6മൂപ്പൻ കുറ്റമില്ലാത്തവനും ഏകഭാര്യയുള്ളവനും ദുർന്നടപ്പിന്റെ ശ്രുതിയോ അനുസരണക്കേടോ ഇല്ലാത്ത വിശ്വാസികളായ മക്കളുള്ളവനും ആയിരിക്കേണം. 7അധ്യക്ഷൻ ദൈവത്തിന്റെ ഗൃഹവിചാരകനാകയാൽ അനിന്ദ്യനായിരിക്കേണം; തന്നിഷ്ടക്കാരനും കോപിയും മദ്യപ്രിയനും തല്ലുകാരനും ദുർലാഭമോഹിയും അരുത്. 8അതിഥിപ്രിയനും സൽഗുണപ്രിയനും സുബോധശീലനും നീതിമാനും നിർമ്മലനും ജിതേന്ദ്രിയനും 9പഥ്യോപദേശത്താൽ പ്രബോധിപ്പിപ്പാനും വിരോധികൾക്കു ബോധം വരുത്തുവാനും ശക്തനാകേണ്ടതിന് ഉപദേശപ്രകാരമുള്ള വിശ്വാസ്യവചനം മുറുകെപ്പിടിക്കുന്നവനും ആയിരിക്കേണം.
10വൃഥാവാചാലന്മാരും മനോവഞ്ചകന്മാരുമായി വഴങ്ങാത്തവരായ പലരും ഉണ്ടല്ലോ; വിശേഷാൽ പരിച്ഛേദനക്കാർതന്നെ. 11അവരുടെ വായ് അടയ്ക്കേണ്ടതാകുന്നു. അവർ ദുരാദായം വിചാരിച്ച് അരുതാത്തത് ഉപദേശിച്ചുകൊണ്ട് കുടുംബങ്ങളെ മുഴുവനും മറിച്ചുകളയുന്നു. 12ക്രേത്തർ സർവദാ അസത്യവാദികളും ദുഷ്ടജന്തുക്കളും മടിയന്മാരായ പെരുവയറന്മാരും അത്രേ എന്ന് അവരിൽ ഒരുവൻ, അവരുടെ ഒരു വിദ്വാൻതന്നെ, പറഞ്ഞിരിക്കുന്നു. 13ഈ സാക്ഷ്യം നേർതന്നെ; അതു നിമിത്തം അവർ വിശ്വാസത്തിൽ ആരോഗ്യമുള്ളവരായിത്തീരേണ്ടതിനും 14യെഹൂദകഥകളെയും സത്യം വിട്ടകലുന്ന മനുഷ്യരുടെ കല്പനകളെയും ശ്രദ്ധിക്കാതിരിക്കേണ്ടതിനും അവരെ കഠിനമായി ശാസിക്ക. 15ശുദ്ധിയുള്ളവർക്ക് എല്ലാം ശുദ്ധംതന്നെ; എന്നാൽ മലിനന്മാർക്കും അവിശ്വാസികൾക്കും ഒന്നും ശുദ്ധമല്ല; അവരുടെ ചിത്തവും മനസ്സാക്ഷിയും മലിനമായിത്തീർന്നിരിക്കുന്നു. 16അവർ ദൈവത്തെ അറിയുന്നു എന്നു പറയുന്നുവെങ്കിലും പ്രവൃത്തികളാൽ അവനെ നിഷേധിക്കുന്നു. അവർ അറയ്ക്കത്തക്കവരും അനുസരണം കെട്ടവരും യാതൊരു നല്ല കാര്യത്തിനും കൊള്ളരുതാത്തവരുമാകുന്നു.

നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:

തീത്തൊസിന് 1: MALOVBSI

ഹൈലൈറ്റ് ചെയ്യുക

പങ്ക് വെക്കു

പകർത്തുക

None

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക