ഉത്തമഗീതം 7
7
1മടങ്ങിവരിക, ശൂലേംകാരത്തീ, മടങ്ങിവരിക;
ഞങ്ങൾ നിന്നെ ഒന്നു കണ്ടുകൊള്ളട്ടെ; മടങ്ങിവരിക, മടങ്ങിവരിക;
നിങ്ങൾ മഹനയീമിലെ നൃത്തത്തെപ്പോലെ ശൂലേംകാരത്തിയെ കാൺമാൻ ആഗ്രഹിക്കുന്നത് എന്തിന്?
2പ്രഭുകുമാരീ, ചെരുപ്പിട്ടിരിക്കുന്ന
നിന്റെ കാൽ എത്ര മനോഹരം!
നിന്റെ ഉരുണ്ട നിതംബം തട്ടാന്റെ
പണിയായ ഭൂഷണംപോലെ ഇരിക്കുന്നു.
3നിന്റെ നാഭി, വട്ടത്തിലുള്ള പാനപാത്രം
പോലെയാകുന്നു;
അതിൽ, കലക്കിയ വീഞ്ഞ് ഇല്ലാതിരിക്കുന്നില്ല;
നിന്റെ ഉദരം താമരപ്പൂ ചുറ്റിയിരിക്കുന്ന കോതമ്പുകൂമ്പാരംപോലെ ആകുന്നു.
4നിന്റെ സ്തനം രണ്ടും ഇരട്ടപിറന്ന രണ്ടു മാൻകുട്ടികൾക്കു സമം.
5നിന്റെ കഴുത്തു ദന്തഗോപുരംപോലെയും
നിന്റെ കണ്ണ് ഹെശ്ബോനിൽ ബാത്ത് റബ്ബീം വാതിൽക്കലെ കുളങ്ങളെപ്പോലെയും
നിന്റെ മൂക്ക് ദമ്മേശെക്കിനു നേരേയുള്ള
ലെബാനോൻ ഗോപുരംപോലെയും ഇരിക്കുന്നു.
6നിന്റെ ശിരസ്സ് കർമ്മേൽപോലെയും
നിന്റെ തലമുടി രക്താംബരം പോലെയും ഇരിക്കുന്നു;
രാജാവ് നിന്റെ കുന്തളങ്ങളാൽ ബദ്ധനായിരിക്കുന്നു.
7പ്രിയേ, പ്രേമഭോഗങ്ങളിൽ നീ എത്ര സുന്ദരി, എത്ര മനോഹര!
8നിന്റെ ശരീരാകൃതി പനയോടും
നിന്റെ സ്തനങ്ങൾ മുന്തിരിക്കുലയോടും ഒക്കുന്നു!
9ഞാൻ പനമേൽ കയറും; അതിന്റെ മടൽ പിടിക്കും എന്നു ഞാൻ പറഞ്ഞു.
നിന്റെ സ്തനങ്ങൾ മുന്തിരിക്കുലപോലെയും
നിന്റെ മൂക്കിന്റെ വാസന നാരങ്ങയുടെ വാസനപോലെയും ആകട്ടെ.
നിന്റെ അണ്ണാക്കോ മേത്തരമായ വീഞ്ഞ്.
10അത് എന്റെ പ്രിയനു മൃദുപാനമായി
അധരത്തിലും പല്ലിലുംകൂടി കടക്കുന്നതും ആകുന്നു.
11ഞാൻ എന്റെ പ്രിയനുള്ളവൾ;
അവന്റെ ആഗ്രഹം എന്നോടാകുന്നു.
12പ്രിയാ, വരിക; നാം വെളിമ്പ്രദേശത്തു പോക;
നമുക്കു ഗ്രാമങ്ങളിൽ ചെന്നു രാപാർക്കാം.
13അതികാലത്ത് എഴുന്നേറ്റു മുന്തിരിത്തോട്ടങ്ങളിൽ പോയി
മുന്തിരിവള്ളി തളിർത്തു പൂ വിടരുകയും
മാതളനാരകം പൂക്കയും ചെയ്തുവോ എന്നു നോക്കാം;
അവിടെവച്ചു ഞാൻ നിനക്ക് എന്റെ പ്രേമം തരും.
14ദൂദായ്പഴം സുഗന്ധം വീശുന്നു;
നമ്മുടെ വാതിൽക്കൽ സകലവിധ വിശിഷ്ടഫലവും ഉണ്ട്;
എന്റെ പ്രിയാ, ഞാൻ നിനക്കായി പഴയതും പുതിയതും സംഗ്രഹിച്ചിരിക്കുന്നു.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
ഉത്തമഗീതം 7: MALOVBSI
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
Malayalam OV Bible - സത്യവേദപുസ്തകം
© The Bible Society of India, 2016.
Used by permission. All rights reserved worldwide.