ഈ ഭാഗ്യവർണനം പരിച്ഛേദനയ്ക്കോ? അഗ്രചർമത്തിനു കൂടെയോ? അബ്രാഹാമിനു വിശ്വാസം നീതിയായി കണക്കിട്ടു എന്നല്ലോ നാം പറയുന്നത്. എങ്ങനെ കണക്കിട്ടത്? പരിച്ഛേദനയിലോ? അഗ്രചർമത്തിലോ? പരിച്ഛേദനയിലല്ല, അഗ്രചർമത്തിലത്രേ. അഗ്രചർമത്തിൽവച്ച് ഉണ്ടായിരുന്ന വിശ്വാസനീതിക്കു മുദ്രയായി പരിച്ഛേദന എന്ന അടയാളം അവനു ലഭിച്ചത് അഗ്രചർമത്തോടെ വിശ്വസിക്കുന്നവർക്കുംകൂടെ നീതി കണക്കിടപ്പെടുവാൻ തക്കവണ്ണം താൻ അവർക്ക് എല്ലാവർക്കും പിതാവായിരിക്കേണ്ടതിനും പരിച്ഛേദന മാത്രമുള്ളവരല്ല നമ്മുടെ പിതാവായ അബ്രാഹാമിന് അഗ്രചർമത്തിൽവച്ച് ഉണ്ടായിരുന്ന വിശ്വാസത്തെ അനുഗമിക്കുന്നവരുമായ പരിച്ഛേദനക്കാർക്കു പിതാവായിരിക്കേണ്ടതിനുംതന്നെ. ലോകാവകാശി ആകും എന്നുള്ള വാഗ്ദത്തം അബ്രാഹാമിനോ അവന്റെ സന്തതിക്കോ ന്യായപ്രമാണത്താലല്ല വിശ്വാസത്തിന്റെ നീതിയാലല്ലോ ലഭിച്ചത്. എന്നാൽ ന്യായപ്രമാണമുള്ളവർ അവകാശികൾ എങ്കിൽ വിശ്വാസം വ്യർഥവും വാഗ്ദത്തം ദുർബലവും എന്നു വരും. ന്യായപ്രമാണമോ കോപത്തിനു ഹേതുവാകുന്നു; ന്യായപ്രമാണം ഇല്ലാത്തേടത്തു ലംഘനവുമില്ല. അതുകൊണ്ടു കൃപാദാനം എന്നു വരേണ്ടതിനു വിശ്വാസത്താലത്രേ അവകാശികൾ ആകുന്നത്; വാഗ്ദത്തം സകല സന്തതിക്കും, ന്യായപ്രമാണമുള്ളവർക്കു മാത്രമല്ല, അബ്രാഹാമിന്റെ വിശ്വാസമുള്ളവർക്കുംകൂടെ ഉറപ്പാകേണ്ടതിനുതന്നെ. മരിച്ചവരെ ജീവിപ്പിക്കയും ഇല്ലാത്തതിനെ ഉള്ളതിനെപ്പോലെ വിളിക്കയും ചെയ്യുന്നവനായി താൻ വിശ്വസിച്ച ദൈവത്തിന്റെ ദൃഷ്ടിയിൽ അവൻ നമുക്കെല്ലാവർക്കും പിതാവാകേണ്ടതിനുതന്നെ. “ഞാൻ നിന്നെ ബഹുജാതികൾക്കു പിതാവാക്കിവച്ചു” എന്ന് എഴുതിയിരിക്കുന്നുവല്ലോ. “നിന്റെ സന്തതി ഇവ്വണ്ണം ആകും” എന്ന് അരുളിച്ചെയ്തിരിക്കുന്നതുപോലെ താൻ ബഹുജാതികൾക്കു പിതാവാകും എന്ന് അവൻ ആശയ്ക്ക് വിരോധമായി ആശയോടെ വിശ്വസിച്ചു. അവൻ ഏകദേശം നൂറു വയസ്സുള്ളവനാകയാൽ തന്റെ ശരീരം നിർജീവമായിപ്പോയതും സാറായുടെ ഗർഭപാത്രത്തിന്റെ നിർജീവത്വവും ഗ്രഹിച്ചിട്ടും വിശ്വാസത്തിൽ ക്ഷീണിച്ചില്ല. ദൈവത്തിന്റെ വാഗ്ദത്തത്തിങ്കൽ അവിശ്വാസത്താൽ സംശയിക്കാതെ വിശ്വാസത്തിൽ ശക്തിപ്പെട്ടു ദൈവത്തിനു മഹത്ത്വം കൊടുത്തു, അവൻ വാഗ്ദത്തം ചെയ്തതു പ്രവർത്തിപ്പാനും ശക്തൻ എന്നു പൂർണമായി ഉറച്ചു. അതുകൊണ്ട് അത് അവനു നീതിയായി കണക്കിട്ടു. അവനു കണക്കിട്ടു എന്ന് എഴുതിയിരിക്കുന്നത് അവനെ വിചാരിച്ചു മാത്രം അല്ല, നമ്മെ വിചാരിച്ചുംകൂടെ ആകുന്നു. നമ്മുടെ അതിക്രമങ്ങൾ നിമിത്തം മരണത്തിന് ഏല്പിച്ചും നമ്മുടെ നീതീകരണത്തിനായി ഉയിർപ്പിച്ചുമിരിക്കുന്ന നമ്മുടെ കർത്താവായ യേശുവിനെ മരിച്ചവരിൽനിന്ന് ഉയിർപ്പിച്ചവനിൽ വിശ്വസിക്കുന്ന നമുക്കും കണക്കിടുവാനുള്ളതാകയാൽതന്നെ.
റോമർ 4 വായിക്കുക
കേൾക്കുക റോമർ 4
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: റോമർ 4:9-25
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ