റോമർ 3:1-18

റോമർ 3:1-18 MALOVBSI

എന്നാൽ യെഹൂദന് എന്തു വിശേഷത? അല്ല, പരിച്ഛേദനയാൽ എന്തു പ്രയോജനം? സകലവിധത്തിലും വളരെ ഉണ്ട്; ഒന്നാമത് ദൈവത്തിന്റെ അരുളപ്പാടുകൾ അവരുടെ പക്കൽ സമർപ്പിച്ചിരിക്കുന്നതുതന്നെ. ചിലർ വിശ്വസിച്ചില്ല എങ്കിൽ അവരുടെ അവിശ്വാസത്താൽ ദൈവത്തിന്റെ വിശ്വസ്തതയ്ക്കു നീക്കം വരുമോ? ഒരുനാളും ഇല്ല. “നിന്റെ വാക്കുകളിൽ നീ നീതീകരിക്കപ്പെടുവാനും, നിന്റെ ന്യായവിസ്താരത്തിൽ ജയിപ്പാനും” എന്നു എഴുതിയിരിക്കുന്നതുപോലെ ദൈവം സത്യവാൻ, സകല മനുഷ്യരും ഭോഷ്കു പറയുന്നവർ എന്നേ വരൂ. എന്നാൽ നമ്മുടെ അനീതി ദൈവത്തിന്റെ നീതിയെ പ്രസിദ്ധമാക്കുന്നു എങ്കിൽ നാം എന്തു പറയും? ശിക്ഷ നടത്തുന്ന ദൈവം നീതിയില്ലാത്തവൻ എന്നോ? -ഞാൻ മാനുഷരീതിയിൽ പറയുന്നു- ഒരുനാളുമല്ല; അല്ലെങ്കിൽ ദൈവം ലോകത്തെ എങ്ങനെ വിധിക്കും? ദൈവത്തിന്റെ സത്യം എന്റെ ഭോഷ്കിനാൽ അവന്റെ മഹത്ത്വത്തിനായി അധികം തെളിവായി എങ്കിൽ എന്നെ പാപി എന്നു വിധിക്കുന്നത് എന്ത്? നല്ലതു വരേണ്ടതിനു തീയതു ചെയ്ക എന്നു പറയരുതോ? ഞങ്ങൾ അങ്ങനെ പറയുന്നു എന്നു ചിലർ ഞങ്ങളെ ദുഷിച്ചുപറയുന്നുവല്ലോ. ഇവർക്കു വരുന്ന ശിക്ഷാവിധി നീതിയുള്ളതുതന്നെ. ആകയാൽ എന്ത്? നമുക്കു വിശേഷതയുണ്ടോ? അശേഷമില്ല; യെഹൂദന്മാരും യവനന്മാരും ഒരുപോലെ പാപത്തിൻകീഴാകുന്നു എന്നു നാം മുമ്പേ തെളിയിച്ചുവല്ലോ; “നീതിമാൻ ആരുമില്ല. ഒരുത്തൻ പോലുമില്ല. ഗ്രഹിക്കുന്നവൻ ഇല്ല, ദൈവത്തെ അന്വേഷിക്കുന്നവനും ഇല്ല. എല്ലാവരും വഴിതെറ്റി ഒരുപോലെ കൊള്ളരുതാത്തവരായിത്തീർന്നു; നന്മ ചെയ്യുന്നവനില്ല, ഒരുത്തൻപോലും ഇല്ല. അവരുടെ തൊണ്ട തുറന്ന ശവക്കുഴി; നാവുകൊണ്ട് അവർ ചതിക്കുന്നു; സർപ്പവിഷം അവരുടെ അധരങ്ങൾക്കു കീഴെ ഉണ്ട്. അവരുടെ വായിൽ ശാപവും കയ്പും നിറഞ്ഞിരിക്കുന്നു. അവരുടെ കാൽ രക്തം ചൊരിയുവാൻ ബദ്ധപ്പെടുന്നു. നാശവും അരിഷ്ടതയും അവരുടെ വഴികളിൽ ഉണ്ട്. സമാധാനമാർഗം അവർ അറിഞ്ഞിട്ടില്ല. അവരുടെ ദൃഷ്ടിയിൽ ദൈവഭയം ഇല്ല” എന്നിങ്ങനെ എഴുതിയിരിക്കുന്നുവല്ലോ.

റോമർ 3:1-18 - നുള്ള വീഡിയോ