റോമർ 1:18-32

റോമർ 1:18-32 MALOVBSI

അനീതികൊണ്ടു സത്യത്തെ തടുക്കുന്ന മനുഷ്യരുടെ സകല അഭക്തിക്കും അനീതിക്കും നേരേ ദൈവത്തിന്റെ കോപം സ്വർഗത്തിൽനിന്നു വെളിപ്പെടുന്നു. ദൈവത്തെക്കുറിച്ച് അറിയാകുന്നത് അവർക്കു വെളിവായിരിക്കുന്നു; ദൈവം അവർക്കു വെളിവാക്കിയല്ലോ. അവന്റെ നിത്യശക്തിയും ദിവ്യത്വവുമായി അവന്റെ അദൃശ്യലക്ഷണങ്ങൾ ലോകസൃഷ്ടിമുതൽ അവന്റെ പ്രവൃത്തികളാൽ ബുദ്ധിക്കു തെളിവായി വെളിപ്പെട്ടുവരുന്നു; അവർക്കു പ്രതിവാദമില്ലാതിരിക്കേണ്ടതിനുതന്നെ. അവർ ദൈവത്തെ അറിഞ്ഞിട്ടും അവനെ ദൈവമെന്ന് ഓർത്തു മഹത്ത്വീകരിക്കയോ നന്ദി കാണിക്കയോ ചെയ്യാതെ തങ്ങളുടെ നിരൂപണങ്ങളിൽ വ്യർഥരായിത്തീർന്നു, അവരുടെ വിവേകമില്ലാത്ത ഹൃദയം ഇരുണ്ടുപോയി. ജ്ഞാനികൾ എന്നു പറഞ്ഞുകൊണ്ട് അവർ മൂഢരായിപ്പോയി; അക്ഷയനായ ദൈവത്തിന്റെ തേജസ്സിനെ അവർ ക്ഷയമുള്ള മനുഷ്യൻ, പക്ഷി, നാല്ക്കാലി, ഇഴജാതി എന്നിവയുടെ രൂപസാദൃശ്യമായി മാറ്റിക്കളഞ്ഞു. അതുകൊണ്ടു ദൈവം അവരെ തങ്ങളുടെ ഹൃദയങ്ങളിലെ മോഹങ്ങളിൽ സ്വന്തശരീരങ്ങളെ തമ്മിൽ തമ്മിൽ അവമാനിക്കേണ്ടതിന് അശുദ്ധിയിൽ ഏല്പിച്ചു. ദൈവത്തിന്റെ സത്യം അവർ വ്യാജമാക്കി മാറ്റിക്കളഞ്ഞു, സൃഷ്ടിച്ചവനെക്കാൾ സൃഷ്ടിയെ ഭജിച്ച് ആരാധിച്ചു; അവൻ എന്നേക്കും വാഴ്ത്തപ്പെട്ടവൻ, ആമേൻ. അതുകൊണ്ട് ദൈവം അവരെ അവമാനരാഗങ്ങളിൽ ഏല്പിച്ചു; അവരുടെ സ്ത്രീകൾ സ്വാഭാവികഭോഗത്തെ സ്വഭാവവിരുദ്ധമാക്കിക്കളഞ്ഞു. അവ്വണ്ണം പുരുഷന്മാരും സ്വാഭാവികസ്ത്രീഭോഗം വിട്ട് അന്യോന്യം കാമം ജ്വലിച്ച് ആണോട് ആൺ അവലക്ഷണമായതു പ്രവർത്തിച്ചു. ഇങ്ങനെ അവർ തങ്ങളുടെ വിഭ്രമത്തിനു യോഗ്യമായ പ്രതിഫലം തങ്ങളിൽത്തന്നെ പ്രാപിച്ചു. ദൈവത്തെ പരിജ്ഞാനത്തിൽ ധരിപ്പാൻ ഇഷ്ടമില്ലാത്തതിനു തക്കവണ്ണം ദൈവം അവരെ ഉചിതമല്ലാത്തതു ചെയ്‍വാൻ നികൃഷ്ടബുദ്ധിയിൽ ഏല്പിച്ചു. അവർ സകല അനീതിയും ദുഷ്ടതയും അത്യാഗ്രഹവും ദുർബുദ്ധിയും നിറഞ്ഞവർ; അസൂയ, കൊല, പിണക്കം, കപടം, ദുശ്ശീലം എന്നിവ തിങ്ങിയവർ, കുരളക്കാർ, ഏഷണിക്കാർ, ദൈവദ്വേഷികൾ, നിഷ്ഠുരന്മാർ, ഗർവിഷ്ഠന്മാർ, ആത്മപ്രശംസക്കാർ, പുതുദോഷം സങ്കല്പിക്കുന്നവർ, മാതാപിതാക്കന്മാരെ അനുസരിക്കാത്തവർ, ബുദ്ധിഹീനർ, നിയമലംഘികൾ, വാത്സല്യമില്ലാത്തവർ, കനിവറ്റവർ. ഈ വക പ്രവർത്തിക്കുന്നവർ മരണയോഗ്യർ എന്നുള്ള ദൈവന്യായം അവർ അറിഞ്ഞിട്ടും അവയെ പ്രവർത്തിക്ക മാത്രമല്ല പ്രവർത്തിക്കുന്നവരിൽ പ്രസാദിക്കയുംകൂടെ ചെയ്യുന്നു.

റോമർ 1:18-32 - നുള്ള വീഡിയോ