സങ്കീർത്തനങ്ങൾ 78:21-33

സങ്കീർത്തനങ്ങൾ 78:21-33 MALOVBSI

ആകയാൽ യഹോവ അതു കേട്ടു കോപിച്ചു; യാക്കോബിന്റെ നേരേ തീ ജ്വലിച്ചു; യിസ്രായേലിന്റെ നേരേ കോപവും പൊങ്ങി. അവർ ദൈവത്തിൽ വിശ്വസിക്കയും അവന്റെ രക്ഷയിൽ ആശ്രയിക്കയും ചെയ്യായ്കയാൽ തന്നെ. അവൻ മീതെ മേഘങ്ങളോടു കല്പിച്ചു; ആകാശത്തിന്റെ വാതിലുകളെ തുറന്നു. അവർക്ക് തിന്മാൻ മന്ന വർഷിപ്പിച്ചു; സ്വർഗീയധാന്യം അവർക്കു കൊടുത്തു. മനുഷ്യർ ശക്തിമാന്മാരുടെ അപ്പം തിന്നു; അവൻ അവർക്ക് തൃപ്തിയാകുംവണ്ണം ആഹാരം അയച്ചു. അവൻ ആകാശത്തിൽ കിഴക്കൻകാറ്റ് അടിപ്പിച്ചു; തന്റെ ശക്തിയാൽ കിഴക്കൻകാറ്റ് വരുത്തി. അവൻ അവർക്ക് പൊടിപോലെ മാംസത്തെയും കടല്പുറത്തെ മണൽപോലെ പക്ഷികളെയും വർഷിപ്പിച്ചു; അവരുടെ പാളയത്തിന്റെ നടുവിലും പാർപ്പിടങ്ങളുടെ ചുറ്റിലും അവയെ പൊഴിച്ചു. അങ്ങനെ അവർ തിന്ന് തൃപ്തരായിത്തീർന്നു; അവർ ആഗ്രഹിച്ചത് അവൻ അവർക്കു കൊടുത്തു. അവരുടെ കൊതിക്ക് മതിവന്നില്ല; ഭക്ഷണം അവരുടെ വായിൽ ഇരിക്കുമ്പോൾ തന്നെ, ദൈവത്തിന്റെ കോപം അവരുടെമേൽ വന്നു; അവരുടെ അതിപുഷ്ടന്മാരിൽ ചിലരെ കൊന്നു യിസ്രായേലിലെ യൗവനക്കാരെ സംഹരിച്ചു. ഇതെല്ലാമായിട്ടും അവർ പിന്നെയും പാപം ചെയ്തു; അവന്റെ അദ്ഭുതപ്രവൃത്തികളെ വിശ്വസിച്ചതുമില്ല. അതുകൊണ്ട് അവൻ അവരുടെ നാളുകളെ ശ്വാസംപോലെയും അവരുടെ സംവത്സരങ്ങളെ അതിവേഗത്തിലും കഴിയുമാറാക്കി.