സങ്കീർത്തനങ്ങൾ 72
72
ശലോമോന്റെ ഒരു സങ്കീർത്തനം.
1ദൈവമേ, രാജാവിനു നിന്റെ ന്യായവും
രാജകുമാരനു നിന്റെ നീതിയും നല്കേണമേ.
2അവൻ നിന്റെ ജനത്തെ നീതിയോടും
നിന്റെ എളിയവരെ ന്യായത്തോടുംകൂടെ പരിപാലിക്കട്ടെ.
3നീതിയാൽ പർവതങ്ങളിലും കുന്നുകളിലും
ജനത്തിനു സമാധാനം വിളയട്ടെ.
4ജനത്തിൽ എളിയവർക്ക് അവൻ ന്യായം പാലിച്ചുകൊടുക്കട്ടെ;
ദരിദ്രജനത്തെ അവൻ രക്ഷിക്കയും
പീഡിപ്പിക്കുന്നവനെ തകർത്തുകളകയും ചെയ്യട്ടെ;
5സൂര്യചന്ദ്രന്മാരുള്ള കാലത്തോളവും അവർ തലമുറതലമുറയായി നിന്നെ ഭയപ്പെടട്ടെ.
6അരിഞ്ഞ പുല്പുറത്തു പെയ്യുന്ന മഴപോലെയും
ഭൂമിയെ നനയ്ക്കുന്ന വന്മഴപോലെയും അവൻ ഇറങ്ങി വരട്ടെ.
7അവന്റെ കാലത്തു നീതിമാന്മാർ തഴയ്ക്കട്ടെ;
ചന്ദ്രനുള്ളേടത്തോളം സമാധാനസമൃദ്ധി ഉണ്ടാകട്ടെ.
8അവൻ സമുദ്രംമുതൽ സമുദ്രംവരെയും
നദിമുതൽ ഭൂമിയുടെ അറ്റങ്ങൾവരെയും ഭരിക്കട്ടെ.
9മരുഭൂമിയിൽ വസിക്കുന്നവർ അവന്റെ മുമ്പിൽ വണങ്ങട്ടെ;
അവന്റെ ശത്രുക്കൾ പൊടിമണ്ണു നക്കട്ടെ.
10തർശ്ശീശിലെയും ദ്വീപുകളിലെയും രാജാക്കന്മാർ കാഴ്ച കൊണ്ടുവരട്ടെ;
ശെബയിലെയും സെബയിലെയും രാജാക്കന്മാർ കപ്പം കൊടുക്കട്ടെ.
11സകല രാജാക്കന്മാരും അവനെ നമസ്കരിക്കട്ടെ;
സകല ജാതികളും അവനെ സേവിക്കട്ടെ.
12അവൻ നിലവിളിക്കുന്ന ദരിദ്രനെയും
സഹായമില്ലാത്ത എളിയവനെയും വിടുവിക്കുമല്ലോ.
13എളിയവനെയും ദരിദ്രനെയും അവൻ ആദരിക്കും;
ദരിദ്രന്മാരുടെ ജീവനെ അവൻ രക്ഷിക്കും.
14അവരുടെ പ്രാണനെ അവൻ പീഡയിൽനിന്നും സാഹസത്തിൽനിന്നും വീണ്ടെടുക്കും;
അവരുടെ രക്തം അവനു വിലയേറിയതായിരിക്കും.
15അവൻ ജീവിച്ചിരിക്കും; ശെബപൊന്ന് അവനു കാഴ്ചവരും;
അവനുവേണ്ടി എപ്പോഴും പ്രാർഥന കഴിക്കും;
ഇടവിടാതെ അവനെ അനുഗ്രഹിക്കും.
16ദേശത്തു പർവതങ്ങളുടെ മുകളിൽ
ധാന്യസമൃദ്ധിയുണ്ടാകും;
അതിന്റെ വിളവു ലെബാനോനെപ്പോലെ ഉലയും;
നഗരവാസികൾ ഭൂമിയിലെ സസ്യംപോലെ തഴയ്ക്കും.
17അവന്റെ നാമം എന്നേക്കും ഇരിക്കും;
അവന്റെ നാമം സൂര്യൻ ഉള്ളേടത്തോളം നിലനില്ക്കും;
മനുഷ്യർ അവന്റെ പേർ ചൊല്ലി അന്യോന്യം അനുഗ്രഹിക്കും;
സകല ജാതികളും അവനെ ഭാഗ്യവാൻ എന്നു പറയും.
18താൻ മാത്രം അദ്ഭുതങ്ങളെ ചെയ്യുന്നവനായി
യിസ്രായേലിന്റെ ദൈവമായി യഹോവയായ ദൈവം വാഴ്ത്തപ്പെടുമാറാകട്ടെ.
19അവന്റെ മഹത്ത്വമുള്ള നാമം എന്നേക്കും വാഴ്ത്തപ്പെടുമാറാകട്ടെ.
ഭൂമി മുഴുവനും അവന്റെ മഹത്ത്വംകൊണ്ടു നിറയുമാറാകട്ടെ. ആമേൻ, ആമേൻ.
20യിശ്ശായിപുത്രനായ ദാവീദിന്റെ പ്രാർഥനകൾ, അവസാനിച്ചിരിക്കുന്നു.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
സങ്കീർത്തനങ്ങൾ 72: MALOVBSI
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
Malayalam OV Bible - സത്യവേദപുസ്തകം
© The Bible Society of India, 2016.
Used by permission. All rights reserved worldwide.