സങ്കീർത്തനങ്ങൾ 63
63
ദാവീദിന്റെ ഒരു സങ്കീർത്തനം; അവൻ യെഹൂദാമരുഭൂമിയിൽ ഇരിക്കുംകാലത്തു ചമച്ചത്.
1ദൈവമേ, നീ എന്റെ ദൈവം; അതികാലത്തേ ഞാൻ നിന്നെ അന്വേഷിക്കും;
വെള്ളമില്ലാതെ ഉണങ്ങി വരണ്ട ദേശത്ത്
എന്റെ ഉള്ളം നിനക്കായി ദാഹിക്കുന്നു;
എന്റെ ദേഹം നിനക്കായി കാംക്ഷിക്കുന്നു.
2അങ്ങനെ നിന്റെ ബലവും മഹത്ത്വവും കാണേണ്ടതിനു
ഞാൻ വിശുദ്ധമന്ദിരത്തിൽ നിന്നെ നോക്കിയിരിക്കുന്നു.
3നിന്റെ ദയ ജീവനെക്കാൾ നല്ലതാകുന്നു;
എന്റെ അധരങ്ങൾ നിന്നെ സ്തുതിക്കും.
4എന്റെ ജീവകാലമൊക്കെയും ഞാൻ
അങ്ങനെ നിന്നെ വാഴ്ത്തും;
നിന്റെ നാമത്തിൽ ഞാൻ എന്റെ കൈകളെ മലർത്തും.
5എന്റെ കിടക്കയിൽ നിന്നെ ഓർക്കയും
ഞാൻ രാത്രിയാമങ്ങളിൽ നിന്നെ ധ്യാനിക്കയും ചെയ്യുമ്പോൾ
6എന്റെ പ്രാണനു മജ്ജയും മേദസ്സുംകൊണ്ട്
എന്നപോലെ തൃപ്തി വരുന്നു;
എന്റെ വായ് സന്തോഷമുള്ള അധരങ്ങളാൽ നിന്നെ സ്തുതിക്കുന്നു.
7നീ എനിക്കു സഹായമായിത്തീർന്നുവല്ലോ;
നിന്റെ ചിറകിൻനിഴലിൽ ഞാൻ ഘോഷിച്ചാനന്ദിക്കുന്നു.
8എന്റെ ഉള്ളം നിന്നോടു പറ്റിയിരിക്കുന്നു;
നിന്റെ വലംകൈ എന്നെ താങ്ങുന്നു.
9എന്നാൽ അവർ സ്വന്തനാശത്തിനായി എനിക്കു പ്രാണഹാനി വരുത്തുവാൻ നോക്കുന്നു;
അവർ ഭൂമിയുടെ അധോഭാഗങ്ങളിലേക്ക് ഇറങ്ങിപ്പോകും.
10അവരെ വാളിന്റെ ശക്തിക്ക് ഏല്പിക്കും;
കുറുനരികൾക്ക് അവർ ഇരയായിത്തീരും.
11എന്നാൽ രാജാവ് ദൈവത്തിൽ സന്തോഷിക്കും
അവന്റെ നാമത്തിൽ സത്യം ചെയ്യുന്നവനെല്ലാം പുകഴും;
എങ്കിലും ഭോഷ്കു പറയുന്നവരുടെ വായ് അടഞ്ഞുപോകും.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
സങ്കീർത്തനങ്ങൾ 63: MALOVBSI
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
Malayalam OV Bible - സത്യവേദപുസ്തകം
© The Bible Society of India, 2016.
Used by permission. All rights reserved worldwide.