സങ്കീർത്തനങ്ങൾ 63:1-11

സങ്കീർത്തനങ്ങൾ 63:1-11 MALOVBSI

ദൈവമേ, നീ എന്റെ ദൈവം; അതികാലത്തേ ഞാൻ നിന്നെ അന്വേഷിക്കും; വെള്ളമില്ലാതെ ഉണങ്ങി വരണ്ട ദേശത്ത് എന്റെ ഉള്ളം നിനക്കായി ദാഹിക്കുന്നു; എന്റെ ദേഹം നിനക്കായി കാംക്ഷിക്കുന്നു. അങ്ങനെ നിന്റെ ബലവും മഹത്ത്വവും കാണേണ്ടതിനു ഞാൻ വിശുദ്ധമന്ദിരത്തിൽ നിന്നെ നോക്കിയിരിക്കുന്നു. നിന്റെ ദയ ജീവനെക്കാൾ നല്ലതാകുന്നു; എന്റെ അധരങ്ങൾ നിന്നെ സ്തുതിക്കും. എന്റെ ജീവകാലമൊക്കെയും ഞാൻ അങ്ങനെ നിന്നെ വാഴ്ത്തും; നിന്റെ നാമത്തിൽ ഞാൻ എന്റെ കൈകളെ മലർത്തും. എന്റെ കിടക്കയിൽ നിന്നെ ഓർക്കയും ഞാൻ രാത്രിയാമങ്ങളിൽ നിന്നെ ധ്യാനിക്കയും ചെയ്യുമ്പോൾ എന്റെ പ്രാണനു മജ്ജയും മേദസ്സുംകൊണ്ട് എന്നപോലെ തൃപ്തി വരുന്നു; എന്റെ വായ് സന്തോഷമുള്ള അധരങ്ങളാൽ നിന്നെ സ്തുതിക്കുന്നു. നീ എനിക്കു സഹായമായിത്തീർന്നുവല്ലോ; നിന്റെ ചിറകിൻനിഴലിൽ ഞാൻ ഘോഷിച്ചാനന്ദിക്കുന്നു. എന്റെ ഉള്ളം നിന്നോടു പറ്റിയിരിക്കുന്നു; നിന്റെ വലംകൈ എന്നെ താങ്ങുന്നു. എന്നാൽ അവർ സ്വന്തനാശത്തിനായി എനിക്കു പ്രാണഹാനി വരുത്തുവാൻ നോക്കുന്നു; അവർ ഭൂമിയുടെ അധോഭാഗങ്ങളിലേക്ക് ഇറങ്ങിപ്പോകും. അവരെ വാളിന്റെ ശക്തിക്ക് ഏല്പിക്കും; കുറുനരികൾക്ക് അവർ ഇരയായിത്തീരും. എന്നാൽ രാജാവ് ദൈവത്തിൽ സന്തോഷിക്കും അവന്റെ നാമത്തിൽ സത്യം ചെയ്യുന്നവനെല്ലാം പുകഴും; എങ്കിലും ഭോഷ്കു പറയുന്നവരുടെ വായ് അടഞ്ഞുപോകും.