എന്റെ ദൈവമേ, എന്റെ ശത്രുക്കളുടെ കൈയിൽനിന്ന് എന്നെ വിടുവിക്കേണമേ; എന്നോട് എതിർക്കുന്നവരുടെ വശത്തുനിന്ന് എന്നെ ഉദ്ധരിക്കേണമേ. നീതികേടു പ്രവർത്തിക്കുന്നവരുടെ കൈയിൽനിന്ന് എന്നെ വിടുവിച്ചു രക്തപാതകന്മാരുടെ പക്കൽനിന്ന് എന്നെ രക്ഷിക്കേണമേ. ഇതാ, അവർ എന്റെ പ്രാണനായി പതിയിരിക്കുന്നു; യഹോവേ, ബലവാന്മാർ എന്റെ നേരേ കൂട്ടം കൂടുന്നത് എന്റെ അതിക്രമം ഹേതുവായിട്ടല്ല; എന്റെ പാപം ഹേതുവായിട്ടുമല്ല. എന്റെ പക്കൽ അകൃത്യം ഇല്ലാതെ അവർ ഓടി ഒരുങ്ങുന്നു; എന്നെ സഹായിപ്പാൻ ഉണർന്നു കടാക്ഷിക്കേണമേ. സൈന്യങ്ങളുടെ ദൈവമായ യഹോവേ, യിസ്രായേലിന്റെ ദൈവമേ, സകല ജാതികളെയും സന്ദർശിക്കേണ്ടതിനു നീ ഉണരേണമേ; നീതികെട്ട ദ്രോഹികളിൽ ആരോടും കൃപ ഉണ്ടാകരുതേ. സേലാ. സന്ധ്യാസമയത്ത് അവർ മടങ്ങിവരുന്നു; നായെപ്പോലെ കുരച്ചുംകൊണ്ട് അവർ പട്ടണത്തിനു ചുറ്റും നടക്കുന്നു. അവർ തങ്ങളുടെ വായ്കൊണ്ട് ശകാരിക്കുന്നു; വാളുകൾ അവരുടെ അധരങ്ങളിൽ ഉണ്ട്; ആർ കേൾക്കും എന്ന് അവർ പറയുന്നു. എങ്കിലും യഹോവേ, നീ അവരെ ചൊല്ലി ചിരിക്കും; നീ സകല ജാതികളെയും പരിഹസിക്കും. എന്റെ ബലമായുള്ളോവേ, ഞാൻ നിന്നെ കാത്തിരിക്കും; ദൈവം എന്റെ ഗോപുരമാകുന്നു. എന്റെ ദൈവം തന്റെ ദയയാൽ എന്നെ എതിരേല്ക്കും; ദൈവം എന്നെ എന്റെ ശത്രുക്കളെ കണ്ടു രസിക്കുമാറാക്കും. അവരെ കൊന്നുകളയരുതേ; എന്റെ ജനം മറക്കാതിരിക്കേണ്ടതിനു തന്നെ; ഞങ്ങളുടെ പരിചയാകുന്ന കർത്താവേ, നിന്റെ ശക്തികൊണ്ട് അവരെ ഉഴലുമാറാക്കി താഴ്ത്തേണമേ. അവരുടെ വായിലെ പാപവും അധരങ്ങളിലെ വാക്കുകളും നിമിത്തവും അവർ പറയുന്ന ശാപവും ഭോഷ്കും നിമിത്തവും അവർ തങ്ങളുടെ അഹങ്കാരത്തിൽ പിടിപെട്ടു പോകട്ടെ. കോപത്തോടെ അവരെ സംഹരിക്കേണമേ; അവർ ഇല്ലാതെയാകുംവണ്ണം അവരെ സംഹരിച്ചുകളയേണമേ; ദൈവം യാക്കോബിൽ വാഴുന്നു എന്ന് ഭൂമിയുടെ അറ്റംവരെ അറിയുമാറാകട്ടെ. സേലാ. സന്ധ്യാസമയത്ത് അവർ മടങ്ങിവരുന്നു; നായെപ്പോലെ കുരച്ചുംകൊണ്ട് അവർ നഗരത്തിനു ചുറ്റും നടക്കുന്നു. അവർ ആഹാരത്തിനായി ഉഴന്നുനടക്കുന്നു, തൃപ്തിയായില്ലെങ്കിൽ അവർ രാത്രി മുഴുവനും താമസിക്കുന്നു. ഞാനോ നിന്റെ ബലത്തെക്കുറിച്ചു പാടും; അതികാലത്തു ഞാൻ നിന്റെ ദയയെക്കുറിച്ച് ഘോഷിച്ചാനന്ദിക്കും. കഷ്ടകാലത്തു നീ എന്റെ ഗോപുരവും അഭയസ്ഥാനവും ആയിരുന്നു. എന്റെ ബലമായുള്ളോവേ, ഞാൻ നിനക്കു സ്തുതി പാടും; ദൈവം എന്റെ ഗോപുരവും എന്നോടു ദയയുള്ള ദൈവവും അല്ലോ.
സങ്കീർത്തനങ്ങൾ 59 വായിക്കുക
കേൾക്കുക സങ്കീർത്തനങ്ങൾ 59
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: സങ്കീർത്തനങ്ങൾ 59:1-17
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ഭവനം
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ