സങ്കീർത്തനങ്ങൾ 59:1-17
സങ്കീർത്തനങ്ങൾ 59:1-17 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
എന്റെ ദൈവമേ, എന്റെ ശത്രുക്കളുടെ കൈയിൽനിന്ന് എന്നെ വിടുവിക്കേണമേ; എന്നോട് എതിർക്കുന്നവരുടെ വശത്തുനിന്ന് എന്നെ ഉദ്ധരിക്കേണമേ. നീതികേടു പ്രവർത്തിക്കുന്നവരുടെ കൈയിൽനിന്ന് എന്നെ വിടുവിച്ചു രക്തപാതകന്മാരുടെ പക്കൽനിന്ന് എന്നെ രക്ഷിക്കേണമേ. ഇതാ, അവർ എന്റെ പ്രാണനായി പതിയിരിക്കുന്നു; യഹോവേ, ബലവാന്മാർ എന്റെ നേരേ കൂട്ടം കൂടുന്നത് എന്റെ അതിക്രമം ഹേതുവായിട്ടല്ല; എന്റെ പാപം ഹേതുവായിട്ടുമല്ല. എന്റെ പക്കൽ അകൃത്യം ഇല്ലാതെ അവർ ഓടി ഒരുങ്ങുന്നു; എന്നെ സഹായിപ്പാൻ ഉണർന്നു കടാക്ഷിക്കേണമേ. സൈന്യങ്ങളുടെ ദൈവമായ യഹോവേ, യിസ്രായേലിന്റെ ദൈവമേ, സകല ജാതികളെയും സന്ദർശിക്കേണ്ടതിനു നീ ഉണരേണമേ; നീതികെട്ട ദ്രോഹികളിൽ ആരോടും കൃപ ഉണ്ടാകരുതേ. സേലാ. സന്ധ്യാസമയത്ത് അവർ മടങ്ങിവരുന്നു; നായെപ്പോലെ കുരച്ചുംകൊണ്ട് അവർ പട്ടണത്തിനു ചുറ്റും നടക്കുന്നു. അവർ തങ്ങളുടെ വായ്കൊണ്ട് ശകാരിക്കുന്നു; വാളുകൾ അവരുടെ അധരങ്ങളിൽ ഉണ്ട്; ആർ കേൾക്കും എന്ന് അവർ പറയുന്നു. എങ്കിലും യഹോവേ, നീ അവരെ ചൊല്ലി ചിരിക്കും; നീ സകല ജാതികളെയും പരിഹസിക്കും. എന്റെ ബലമായുള്ളോവേ, ഞാൻ നിന്നെ കാത്തിരിക്കും; ദൈവം എന്റെ ഗോപുരമാകുന്നു. എന്റെ ദൈവം തന്റെ ദയയാൽ എന്നെ എതിരേല്ക്കും; ദൈവം എന്നെ എന്റെ ശത്രുക്കളെ കണ്ടു രസിക്കുമാറാക്കും. അവരെ കൊന്നുകളയരുതേ; എന്റെ ജനം മറക്കാതിരിക്കേണ്ടതിനു തന്നെ; ഞങ്ങളുടെ പരിചയാകുന്ന കർത്താവേ, നിന്റെ ശക്തികൊണ്ട് അവരെ ഉഴലുമാറാക്കി താഴ്ത്തേണമേ. അവരുടെ വായിലെ പാപവും അധരങ്ങളിലെ വാക്കുകളും നിമിത്തവും അവർ പറയുന്ന ശാപവും ഭോഷ്കും നിമിത്തവും അവർ തങ്ങളുടെ അഹങ്കാരത്തിൽ പിടിപെട്ടു പോകട്ടെ. കോപത്തോടെ അവരെ സംഹരിക്കേണമേ; അവർ ഇല്ലാതെയാകുംവണ്ണം അവരെ സംഹരിച്ചുകളയേണമേ; ദൈവം യാക്കോബിൽ വാഴുന്നു എന്ന് ഭൂമിയുടെ അറ്റംവരെ അറിയുമാറാകട്ടെ. സേലാ. സന്ധ്യാസമയത്ത് അവർ മടങ്ങിവരുന്നു; നായെപ്പോലെ കുരച്ചുംകൊണ്ട് അവർ നഗരത്തിനു ചുറ്റും നടക്കുന്നു. അവർ ആഹാരത്തിനായി ഉഴന്നുനടക്കുന്നു, തൃപ്തിയായില്ലെങ്കിൽ അവർ രാത്രി മുഴുവനും താമസിക്കുന്നു. ഞാനോ നിന്റെ ബലത്തെക്കുറിച്ചു പാടും; അതികാലത്തു ഞാൻ നിന്റെ ദയയെക്കുറിച്ച് ഘോഷിച്ചാനന്ദിക്കും. കഷ്ടകാലത്തു നീ എന്റെ ഗോപുരവും അഭയസ്ഥാനവും ആയിരുന്നു. എന്റെ ബലമായുള്ളോവേ, ഞാൻ നിനക്കു സ്തുതി പാടും; ദൈവം എന്റെ ഗോപുരവും എന്നോടു ദയയുള്ള ദൈവവും അല്ലോ.
സങ്കീർത്തനങ്ങൾ 59:1-17 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
എന്റെ ദൈവമേ, ശത്രുക്കളിൽനിന്ന് എന്നെ രക്ഷിക്കണമേ, എന്നെ ആക്രമിക്കുന്നവരിൽനിന്ന് എന്നെ സംരക്ഷിക്കണമേ. ദുഷ്കർമികളിൽനിന്ന് എന്നെ വിടുവിക്കണമേ. കൊലപാതകികളിൽനിന്ന് എന്നെ കാത്തുകൊള്ളണമേ. ഇതാ, എന്നെ കൊല്ലുവാനായി അവർ പതിയിരിക്കുന്നു, കരുത്തരായ ശത്രുക്കൾ എനിക്കെതിരെ ഒരുമിച്ചു കൂടിയിരിക്കുന്നു, സർവേശ്വരാ, എന്റെ അകൃത്യമോ പാപമോ കൊണ്ടല്ല, എന്റെ തെറ്റുകൾ കൊണ്ടുമല്ല, അവർ പാഞ്ഞുവന്ന് എനിക്കെതിരെ നിലയുറപ്പിക്കുന്നത്, ദൈവമേ, എഴുന്നേല്‌ക്കണമേ, എന്നെ സഹായിക്കാൻ വരണമേ, എന്നെ തൃക്കൺപാർക്കണമേ. സൈന്യങ്ങളുടെ ദൈവമായ സർവേശ്വരാ, അവിടുന്ന് ഇസ്രായേലിന്റെ ദൈവം അല്ലേ? അന്യജനതകളെ ശിക്ഷിക്കാൻ എഴുന്നേല്‌ക്കണമേ. ദുഷ്ടരായ ആ വഞ്ചകരോട് ഒട്ടും ദയ കാട്ടരുതേ. സന്ധ്യാസമയത്ത് അവർ മടങ്ങിവരുന്നു; നായെപ്പോലെ കുരച്ചുകൊണ്ട് അവർ നഗരത്തിൽ ചുറ്റിനടക്കുന്നു. അവർ അസഭ്യം ചൊരിയുന്നു; വാളുകൾ പോലെയാണ് അവരുടെ വാക്കുകൾ. തങ്ങൾ ചെയ്യുന്നത് ആരും അറിയുകയില്ലെന്ന് അവർ കരുതുന്നു. സർവേശ്വരാ, അവിടുന്ന് അവരെ നോക്കി ചിരിക്കുന്നു. അവിടുന്ന് അന്യജനതകളെയെല്ലാം പരിഹസിക്കുന്നു. എന്റെ ബലമായ ദൈവമേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു. അവിടുന്നാണെന്റെ അഭയസങ്കേതം. എന്റെ ദൈവം സ്നേഹത്തോടെ എന്നെ സന്ദർശിക്കും, എന്റെ ശത്രുക്കളുടെ പരാജയം കാണാൻ അവിടുന്ന് എനിക്ക് ഇടയാക്കും. അവരെ കൊന്നുകളയരുതേ, അല്ലെങ്കിൽ എന്റെ ജനം അങ്ങയെ മറന്നുകളയും. ഞങ്ങളുടെ പരിചയായ സർവേശ്വരാ, അവിടുത്തെ ശക്തിയാൽ അവരെ ചിതറിച്ചു തോല്പിക്കണമേ. അഹങ്കാരികളായ അവർ തങ്ങളുടെ അധരങ്ങളിലെ പാപം നിമിത്തം, വായിലെ വാക്കുകൾ നിമിത്തം കെണിയിൽ കുടുങ്ങട്ടെ. അവർ ചൊരിയുന്ന ശാപവും ഭോഷ്ക്കും മൂലം, ഉഗ്രരോഷത്തോടെ അവരെ സംഹരിക്കണമേ. അവിടുന്ന് അവരെ ഉന്മൂലനം ചെയ്യണമേ. അങ്ങനെ ദൈവം ഇസ്രായേലിനെ ഭരിക്കുന്നു എന്ന്; ഭൂമിയുടെ അതിരുകളോളം എല്ലാവരും അറിയട്ടെ. സന്ധ്യാസമയത്ത് അവർ മടങ്ങിവരുന്നു, നായെപ്പോലെ കുരച്ചുകൊണ്ട് അവർ നഗരത്തിൽ ചുറ്റി നടക്കുന്നു. അവർ ആഹാരത്തിനുവേണ്ടി ചുറ്റിത്തിരിയുന്നു. വയറു നിറയാതെ വരുമ്പോൾ അവർ മുറുമുറുക്കുന്നു. എന്നാൽ ഞാൻ അങ്ങയുടെ ബലത്തെ പ്രകീർത്തിക്കും, പുലർകാലത്ത് അവിടുത്തെ അചഞ്ചല സ്നേഹത്തെ ഞാൻ പ്രഘോഷിക്കും. എന്റെ കഷ്ടകാലത്ത് അവിടുന്ന് എന്റെ കോട്ടയും അഭയസങ്കേതവും ആയിരുന്നു. എന്റെ ബലമായ ദൈവമേ, ഞാൻ അങ്ങേക്കു സ്തുതി പാടും, അവിടുന്ന് എന്നോട് അചഞ്ചലസ്നേഹം കാട്ടുന്നു. ദൈവമേ, അവിടുന്നാണ് എന്റെ അഭയസങ്കേതം.
സങ്കീർത്തനങ്ങൾ 59:1-17 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
എന്‍റെ ദൈവമേ, എന്റെ ശത്രുക്കളുടെ കൈയിൽനിന്ന് എന്നെ വിടുവിക്കേണമേ; എനിക്ക് എതിരെ എഴുന്നേറ്റിരിക്കുന്നവരിൽ നിന്ന് എനിക്ക് സംരക്ഷണം നൽകേണമേ. നീതികേട് പ്രവർത്തിക്കുന്നവരുടെ കയ്യിൽനിന്ന് എന്നെ മോചിപ്പിച്ച് രക്തദാഹികളുടെ പക്കൽനിന്ന് എന്നെ രക്ഷിക്കേണമേ. ഇതാ, അവർ എന്‍റെ പ്രാണനുവേണ്ടി പതിയിരിക്കുന്നു; യഹോവേ, ബലവാന്മാർ എന്റെ നേരെ കൂട്ടം കൂടുന്നത് എന്റെ അതിക്രമം നിമിത്തമല്ല, എന്‍റെ പാപം ഹേതുവായിട്ടുമല്ല. എന്റെ പക്കൽ അകൃത്യം ഇല്ലെങ്കിലും അവർ എനിക്കെതിരെ ഓടി ഒരുങ്ങുന്നു; എന്നെ സഹായിക്കുവാൻ ഉണർന്ന് കടാക്ഷിക്കണമേ. സൈന്യങ്ങളുടെ ദൈവമായ യഹോവേ, യിസ്രായേലിന്റെ ദൈവമേ, സകലജനതകളെയും സന്ദർശിക്കേണ്ടതിന് അവിടുന്ന് ഉണരണമേ; നീതികെട്ട ദ്രോഹികളിൽ ആരോടും കൃപ തോന്നരുതേ. സേലാ. സന്ധ്യാസമയത്ത് അവർ മടങ്ങിവരുന്നു; നായെപ്പോലെ കുരച്ചുകൊണ്ട് അവർ പട്ടണത്തിന് ചുറ്റും നടക്കുന്നു. അവർ അവരുടെ വായ്കൊണ്ട് ശകാരിക്കുന്നു; വാളുകൾ അവരുടെ അധരങ്ങളിൽ ഉണ്ട്; “ആര്‍ കേൾക്കും” എന്നു അവർ പറയുന്നു. എങ്കിലും യഹോവേ, അവിടുന്ന് അവരെ നോക്കി ചിരിക്കും; അവിടുന്ന് സകലജനതകളെയും പരിഹസിക്കും. എന്‍റെ ബലമായുള്ള യഹോവേ, ഞാൻ അങ്ങയെ കാത്തിരിക്കും; ദൈവം എന്റെ ഗോപുരമാകുന്നു. എന്റെ ദൈവം തന്‍റെ കരുണയിൽ എന്നെ എതിരേല്ക്കും; ഞാൻ എന്‍റെ ശത്രുക്കളെ കണ്ടു രസിക്കുവാൻ ദൈവം ഇടയാക്കും. അവരെ കൊന്നുകളയരുതേ; എന്റെ ജനം മറക്കാതിരിക്കേണ്ടതിന് തന്നെ; ഞങ്ങളുടെ പരിചയാകുന്ന കർത്താവേ, അങ്ങേയുടെ ശക്തികൊണ്ട് അവരെ ചിതറിച്ച് താഴ്ത്തണമേ. അവരുടെ വായിലെ പാപവും അധരങ്ങളിലെ വാക്കുകളും നിമിത്തം അവർ അവരുടെ അഹങ്കാരത്തിൽ പിടിക്കപ്പെടട്ടെ. അവർ പറയുന്ന ശാപവാക്കുകളും ഭോഷ്ക്കും നിമിത്തം കോപത്തോടെ അവരെ സംഹരിക്കേണമേ; അവർ ഇല്ലാതെയാകുംവണ്ണം അവരെ സംഹരിച്ചുകളയണമേ; ദൈവം യാക്കോബിൽ വാഴുന്നു എന്നു ഭൂമിയുടെ അറ്റംവരെ അറിയുമാറാകട്ടെ. സേലാ. സന്ധ്യാസമയത്ത് അവർ മടങ്ങിവരുന്നു; നായെപ്പോലെ കുരച്ചുകൊണ്ട് അവർ നഗരത്തിന് ചുറ്റും നടക്കുന്നു. അവർ ആഹാരത്തിനായി അലഞ്ഞു നടക്കുന്നു; തൃപ്തിയായില്ലെങ്കിൽ അവർ പിറുപിറുത്തുകൊണ്ട് കാത്തിരിക്കുന്നു. ഞാൻ അവിടുത്തെ ബലത്തെക്കുറിച്ച് പാടും; അതികാലത്ത് ഞാൻ അങ്ങേയുടെ ദയയെക്കുറിച്ച് ഘോഷിച്ചാനന്ദിക്കും. കഷ്ടകാലത്ത് അവിടുന്ന് എന്‍റെ ഗോപുരവും അഭയസ്ഥാനവും ആയിരുന്നു. എന്‍റെ ബലമായുള്ള യഹോവേ, ഞാൻ അങ്ങേക്ക് സ്തുതിപാടും; എന്‍റെ ഗോപുരവും എന്നോട് ദയ കാണിക്കുകയും ചെയ്യുന്ന ദൈവത്തിനു തന്നെ.
സങ്കീർത്തനങ്ങൾ 59:1-17 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
എന്റെ ദൈവമേ, എന്റെ ശത്രുക്കളുടെ കയ്യിൽനിന്നു എന്നെ വിടുവിക്കേണമേ; എന്നോടു എതിർക്കുന്നവരുടെ വശത്തുനിന്നു എന്നെ ഉദ്ധരിക്കേണമേ. നീതികേടു പ്രവർത്തിക്കുന്നവരുടെ കയ്യിൽ നിന്നു എന്നെ വിടുവിച്ചു രക്തപാതകന്മാരുടെ പക്കൽനിന്നു എന്നെ രക്ഷിക്കേണമേ. ഇതാ, അവർ എന്റെ പ്രാണന്നായി പതിയിരിക്കുന്നു; യഹോവേ, ബലവാന്മാർ എന്റെ നേരെ കൂട്ടം കൂടുന്നതു എന്റെ അതിക്രമം ഹേതുവായിട്ടല്ല, എന്റെ പാപം ഹേതുവായിട്ടുമല്ല. എന്റെ പക്കൽ അകൃത്യം ഇല്ലാതെ അവർ ഓടി ഒരുങ്ങുന്നു; എന്നെ സഹായിപ്പാൻ ഉണർന്നു കടാക്ഷിക്കേണമേ. സൈന്യങ്ങളുടെ ദൈവമായ യഹോവേ, യിസ്രായേലിന്റെ ദൈവമേ, സകലജാതികളെയും സന്ദർശിക്കേണ്ടതിന്നു നീ ഉണരേണമേ; നീതികെട്ട ദ്രോഹികളിൽ ആരോടും കൃപ ഉണ്ടാകരുതേ. സേലാ. സന്ധ്യാസമയത്തു അവർ മടങ്ങിവരുന്നു; നായെപ്പോലെ കുരച്ചുംകൊണ്ടു അവർ പട്ടണത്തിന്നു ചുറ്റും നടക്കുന്നു. അവർ തങ്ങളുടെ വായ്കൊണ്ടു ശകാരിക്കുന്നു; വാളുകൾ അവരുടെ അധരങ്ങളിൽ ഉണ്ടു; ആർ കേൾക്കും എന്നു അവർ പറയുന്നു. എങ്കിലും യഹോവേ, നീ അവരെച്ചൊല്ലി ചിരിക്കും; നീ സകലജാതികളെയും പരിഹസിക്കും. എന്റെ ബലമായുള്ളോവേ, ഞാൻ നിന്നെ കാത്തിരിക്കും; ദൈവം എന്റെ ഗോപുരമാകുന്നു. എന്റെ ദൈവം തന്റെ ദയയാൽ എന്നെ എതിരേല്ക്കും; ദൈവം എന്നെ എന്റെ ശത്രുക്കളെ കണ്ടു രസിക്കുമാറാക്കും. അവരെ കൊന്നുകളയരുതേ; എന്റെ ജനം മറക്കാതിരിക്കേണ്ടതിന്നു തന്നേ; ഞങ്ങളുടെ പരിചയാകുന്ന കർത്താവേ, നിന്റെ ശക്തികൊണ്ടു അവരെ ഉഴലുമാറാക്കി താഴ്ത്തേണമേ. അവരുടെ വായിലെ പാപവും അധരങ്ങളിലെ വാക്കുകളുംനിമിത്തവും അവർ പറയുന്ന ശാപവും ഭോഷ്കുംനിമിത്തവും അവർ തങ്ങളുടെ അഹങ്കാരത്തിൽ പിടിപ്പെട്ടുപോകട്ടെ. കോപത്തോടെ അവരെ സംഹരിക്കേണമേ; അവർ ഇല്ലാതെയാകുംവണ്ണം അവരെ സംഹരിച്ചുകളയേണമേ; ദൈവം യാക്കോബിൽ വാഴുന്നു എന്നു ഭൂമിയുടെ അറ്റംവരെ അറിയുമാറാകട്ടെ. സേലാ. സന്ധ്യാസമയത്തു അവർ മടങ്ങിവരുന്നു; നായെപ്പോലെ കുരെച്ചുംകൊണ്ടു അവർ നഗരത്തിന്നു ചുറ്റും നടക്കുന്നു. അവർ ആഹാരത്തിന്നായി ഉഴന്നുനടക്കുന്നു; തൃപ്തിയായില്ലെങ്കിൽ അവർ രാത്രിമുഴുവനും താമസിക്കുന്നു. ഞാനോ നിന്റെ ബലത്തെക്കുറിച്ചു പാടും; അതികാലത്തു ഞാൻ നിന്റെ ദയയെക്കുറിച്ചു ഘോഷിച്ചാനന്ദിക്കും. കഷ്ടകാലത്തു നീ എന്റെ ഗോപുരവും അഭയസ്ഥാനവും ആയിരുന്നു. എന്റെ ബലമായുള്ളോവേ, ഞാൻ നിനക്കു സ്തുതിപാടും; ദൈവം എന്റെ ഗോപുരവും എന്നോടു ദയയുള്ള ദൈവവും അല്ലോ.
സങ്കീർത്തനങ്ങൾ 59:1-17 സമകാലിക മലയാളവിവർത്തനം (MCV)
ദൈവമേ, എന്റെ ശത്രുക്കളിൽനിന്ന് എന്നെ വിടുവിക്കണമേ; എന്നെ ആക്രമിക്കുന്നവരിൽനിന്ന് എന്നെ സംരക്ഷിക്കണമേ. അധർമികളിൽനിന്ന് എന്നെ വിടുവിക്കണമേ രക്തദാഹികളായ ഈ മനുഷ്യരിൽനിന്ന് എന്നെ രക്ഷിക്കണമേ. ഇതാ, അവർ എപ്രകാരമാണ് എനിക്കായി പതിയിരിക്കുന്നത് എന്നു നോക്കിയാലും! നിഷ്ഠുരമനുഷ്യർ എനിക്കെതിരേ തന്ത്രങ്ങൾ മെനയുന്നു യഹോവേ, എന്നിൽ ഒരു കുറ്റവും പാപവും ഇല്ലാതിരിക്കെത്തന്നെ. ഞാൻ ഒരുതെറ്റും ചെയ്തിട്ടില്ല, എന്നിട്ടും എന്നെ ആക്രമിക്കാൻ അവർ തയ്യാറായിരിക്കുന്നു. എന്നെ സഹായിക്കാൻ എഴുന്നേൽക്കണമേ; എന്റെ അപകടനില ദർശിക്കണമേ! സൈന്യങ്ങളുടെ ദൈവമായ യഹോവേ, ഇസ്രായേലിന്റെ ദൈവമേ, സകലരാഷ്ട്രങ്ങളെയും ശിക്ഷിക്കേണ്ടതിന് അവിടന്ന് ഉണർന്നെഴുന്നേൽക്കണമേ; ദുഷ്ടരായ രാജ്യദ്രോഹികളോട് യാതൊരു കരുണയും കാണിക്കരുതേ. സേലാ. സന്ധ്യക്ക് അവർ മടങ്ങിവരുന്നു, നായ്ക്കളെപ്പോലെ മുരണ്ടുകൊണ്ടവർ നഗരത്തിനുചുറ്റും ഇരതേടി ചുറ്റിത്തിരിയുന്നു. അവരുടെ വായിൽനിന്നു പുറന്തള്ളുന്നത് എന്തെന്ന് ശ്രദ്ധിക്കണമേ— അവരുടെ അധരങ്ങളിൽനിന്നുള്ള വാക്കുകൾ വാളുകൾപോലെ മൂർച്ചയുള്ളതാണ്, “ആരുണ്ട് കേൾക്കാൻ?” എന്ന് അവർ ചിന്തിക്കുന്നു. എന്നാൽ യഹോവേ, അങ്ങ് അവരെ നോക്കി ചിരിക്കുന്നു; ആ രാഷ്ട്രങ്ങളെയെല്ലാം അവിടന്ന് പരിഹസിക്കുന്നു. അവിടന്നാണ് എന്റെ ശക്തി, ഞാൻ അങ്ങേക്കായി കാത്തിരിക്കുന്നു; ദൈവമേ, അവിടന്നാണെന്റെ അഭയസ്ഥാനം, എന്റെ ദൈവം അവിടത്തെ അചഞ്ചലസ്നേഹത്താൽ എനിക്കൊപ്പം നിൽക്കും. എനിക്കെതിരേ അപവാദം പറയുന്നവരുടെമേലുള്ള വിജയംകണ്ടു സന്തോഷിക്കാൻ അവിടന്ന് എന്നെ അനുവദിക്കും. ഞങ്ങളുടെ പരിചയായ കർത്താവേ, അവരെ കൊന്നുകളയരുതേ, അങ്ങനെയായാൽ എന്റെ ജനം അതു വിസ്മരിക്കുമല്ലോ. അവിടത്തെ ശക്തിയാൽ അവരെ വേരോടെ പിഴുതെടുത്ത് പരാജയപ്പെടുത്തണമേ. അവർ അവരുടെ അഹങ്കാരത്തിൽ പിടിക്കപ്പെടട്ടെ; അവരുടെ വായിലെ പാപങ്ങളാലും അവരുടെ അധരങ്ങളിലെ വാക്കുകളാലുംതന്നെ. അവർ ഉരുവിടുന്ന ശാപവാക്കുകൾനിമിത്തവും കാപട്യംനിറഞ്ഞ വാക്കുകൾനിമിത്തവും, അവിടത്തെ ക്രോധാഗ്നിയിൽ അവരെ ഭസ്മീകരിക്കണമേ അവർ നിശ്ശൂന്യമാകുംവരെ അവരെ ദഹിപ്പിക്കണമേ. അപ്പോൾ ദൈവമാണ് ഇസ്രായേലിൽ വാഴുന്നതെന്ന് അഖിലാണ്ഡത്തിന്റെ അതിർത്തികളിലെല്ലാം അറിയപ്പെടും. സേലാ. സന്ധ്യക്ക് അവർ മടങ്ങിവരുന്നു, നായ്ക്കളെപ്പോലെ മുരണ്ടുകൊണ്ടവർ നഗരത്തിനുചുറ്റും ഇരതേടി ചുറ്റിത്തിരിയുന്നു. ഭക്ഷണത്തിനായവർ അലഞ്ഞുനടക്കുന്നു തൃപ്തിയായില്ലെങ്കിൽ ഓരിയിടുന്നു. എന്നാൽ ഞാൻ അവിടത്തെ ബലത്തെപ്പറ്റി ഗാനമാലപിക്കും, പ്രഭാതത്തിൽ അവിടത്തെ അചഞ്ചലസ്നേഹത്തെപ്പറ്റി പാടും; കാരണം അവിടന്നാണെന്റെ അഭയസ്ഥാനം, കഷ്ടകാലത്ത് എന്റെ സങ്കേതവും അവിടന്ന് ആകുന്നു. എനിക്ക് ആശ്രയയോഗ്യനായ എന്റെ ദൈവമേ, അവിടന്നാണ് എന്റെ ശക്തി, ഞാൻ അങ്ങയെ വാഴ്ത്തിപ്പാടും; ദൈവമേ, അവിടന്നാണെന്റെ അഭയസ്ഥാനം. സംഗീതസംവിധായകന്. “സാക്ഷ്യരസം എന്ന രാഗത്തിൽ.”