സങ്കീർത്തനങ്ങൾ 45:10-17

സങ്കീർത്തനങ്ങൾ 45:10-17 MALOVBSI

അല്ലയോ കുമാരീ, കേൾക്ക; നോക്കുക; ചെവി ചായിക്ക. സ്വജനത്തെയും നിന്റെ പിതൃഭവനത്തെയും മറക്ക. അപ്പോൾ രാജാവ് നിന്റെ സൗന്ദര്യത്തെ ആഗ്രഹിക്കും; അവൻ നിന്റെ നാഥനല്ലോ; നീ അവനെ നമസ്കരിച്ചുകൊൾക. സോർനിവാസികൾ, ജനത്തിലെ ധനവാന്മാർ തന്നെ, കാഴ്ചവച്ച് നിന്റെ മുഖപ്രസാദം തേടും. അന്തഃപുരത്തിലെ രാജകുമാരി ശോഭാപരിപൂർണയാകുന്നു; അവളുടെ വസ്ത്രം പൊൻകസവുകൊണ്ടുള്ളത്. അവളെ ചിത്രത്തയ്യലുള്ള വസ്ത്രം ധരിപ്പിച്ച് രാജസന്നിധിയിൽ കൊണ്ടുവരും; അവളുടെ തോഴിമാരായി കൂടെ നടക്കുന്ന കന്യകമാരെയും നിന്റെ അടുക്കൽ കൊണ്ടുവരും. സന്തോഷത്തോടും ഉല്ലാസത്തോടുംകൂടെ അവരെ കൊണ്ടുവരും; അവർ രാജമന്ദിരത്തിൽ പ്രവേശിക്കും. നിന്റെ പുത്രന്മാർ നിന്റെ പിതാക്കന്മാർക്കു പകരം ഇരിക്കും; സർവഭൂമിയിലും നീ അവരെ പ്രഭുക്കന്മാരാക്കും. ഞാൻ നിന്റെ നാമത്തെ എല്ലാ തലമുറകളിലും ഓർക്കുമാറാക്കും. അതുകൊണ്ട് ജാതികൾ എന്നും എന്നേക്കും നിനക്കു സ്തോത്രം ചെയ്യും.