സങ്കീർത്തനങ്ങൾ 45:10-17

സങ്കീർത്തനങ്ങൾ 45:10-17 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

അല്ലയോ കുമാരീ, കേൾക്ക; നോക്കുക; ചെവി ചായിക്ക. സ്വജനത്തെയും നിന്റെ പിതൃഭവനത്തെയും മറക്ക. അപ്പോൾ രാജാവ് നിന്റെ സൗന്ദര്യത്തെ ആഗ്രഹിക്കും; അവൻ നിന്റെ നാഥനല്ലോ; നീ അവനെ നമസ്കരിച്ചുകൊൾക. സോർനിവാസികൾ, ജനത്തിലെ ധനവാന്മാർ തന്നെ, കാഴ്ചവച്ച് നിന്റെ മുഖപ്രസാദം തേടും. അന്തഃപുരത്തിലെ രാജകുമാരി ശോഭാപരിപൂർണയാകുന്നു; അവളുടെ വസ്ത്രം പൊൻകസവുകൊണ്ടുള്ളത്. അവളെ ചിത്രത്തയ്യലുള്ള വസ്ത്രം ധരിപ്പിച്ച് രാജസന്നിധിയിൽ കൊണ്ടുവരും; അവളുടെ തോഴിമാരായി കൂടെ നടക്കുന്ന കന്യകമാരെയും നിന്റെ അടുക്കൽ കൊണ്ടുവരും. സന്തോഷത്തോടും ഉല്ലാസത്തോടുംകൂടെ അവരെ കൊണ്ടുവരും; അവർ രാജമന്ദിരത്തിൽ പ്രവേശിക്കും. നിന്റെ പുത്രന്മാർ നിന്റെ പിതാക്കന്മാർക്കു പകരം ഇരിക്കും; സർവഭൂമിയിലും നീ അവരെ പ്രഭുക്കന്മാരാക്കും. ഞാൻ നിന്റെ നാമത്തെ എല്ലാ തലമുറകളിലും ഓർക്കുമാറാക്കും. അതുകൊണ്ട് ജാതികൾ എന്നും എന്നേക്കും നിനക്കു സ്തോത്രം ചെയ്യും.

സങ്കീർത്തനങ്ങൾ 45:10-17 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

അല്ലയോ രാജകുമാരീ, കേൾക്കുക; ശ്രദ്ധിച്ചുകേൾക്കുക; സ്വജനത്തെയും പിതൃഗൃഹത്തെയും മറക്കുക. അപ്പോൾ രാജാവ് നിന്റെ സൗന്ദര്യത്തിൽ ആകൃഷ്ടനാകും; അദ്ദേഹം നിന്റെ നാഥനല്ലോ; അദ്ദേഹത്തെ വണങ്ങുക. സോർനിവാസികൾ നിന്നെ പ്രീതിപ്പെടുത്താൻ കാഴ്ചകൾ അർപ്പിക്കും. ധനികർ എല്ലാവിധ സമ്പത്തും കാഴ്ചവയ്‍ക്കും. തങ്കക്കസവുടയാട ചാർത്തി രാജകുമാരി അന്തഃപുരത്തിൽ ഇരിക്കുന്നു. വർണശബളമായ അങ്കി അണിയിച്ച് അവളെ രാജസന്നിധിയിലേക്ക് ആനയിക്കുന്നു. കന്യകമാരായ തോഴിമാർ അവൾക്ക് അകമ്പടി സേവിക്കുന്നു. ആനന്ദത്തോടും ഉല്ലാസത്തോടും അവർ രാജമന്ദിരത്തിൽ പ്രവേശിക്കുന്നു. അങ്ങയുടെ പുത്രന്മാർ പിതാക്കന്മാരുടെ സ്ഥാനത്ത് അവരോധിക്കപ്പെടും; ഭൂമിയിലെങ്ങും അങ്ങ് അവരെ ഭരണാധിപതികളാക്കും. അങ്ങയുടെ പ്രവൃത്തികൾ എല്ലാ തലമുറകളിലും പ്രകീർത്തിക്കപ്പെടാൻ ഞാൻ ഇടയാക്കും. ജനതകൾ എന്നും അങ്ങയെ പുകഴ്ത്തും.

സങ്കീർത്തനങ്ങൾ 45:10-17 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

അല്ലയോ കുമാരീ, കേൾക്കുക; നോക്കുക; ചെവിചായിക്കുക. സ്വജനത്തെയും നിന്‍റെ പിതൃഭവനത്തെയും മറക്കുക. അപ്പോൾ രാജാവ് നിന്‍റെ സൗന്ദര്യത്തിൽ ആകൃഷ്ടനാകും; അവൻ നിന്‍റെ നാഥനാകയാൽ നീ അവനെ നമസ്കരിക്കുക. ജനത്തിലെ ധനവാന്മാരായ സോർനിവാസികൾ സമ്മാനങ്ങളുമായി നിന്‍റെ മുഖപ്രസാദം തേടും. അന്തഃപുരത്തിലെ രാജകുമാരി ശോഭാപരിപൂർണ്ണയാകുന്നു; അവളുടെ വസ്ത്രം പൊൻകസവുകൊണ്ടുള്ളത്. അവളെ ചിത്രത്തയ്യലുള്ള വസ്ത്രം ധരിപ്പിച്ച് രാജസന്നിധിയിൽ കൊണ്ടുവരും; അവളെ അനുഗമിക്കുന്ന കന്യകമാരായ തോഴിമാരെയും നിന്‍റെ അടുക്കൽ കൊണ്ടുവരും. സന്തോഷത്തോടും ഉല്ലാസത്തോടും കൂടി അവരെ കൊണ്ടുവരും; അവർ രാജമന്ദിരത്തിൽ പ്രവേശിക്കും. നിന്‍റെ പുത്രന്മാർ പിതാക്കന്മാർക്കു പകരം ഇരിക്കും; സർവ്വഭൂമിയിലും നീ അവരെ പ്രഭുക്കന്മാരാക്കും. ഞാൻ നിന്‍റെ നാമത്തെ എല്ലാ തലമുറകളിലും ഓർക്കുമാറാക്കും. അതുകൊണ്ട് ജനതകൾ എന്നും എന്നേക്കും നിന്നെ പ്രകീർത്തിക്കും.

സങ്കീർത്തനങ്ങൾ 45:10-17 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

അല്ലയോ കുമാരീ, കേൾക്ക; നോക്കുക; ചെവിചായ്ക്ക. സ്വജനത്തെയും നിന്റെ പിതൃഭവനത്തെയും മറക്ക. അപ്പോൾ രാജാവു നിന്റെ സൗന്ദര്യത്തെ ആഗ്രഹിക്കും; അവൻ നിന്റെ നാഥനല്ലോ; നീ അവനെ നമസ്കരിച്ചുകൊൾക. സോർനിവാസികൾ, ജനത്തിലെ ധനവാന്മാർ തന്നേ, കാഴ്ചവെച്ചു നിന്റെ മുഖപ്രസാദം തേടും. അഃന്തപുരത്തിലെ രാജകുമാരി ശോഭാപരിപൂർണ്ണയാകുന്നു; അവളുടെ വസ്ത്രം പൊൻകസവുകൊണ്ടുള്ളതു. അവളെ ചിത്രത്തയ്യലുള്ള വസ്ത്രം ധരിപ്പിച്ചു രാജസന്നിധിയിൽ കൊണ്ടുവരും; അവളുടെ തോഴിമാരായി കൂടെനടക്കുന്ന കന്യകമാരെയും നിന്റെ അടുക്കൽ കൊണ്ടുവരും. സന്തോഷത്തോടും ഉല്ലാസത്തോടും കൂടെ അവരെ കൊണ്ടുവരും; അവർ രാജമന്ദിരത്തിൽ പ്രവേശിക്കും. നിന്റെ പുത്രന്മാർ നിന്റെ പിതാക്കന്മാർക്കു പകരം ഇരിക്കും; സർവ്വഭൂമിയിലും നീ അവരെ പ്രഭുക്കന്മാരാക്കും. ഞാൻ നിന്റെ നാമത്തെ എല്ലാ തലമുറകളിലും ഓർക്കുമാറാക്കും. അതുകൊണ്ടു ജാതികൾ എന്നും എന്നേക്കും നിനക്കു സ്തോത്രം ചെയ്യും.

സങ്കീർത്തനങ്ങൾ 45:10-17 സമകാലിക മലയാളവിവർത്തനം (MCV)

അല്ലയോ കുമാരീ, കേൾക്കൂ, ശ്രദ്ധയോടെ ചെവിചായ്‌ക്കൂ: നിന്റെ സ്വജനത്തെയും നിന്റെ പിതൃഭവനത്തെയും മറക്കൂ. അപ്പോൾ രാജാവ് നിന്റെ സൗന്ദര്യത്തിൽ ആകൃഷ്ടനായിത്തീരട്ടെ; അദ്ദേഹത്തെ നമസ്കരിച്ചുകൊൾക, അദ്ദേഹം നിന്റെ നാഥനല്ലോ. സോരിലെ രാജകുമാരി നിനക്കൊരുപഹാരവുമായി കടന്നുവരും, ധനികർ നിന്റെ പ്രീതിയാർജിക്കാൻ ആഗ്രഹിക്കും. രാജകുമാരി അവളുടെ അന്തപുരത്തിൽ ശോഭാപരിപൂർണയായിരിക്കുന്നു; അവളുടെ ഉടയാടകൾ തങ്കക്കസവുകളാൽ നെയ്തിരിക്കുന്നു. ചിത്രത്തയ്യലുള്ള നിലയങ്കി ധരിച്ചവളായി അവൾ രാജസന്നിധിയിലേക്ക് ആനയിക്കപ്പെടുന്നു; കന്യാമണികളാം തോഴികൾ അവൾക്ക് അകമ്പടിനിൽക്കുന്നു. അവരും അവളോടൊപ്പം വന്നുചേരും. ആനന്ദത്തോടും ആഹ്ലാദത്തോടും അവർ ആനയിക്കപ്പെടുന്നു, അവർ രാജകൊട്ടാരത്തിൽ പ്രവേശിക്കുന്നു. അവിടത്തെ പുത്രന്മാർ അങ്ങയുടെ അനന്തരാവകാശികളായി അവരോധിക്കപ്പെടും; അങ്ങ് അവരെ ഭൂമിയിലെങ്ങും പ്രഭുക്കന്മാരായി വാഴിക്കും. ഞാൻ അങ്ങയുടെ സ്മരണ എല്ലാ തലമുറകളിലും നിലനിർത്തും തന്മൂലം രാഷ്ട്രങ്ങൾ അങ്ങയെ എന്നെന്നേക്കും വാഴ്ത്തും. സംഗീതസംവിധായകന്.