ഞാൻ യഹോവയ്ക്കായി കാത്തുകാത്തിരുന്നു; അവൻ എങ്കലേക്കു ചാഞ്ഞ് എന്റെ നിലവിളി കേട്ടു. നാശകരമായ കുഴിയിൽനിന്നും കുഴഞ്ഞ ചേറ്റിൽനിന്നും അവൻ എന്നെ കയറ്റി; എന്റെ കാലുകളെ ഒരു പാറമേൽ നിർത്തി, എന്റെ ഗമനത്തെ സ്ഥിരമാക്കി. അവൻ എന്റെ വായിൽ പുതിയൊരു പാട്ടു തന്നു, നമ്മുടെ ദൈവത്തിനു സ്തുതിതന്നെ; പലരും അതു കണ്ടു ഭയപ്പെട്ടു യഹോവയിൽ ആശ്രയിക്കും. യഹോവയെ തന്റെ ആശ്രയമാക്കിക്കൊള്ളുകയും നിഗളികളെയും വ്യാജത്തിലേക്കു തിരിയുന്നവരെയും ആദരിക്കാതിരിക്കയും ചെയ്യുന്ന മനുഷ്യൻ ഭാഗ്യവാൻ. എന്റെ ദൈവമായ യഹോവേ, നീ ചെയ്ത അദ്ഭുതപ്രവൃത്തികളും ഞങ്ങൾക്കുവേണ്ടിയുള്ള നിന്റെ വിചാരങ്ങളും വളരെയാകുന്നു; നിന്നോടു സദൃശൻ ആരുമില്ല; ഞാൻ അവയെ വിവരിച്ചു പ്രസ്താവിക്കുമായിരുന്നു; എന്നാൽ അവ എണ്ണിക്കൂടാതവണ്ണം അധികമാകുന്നു. ഹനനയാഗവും ഭോജനയാഗവും നീ ഇച്ഛിച്ചില്ല; നീ ചെവികളെ എനിക്കു തുളച്ചിരിക്കുന്നു. ഹോമയാഗവും പാപയാഗവും നീ ചോദിച്ചില്ല. അപ്പോൾ ഞാൻ പറഞ്ഞു; ഇതാ, ഞാൻ വരുന്നു; പുസ്തകച്ചുരുളിൽ എന്നെക്കുറിച്ച് എഴുതിയിരിക്കുന്നു; എന്റെ ദൈവമേ, നിന്റെ ഇഷ്ടം ചെയ്വാൻ ഞാൻ പ്രിയപ്പെടുന്നു; നിന്റെ ന്യായപ്രമാണം എന്റെ ഉള്ളിൽ ഇരിക്കുന്നു. ഞാൻ മഹാസഭയിൽ നീതിയെ പ്രസംഗിച്ചു; അധരങ്ങളെ ഞാൻ അടക്കിയിട്ടില്ല; യഹോവേ, നീ അറിയുന്നു. ഞാൻ നിന്റെ നീതിയെ എന്റെ ഹൃദയത്തിൽ മറച്ചുവച്ചില്ല; നിന്റെ വിശ്വസ്തതയും രക്ഷയും ഞാൻ പ്രസ്താവിച്ചു; നിന്റെ ദയയും സത്യവും ഞാൻ മഹാസഭയ്ക്കു മറച്ചതുമില്ല. യഹോവേ, നിന്റെ കരുണ നീ എനിക്ക് അടച്ചുകളകയില്ല; നിന്റെ ദയയും സത്യവും എന്നെ നിത്യം പരിപാലിക്കും. സംഖ്യയില്ലാത്ത അനർഥങ്ങൾ എന്നെ ചുറ്റിയിരിക്കുന്നു; മേല്പോട്ടു നോക്കുവാൻ കഴിയാതവണ്ണം എന്റെ അകൃത്യങ്ങൾ എന്നെ എത്തിപ്പിടിച്ചിരിക്കുന്നു; അവ എന്റെ തലയിലെ രോമങ്ങളിലും അധികം; ഞാൻ ധൈര്യഹീനനായിത്തീർന്നിരിക്കുന്നു. യഹോവേ, എന്നെ വിടുവിപ്പാൻ ഇഷ്ടം തോന്നേണമേ; യഹോവേ, എന്നെ സഹായിപ്പാൻ വേഗം വരേണമേ. എനിക്കു ജീവഹാനി വരുത്തുവാൻ നോക്കുന്നവർ ലജ്ജിച്ചു ഭ്രമിച്ചു പോകട്ടെ; എന്റെ അനർഥത്തിൽ സന്തോഷിക്കുന്നവർ പിന്തിരിഞ്ഞ് അപമാനം ഏല്ക്കട്ടെ.
സങ്കീർത്തനങ്ങൾ 40 വായിക്കുക
കേൾക്കുക സങ്കീർത്തനങ്ങൾ 40
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: സങ്കീർത്തനങ്ങൾ 40:1-14
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ