സങ്കീർത്തനങ്ങൾ 119:32-45

സങ്കീർത്തനങ്ങൾ 119:32-45 MALOVBSI

നീ എന്റെ ഹൃദയത്തെ വിശാലമാക്കുമ്പോൾ ഞാൻ നിന്റെ കല്പനകളുടെ വഴിയിൽ ഓടും. യഹോവേ, നിന്റെ ചട്ടങ്ങളുടെ വഴി എന്നെ ഉപദേശിക്കേണമേ; ഞാൻ അതിനെ അവസാനത്തോളം പ്രമാണിക്കും. ഞാൻ നിന്റെ ന്യായപ്രമാണം കാക്കേണ്ടതിനും അതിനെ പൂർണഹൃദയത്തോടെ പ്രമാണിക്കേണ്ടതിനും എനിക്കു ബുദ്ധി നല്കേണമേ. നിന്റെ കല്പനകളുടെ പാതയിൽ എന്നെ നടത്തേണമേ; ഞാൻ അതിൽ ഇഷ്ടപ്പെടുന്നുവല്ലോ. ദുരാദായത്തിലേക്കല്ല, നിന്റെ സാക്ഷ്യങ്ങളിലേക്കു തന്നെ. എന്റെ ഹൃദയം ചായുമാറാക്കേണമേ. വ്യാജത്തെ നോക്കാതവണ്ണം എന്റെ കണ്ണുകളെ തിരിച്ചു നിന്റെ വഴികളിൽ എന്നെ ജീവിപ്പിക്കേണമേ. നിന്നോടുള്ള ഭക്തിയെ വർധിപ്പിക്കുന്നതായ നിന്റെ വചനത്തെ അടിയനു നിവർത്തിക്കേണമേ. ഞാൻ പേടിക്കുന്ന നിന്ദയെ അകറ്റിക്കളയേണമേ; നിന്റെ വിധികൾ നല്ലവയല്ലോ. ഇതാ, ഞാൻ നിന്റെ പ്രമാണങ്ങളെ വാഞ്ഛിക്കുന്നു; നിന്റെ നീതിയാൽ എന്നെ ജീവിപ്പിക്കേണമേ. യഹോവേ, നിന്റെ വചനപ്രകാരം നിന്റെ ദയയും നിന്റെ രക്ഷയും എങ്കലേക്കു വരുമാറാകട്ടെ. ഞാൻ നിന്റെ വചനത്തിൽ ആശ്രയിക്കുന്നതുകൊണ്ട് എന്നെ നിന്ദിക്കുന്നവനോട് ഉത്തരം പറവാൻ ഞാൻ പ്രാപ്തനാകും. ഞാൻ നിന്റെ വിധികൾക്കായി കാത്തിരിക്കയാൽ സത്യത്തിന്റെ വചനം എന്റെ വായിൽനിന്നു നീക്കിക്കളയരുതേ. അങ്ങനെ ഞാൻ നിന്റെ ന്യായപ്രമാണം ഇടവിടാതെ എന്നേക്കും പ്രമാണിക്കും. നിന്റെ പ്രമാണങ്ങളെ ആരായുന്നതുകൊണ്ട് ഞാൻ വിശാലതയിൽ നടക്കും.