സങ്കീർത്തനങ്ങൾ 119:32-45
സങ്കീർത്തനങ്ങൾ 119:32-45 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
നീ എന്റെ ഹൃദയത്തെ വിശാലമാക്കുമ്പോൾ ഞാൻ നിന്റെ കല്പനകളുടെ വഴിയിൽ ഓടും. യഹോവേ, നിന്റെ ചട്ടങ്ങളുടെ വഴി എന്നെ ഉപദേശിക്കേണമേ; ഞാൻ അതിനെ അവസാനത്തോളം പ്രമാണിക്കും. ഞാൻ നിന്റെ ന്യായപ്രമാണം കാക്കേണ്ടതിനും അതിനെ പൂർണഹൃദയത്തോടെ പ്രമാണിക്കേണ്ടതിനും എനിക്കു ബുദ്ധി നല്കേണമേ. നിന്റെ കല്പനകളുടെ പാതയിൽ എന്നെ നടത്തേണമേ; ഞാൻ അതിൽ ഇഷ്ടപ്പെടുന്നുവല്ലോ. ദുരാദായത്തിലേക്കല്ല, നിന്റെ സാക്ഷ്യങ്ങളിലേക്കു തന്നെ. എന്റെ ഹൃദയം ചായുമാറാക്കേണമേ. വ്യാജത്തെ നോക്കാതവണ്ണം എന്റെ കണ്ണുകളെ തിരിച്ചു നിന്റെ വഴികളിൽ എന്നെ ജീവിപ്പിക്കേണമേ. നിന്നോടുള്ള ഭക്തിയെ വർധിപ്പിക്കുന്നതായ നിന്റെ വചനത്തെ അടിയനു നിവർത്തിക്കേണമേ. ഞാൻ പേടിക്കുന്ന നിന്ദയെ അകറ്റിക്കളയേണമേ; നിന്റെ വിധികൾ നല്ലവയല്ലോ. ഇതാ, ഞാൻ നിന്റെ പ്രമാണങ്ങളെ വാഞ്ഛിക്കുന്നു; നിന്റെ നീതിയാൽ എന്നെ ജീവിപ്പിക്കേണമേ. യഹോവേ, നിന്റെ വചനപ്രകാരം നിന്റെ ദയയും നിന്റെ രക്ഷയും എങ്കലേക്കു വരുമാറാകട്ടെ. ഞാൻ നിന്റെ വചനത്തിൽ ആശ്രയിക്കുന്നതുകൊണ്ട് എന്നെ നിന്ദിക്കുന്നവനോട് ഉത്തരം പറവാൻ ഞാൻ പ്രാപ്തനാകും. ഞാൻ നിന്റെ വിധികൾക്കായി കാത്തിരിക്കയാൽ സത്യത്തിന്റെ വചനം എന്റെ വായിൽനിന്നു നീക്കിക്കളയരുതേ. അങ്ങനെ ഞാൻ നിന്റെ ന്യായപ്രമാണം ഇടവിടാതെ എന്നേക്കും പ്രമാണിക്കും. നിന്റെ പ്രമാണങ്ങളെ ആരായുന്നതുകൊണ്ട് ഞാൻ വിശാലതയിൽ നടക്കും.
സങ്കീർത്തനങ്ങൾ 119:32-45 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അവിടുന്ന് എനിക്കു കൂടുതൽ വിവേകം നല്‌കുമ്പോൾ, ഞാൻ ഉത്സാഹത്തോടെ അവിടുത്തെ കല്പനകളുടെ മാർഗത്തിൽ ചരിക്കും. സർവേശ്വരാ, അവിടുത്തെ ചട്ടങ്ങളുടെ വഴി എന്നെ പഠിപ്പിക്കണമേ. അന്ത്യത്തോളം ഞാൻ അവ പാലിക്കും. അങ്ങയുടെ ധർമശാസ്ത്രം പാലിക്കാനും പൂർണഹൃദയത്തോടെ അനുസരിക്കാനും എനിക്ക് അറിവു നല്‌കണമേ. അവിടുത്തെ കല്പനകളുടെ പാതയിലൂടെ എന്നെ നയിച്ചാലും. ഞാൻ അതിൽ ആനന്ദിക്കുന്നു. ധനലാഭത്തിലേക്കല്ല, അവിടുത്തെ കല്പനകളിലേക്ക്, എന്റെ ഹൃദയത്തെ തിരിക്കണമേ. വ്യർഥമായവയിൽനിന്ന് എന്റെ ശ്രദ്ധ മാറ്റണമേ. അവിടുത്തെ വഴികളിൽ നടക്കാൻ എനിക്കു നവജീവൻ നല്‌കിയാലും. അങ്ങയുടെ ഭക്തർക്കു നല്‌കിയ വാഗ്ദാനം, ഈ ദാസനു നിറവേറ്റിത്തരണമേ! ഞാൻ ഭയപ്പെടുന്ന അപമാനത്തിൽനിന്ന് എന്നെ രക്ഷിക്കണമേ. അവിടുത്തെ കല്പനകൾ ഉത്തമമാണല്ലോ. അവിടുത്തെ പ്രമാണങ്ങൾ പാലിക്കാൻ ഞാൻ അഭിവാഞ്ഛിക്കുന്നു. അവിടുത്തെ നീതിയാൽ എനിക്കു നവജീവൻ നല്‌കണമേ. ദൈവമേ, അവിടുത്തെ സുസ്ഥിരസ്നേഹം എന്റെമേൽ ചൊരിയണമേ. അവിടുത്തെ വാഗ്ദാനപ്രകാരം എന്നെ രക്ഷിക്കണമേ. അപ്പോൾ എന്നെ നിന്ദിക്കുന്നവരോടു മറുപടി പറയാൻ ഞാൻ പ്രാപ്തനാകും. അങ്ങയുടെ വചനത്തിലാണല്ലോ ഞാൻ ശരണപ്പെടുന്നത്. എല്ലായ്പോഴും സത്യം സംസാരിക്കാൻ എന്നെ സഹായിക്കണമേ. അവിടുത്തെ കല്പനകളിലാണല്ലോ ഞാൻ പ്രത്യാശ അർപ്പിച്ചിരിക്കുന്നത്. അവിടുത്തെ ധർമശാസ്ത്രം ഞാൻ ഇടവിടാതെ എന്നേക്കും പാലിക്കും. അവിടുത്തെ പ്രമാണങ്ങൾ അനുസരിക്കുന്നതുകൊണ്ടു ഞാൻ സ്വതന്ത്രനായി വ്യാപരിക്കും.
സങ്കീർത്തനങ്ങൾ 119:32-45 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
അങ്ങ് എന്‍റെ ഹൃദയത്തെ വിശാലമാക്കുമ്പോൾ ഞാൻ അങ്ങേയുടെ കല്പനകളുടെ വഴിയിൽ ഓടും. യഹോവേ, അങ്ങേയുടെ ചട്ടങ്ങളുടെ വഴി എന്നെ ഉപദേശിക്കേണമേ; ഞാൻ അത് അവസാനത്തോളം പ്രമാണിക്കും. ഞാൻ അങ്ങേയുടെ ന്യായപ്രമാണം കാക്കേണ്ടതിനും അത് പൂർണ്ണഹൃദയത്തോടെ പ്രമാണിക്കേണ്ടതിനും എനിക്ക് ബുദ്ധി നല്കേണമേ. അങ്ങേയുടെ കല്പനകളുടെ പാതയിൽ എന്നെ നടത്തേണമേ; ഞാൻ അത് ഇഷ്ടപ്പെടുന്നുവല്ലോ. ദുരാദായത്തിലേക്കല്ല, അങ്ങേയുടെ സാക്ഷ്യങ്ങളിലേക്കു തന്നെ എന്റെ ഹൃദയം ചായുമാറാക്കേണമേ. വ്യാജത്തിലേക്കു നോക്കാതെ എന്‍റെ കണ്ണുകൾ തിരിച്ച് അങ്ങേയുടെ വഴികളിൽ എന്നെ ജീവിപ്പിക്കേണമേ. അങ്ങയോടുള്ള ഭക്തി വർദ്ധിപ്പിക്കുന്ന അങ്ങേയുടെ വചനം അടിയന് ഉറപ്പിച്ചുതരേണമേ. ഞാൻ പേടിക്കുന്ന നിന്ദ എന്നോട് അകറ്റിക്കളയണമേ; അങ്ങേയുടെ വിധികൾ നല്ലവയല്ലയോ? ഇതാ, ഞാൻ അങ്ങേയുടെ പ്രമാണങ്ങളെ വാഞ്ഛിക്കുന്നു; അങ്ങേയുടെ നീതിയാൽ എന്നെ ജീവിപ്പിക്കേണമേ. യഹോവേ, അങ്ങേയുടെ വചനപ്രകാരം അങ്ങേയുടെ ദയയും അങ്ങേയുടെ രക്ഷയും എന്നിലേക്ക് വരുമാറാകട്ടെ. ഞാൻ അങ്ങേയുടെ വചനത്തിൽ ആശ്രയിക്കുന്നതുകൊണ്ട് എന്നെ നിന്ദിക്കുന്നവനോട് ഉത്തരം പറയുവാൻ ഞാൻ പ്രാപ്തനാകും. ഞാൻ അങ്ങേയുടെ വിധികൾക്കായി കാത്തിരിക്കുകയാൽ സത്യത്തിന്‍റെ വചനം എന്‍റെ വായിൽനിന്ന് നീക്കിക്കളയരുതേ. അങ്ങനെ ഞാൻ അങ്ങേയുടെ ന്യായപ്രമാണം ഇടവിടാതെ എന്നേക്കും പ്രമാണിക്കും. അങ്ങേയുടെ പ്രമാണങ്ങൾ ആരായുന്നതുകൊണ്ട് ഞാൻ വിശാലതയിൽ നടക്കും.
സങ്കീർത്തനങ്ങൾ 119:32-45 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
നീ എന്റെ ഹൃദയത്തെ വിശാലമാക്കുമ്പോൾ ഞാൻ നിന്റെ കല്പനകളുടെ വഴിയിൽ ഓടും. യഹോവേ, നിന്റെ ചട്ടങ്ങളുടെ വഴി എന്നെ ഉപദേശിക്കേണമേ; ഞാൻ അതിനെ അവസാനത്തോളം പ്രമാണിക്കും. ഞാൻ നിന്റെ ന്യായപ്രമാണം കാക്കേണ്ടതിന്നും അതിനെ പൂർണ്ണഹൃദയത്തോടെ പ്രമാണിക്കേണ്ടതിന്നും എനിക്കു ബുദ്ധി നല്കേണമേ. നിന്റെ കല്പനകളുടെ പാതയിൽ എന്നെ നടത്തേണമേ; ഞാൻ അതിൽ ഇഷ്ടപ്പെടുന്നുവല്ലോ. ദുരാദായത്തിലേക്കല്ല, നിന്റെ സാക്ഷ്യങ്ങളിലേക്കു തന്നേ എന്റെ ഹൃദയം ചായുമാറാക്കേണമേ. വ്യാജത്തെ നോക്കാതവണ്ണം എന്റെ കണ്ണുകളെ തിരിച്ചു നിന്റെ വഴികളിൽ എന്നെ ജീവിപ്പിക്കേണമേ. നിന്നോടുള്ള ഭക്തിയെ വർദ്ധിപ്പിക്കുന്നതായ നിന്റെ വചനത്തെ അടിയന്നു നിവർത്തിക്കേണമേ. ഞാൻ പേടിക്കുന്ന നിന്ദയെ അകറ്റിക്കളയേണമേ; നിന്റെ വിധികൾ നല്ലവയല്ലോ. ഇതാ, ഞാൻ നിന്റെ പ്രമാണങ്ങളെ വാഞ്ഛിക്കുന്നു; നിന്റെ നീതിയാൽ എന്നെ ജീവിപ്പിക്കേണമേ. യഹോവേ, നിന്റെ വചനപ്രകാരം നിന്റെ ദയയും നിന്റെ രക്ഷയും എങ്കലേക്കു വരുമാറാകട്ടെ. ഞാൻ നിന്റെ വചനത്തിൽ ആശ്രയിക്കുന്നതുകൊണ്ടു എന്നെ നിന്ദിക്കുന്നവനോടു ഉത്തരം പറവാൻ ഞാൻ പ്രാപ്തനാകും. ഞാൻ നിന്റെ വിധികൾക്കായി കാത്തിരിക്കയാൽ സത്യത്തിന്റെ വചനം എന്റെ വായിൽ നിന്നു നീക്കിക്കളയരുതേ. അങ്ങനെ ഞാൻ നിന്റെ ന്യായപ്രമാണം ഇടവിടാതെ എന്നേക്കും പ്രമാണിക്കും. നിന്റെ പ്രമാണങ്ങളെ ആരായുന്നതുകൊണ്ടു ഞാൻ വിശാലതയിൽ നടക്കും.
സങ്കീർത്തനങ്ങൾ 119:32-45 സമകാലിക മലയാളവിവർത്തനം (MCV)
ഞാൻ അവിടത്തെ കൽപ്പനാമാർഗത്തിലൂടെ ഓടുന്നു, കാരണം അവിടന്ന് എന്റെ വിവേകത്തെ വിസ്തൃതമാക്കിയല്ലോ. യഹോവേ, അവിടത്തെ ഉത്തരവുകളുടെ മാർഗം എന്നെ പഠിപ്പിക്കണമേ, അപ്പോൾ അവ എനിക്ക് അന്ത്യംവരെ പിൻതുടരാൻ സാധിക്കും. അവിടത്തെ ന്യായപ്രമാണം കാത്തുപാലിക്കുന്നതിനും അവ പൂർണഹൃദയത്തോടെ അനുസരിക്കുന്നതിനും എനിക്കു വിവേകം നൽകണമേ. അവിടത്തെ കൽപ്പനാമാർഗത്തിലൂടെ എന്നെ നയിക്കണമേ, കാരണം ഞാൻ അതിൽ ആനന്ദിക്കുന്നു. അന്യായമായ ആദായത്തിലേക്കല്ല, അവിടത്തെ നിയമവ്യവസ്ഥകളിലേക്കുതന്നെ എന്റെ ഹൃദയത്തെ തിരിക്കണമേ. വ്യർഥകാര്യങ്ങളിൽനിന്നും എന്റെ കണ്ണുകളെ തിരിക്കണമേ; തിരുവചനത്തിന് അനുസൃതമായി എന്റെ ജീവൻ സംരക്ഷിക്കണമേ. അടിയനോടു ചെയ്ത അങ്ങയുടെ വാഗ്ദാനം നിവർത്തിക്കണമേ, അപ്പോൾ ജനം അങ്ങയെ ആദരിക്കും ഞാൻ ഭയപ്പെടുന്ന അപമാനം എന്നിൽനിന്നകറ്റണമേ, അവിടത്തെ നിയമങ്ങൾ നല്ലവയാണല്ലോ ഇതാ, ഞാൻ അവിടത്തെ പ്രമാണങ്ങൾക്കായി വാഞ്ഛിക്കുന്നു! അവിടത്തെ നീതിനിമിത്തം എന്റെ ജീവൻ സംരക്ഷിക്കണമേ. യഹോവേ, അവിടത്തെ അചഞ്ചലസ്നേഹം എന്നിലേക്കു നൽകണമേ, അവിടത്തെ വാഗ്ദാനപ്രകാരമുള്ള രക്ഷയും; അപ്പോൾ എന്നെ അപഹസിക്കുന്നവർക്ക് ഉത്തരംനൽകാനെനിക്കു കഴിയും, കാരണം അവിടത്തെ വചനത്തിൽ ഞാൻ ആശ്രയിക്കുന്നു. സത്യവചനം എന്റെ അധരങ്ങളിൽനിന്ന് എടുത്തുകളയരുതേ, കാരണം അവിടത്തെ നിയമങ്ങളിൽ ഞാൻ എന്റെ വിശ്വാസം അർപ്പിച്ചിരിക്കുന്നു. അവിടത്തെ ന്യായപ്രമാണം ഞാൻ എപ്പോഴും അനുസരിക്കും, എന്നുമെന്നേക്കുംതന്നെ. അവിടത്തെ പ്രമാണങ്ങൾ ഞാൻ അന്വേഷിക്കുന്നതിനാൽ, ഞാൻ സ്വാതന്ത്ര്യത്തോടെ ജീവിക്കും.