സങ്കീർത്തനങ്ങൾ 118:1-16

സങ്കീർത്തനങ്ങൾ 118:1-16 MALOVBSI

യഹോവയ്ക്കു സ്തോത്രം ചെയ്‍വിൻ; അവൻ നല്ലവനല്ലോ; അവന്റെ ദയ എന്നേക്കുമുള്ളത്. അവന്റെ ദയ എന്നേക്കുമുള്ളത് എന്നു യിസ്രായേൽ പറയട്ടെ. അവന്റെ ദയ എന്നേക്കുമുള്ളത് എന്ന് അഹരോൻഗൃഹം പറയട്ടെ. അവന്റെ ദയ എന്നേക്കുമുള്ളത്; എന്നു യഹോവാഭക്തർ പറയട്ടെ. ഞെരുക്കത്തിൽ ഞാൻ യഹോവയെ വിളിച്ചപേക്ഷിച്ചു, യഹോവ ഉത്തരമരുളി എന്നെ വിശാലസ്ഥലത്താക്കി. യഹോവ എന്റെ പക്ഷത്തുണ്ട്; ഞാൻ പേടിക്കയില്ല; മനുഷ്യൻ എന്നോട് എന്തു ചെയ്യും? എന്നെ സഹായിക്കുന്നവരോടുകൂടെ യഹോവ എന്റെ പക്ഷത്തുണ്ട്; ഞാൻ എന്നെ പകയ്ക്കുന്നവരെ കണ്ടു രസിക്കും. മനുഷ്യനിൽ ആശ്രയിക്കുന്നതിനെക്കാൾ യഹോവയിൽ ആശ്രയിക്കുന്നതു നല്ലത്. പ്രഭുക്കന്മാരിൽ ആശ്രയിക്കുന്നതിനെക്കാൾ യഹോവയിൽ ആശ്രയിക്കുന്നതു നല്ലത്. സകല ജാതികളും എന്നെ ചുറ്റിവളഞ്ഞു; യഹോവയുടെ നാമത്തിൽ ഞാൻ അവരെ ഛേദിച്ചുകളയും. അവർ എന്നെ വളഞ്ഞു; അതേ, അവർ എന്നെ വളഞ്ഞു; യഹോവയുടെ നാമത്തിൽ ഞാൻ അവരെ ഛേദിച്ചുകളയും. അവർ തേനീച്ചപോലെ എന്നെ ചുറ്റിവളഞ്ഞു; മുൾത്തീപോലെ അവർ കെട്ടുപോയി; യഹോവയുടെ നാമത്തിൽ ഞാൻ അവരെ ഛേദിച്ചുകളയും. ഞാൻ വീഴുവാൻ തക്കവണ്ണം നീ എന്നെ തള്ളി; എങ്കിലും യഹോവ എന്നെ സഹായിച്ചു. യഹോവ എന്റെ ബലവും എന്റെ കീർത്തനവും ആകുന്നു; അവൻ എനിക്കു രക്ഷയായും തീർന്നു. ഉല്ലാസത്തിന്റെയും ജയത്തിന്റെയും ഘോഷം നീതിമാന്മാരുടെ കൂടാരങ്ങളിൽ ഉണ്ട്; യഹോവയുടെ വലംകൈ വീര്യം പ്രവർത്തിക്കുന്നു. യഹോവയുടെ വലംകൈ ഉയർന്നിരിക്കുന്നു; യഹോവയുടെ വലംകൈ വീര്യം പ്രവർത്തിക്കുന്നു.