പാളയത്തിൽവച്ച് അവർ മോശെയോടും യഹോവയുടെ വിശുദ്ധനായ അഹരോനോടും അസൂയപ്പെട്ടു. ഭൂമി പിളർന്നു ദാഥാനെ വിഴുങ്ങി; അബീരാമിന്റെ കൂട്ടത്തെയും മൂടിക്കളഞ്ഞു. അവരുടെ കൂട്ടത്തിൽ തീ കത്തി; അഗ്നിജ്വാല ദുഷ്ടന്മാരെ ദഹിപ്പിച്ചുകളഞ്ഞു. അവർ ഹോറേബിൽവച്ചു ഒരു കാളക്കുട്ടിയെ ഉണ്ടാക്കി; വാർത്തുണ്ടാക്കിയ വിഗ്രഹത്തെ നമസ്കരിച്ചു. ഇങ്ങനെ അവർ തങ്ങളുടെ മഹത്ത്വമായവനെ പുല്ലു തിന്നുന്ന കാളയോടു സദൃശനാക്കിത്തീർത്തു. മിസ്രയീമിൽ വലിയ കാര്യങ്ങളും ഹാമിന്റെ ദേശത്ത് അദ്ഭുതപ്രവൃത്തികളും ചെങ്കടലിങ്കൽ ഭയങ്കരകാര്യങ്ങളും ചെയ്തവനായി തങ്ങളുടെ രക്ഷിതാവായ ദൈവത്തെ അവർ മറന്നുകളഞ്ഞു. ആകയാൽ അവരെ നശിപ്പിക്കുമെന്ന് അവൻ അരുളിച്ചെയ്തു; അവന്റെ വൃതനായ മോശെ കോപത്തെ ശമിപ്പിപ്പാൻ അവന്റെ സന്നിധിയിൽ പിളർപ്പിൽ നിന്നില്ലെങ്കിൽ അവൻ അവരെ നശിപ്പിച്ചുകളയുമായിരുന്നു. അവർ മനോഹരദേശത്തെ നിരസിച്ചു; അവന്റെ വചനത്തെ വിശ്വസിച്ചതുമില്ല. അവർ തങ്ങളുടെ കൂടാരങ്ങളിൽവച്ചു പിറുപിറുത്തു; യഹോവയുടെ വചനം കേൾക്കാതെയിരുന്നു. അതുകൊണ്ട് അവൻ: മരുഭൂമിയിൽ അവരെ വീഴിക്കുമെന്നും അവരുടെ സന്തതിയെ ജാതികളുടെ ഇടയിൽ നശിപ്പിക്കുമെന്നും അവരെ ദേശങ്ങളിൽ ചിതറിച്ചുകളയുമെന്നും അവർക്കു വിരോധമായി തന്റെ കൈ ഉയർത്തി സത്യം ചെയ്തു. അനന്തരം അവർ ബാൽപെയോരിനോടു ചേർന്നു; പ്രേതങ്ങൾക്കുള്ള ബലികളെ തിന്നു. ഇങ്ങനെ അവർ തങ്ങളുടെ ക്രിയകളാൽ അവനെ കോപിപ്പിച്ചു; പെട്ടെന്ന് ഒരു ബാധ അവർക്കു തട്ടി. അപ്പോൾ ഫീനെഹാസ് എഴുന്നേറ്റു ശിക്ഷ നടത്തി; ബാധ നിർത്തലാകയും ചെയ്തു. അത് എന്നേക്കും തലമുറതലമുറയായി അവന് നീതിയായി എണ്ണിയിരിക്കുന്നു. മെരീബാവെള്ളത്തിങ്കലും അവർ അവനെ കോപിപ്പിച്ചു; അവരുടെ നിമിത്തം മോശെക്കും ദോഷം ഭവിച്ചു. അവർ അവന്റെ മനസ്സിനെ കോപിപ്പിച്ചതുകൊണ്ട് അവൻ അധരങ്ങളാൽ അവിവേകം സംസാരിച്ചുപോയി.
സങ്കീർത്തനങ്ങൾ 106 വായിക്കുക
കേൾക്കുക സങ്കീർത്തനങ്ങൾ 106
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: സങ്കീർത്തനങ്ങൾ 106:16-33
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ഭവനം
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ