സങ്കീർത്തനങ്ങൾ 104:18-35

സങ്കീർത്തനങ്ങൾ 104:18-35 MALOVBSI

ഉയർന്ന മലകൾ കാട്ടാടുകൾക്കും പാറകൾ കുഴിമുയലുകൾക്കും സങ്കേതമാകുന്നു. അവൻ കാലനിർണയത്തിനായി ചന്ദ്രനെ നിയമിച്ചു; സൂര്യൻ തന്റെ അസ്തമയത്തെ അറിയുന്നു. നീ ഇരുട്ടു വരുത്തുന്നു; രാത്രി ഉണ്ടാകുന്നു; അപ്പോൾ കാട്ടുമൃഗങ്ങളൊക്കെയും സഞ്ചാരം തുടങ്ങുന്നു. ബാലസിംഹങ്ങൾ ഇരയ്ക്കായി അലറുന്നു; അവ ദൈവത്തോട് തങ്ങളുടെ ആഹാരം ചോദിക്കുന്നു. സൂര്യൻ ഉദിക്കുമ്പോൾ അവ മടങ്ങുന്നു; തങ്ങളുടെ ഗുഹകളിൽ ചെന്നു കിടക്കുന്നു. മനുഷ്യൻ തന്റെ പണിക്കു പുറപ്പെടുന്നു; സന്ധ്യവരെയുള്ള തന്റെ വേലയ്ക്കായി തന്നെ. യഹോവേ, നിന്റെ പ്രവൃത്തികൾ എത്ര പെരുകിയിരിക്കുന്നു! ജ്ഞാനത്തോടെ നീ അവയെയൊക്കെയും ഉണ്ടാക്കിയിരിക്കുന്നു; ഭൂമി നിന്റെ സൃഷ്‍ടികളാൽ നിറഞ്ഞിരിക്കുന്നു. വലിപ്പവും വിസ്താരവും ഉള്ള സമുദ്രം അതാ കിടക്കുന്നു! അതിൽ സഞ്ചരിക്കുന്ന ചെറിയതും വലിയതുമായ അസംഖ്യജന്തുക്കൾ ഉണ്ട്. അതിൽ കപ്പലുകൾ ഓടുന്നു; അതിൽ കളിപ്പാൻ നീ ഉണ്ടാക്കിയ ലിവ്യാഥാൻ ഉണ്ട്. തക്കസമയത്ത് തീൻ കിട്ടേണ്ടതിന് ഇവയൊക്കെയും നിന്നെ കാത്തിരിക്കുന്നു. നീ കൊടുക്കുന്നതിനെ അവ പെറുക്കുന്നു തൃക്കൈ തുറക്കുമ്പോൾ അവയ്ക്ക് നന്മകൊണ്ടു തൃപ്തിവരുന്നു. തിരുമുഖത്തെ മറയ്ക്കുമ്പോൾ അവ ഭ്രമിച്ചുപോകുന്നു; നീ അവയുടെ ശ്വാസം എടുക്കുമ്പോൾ അവ ചത്ത് പൊടിയിലേക്കു തിരികെ ചേരുന്നു; നീ നിന്റെ ശ്വാസം അയയ്ക്കുമ്പോൾ അവ സൃഷ്‍ടിക്കപ്പെടുന്നു; നീ ഭൂമിയുടെ മുഖത്തെ പുതുക്കുന്നു. യഹോവയുടെ മഹത്ത്വം എന്നേക്കും നില്ക്കുമാറാകട്ടെ; യഹോവ തന്റെ പ്രവൃത്തികളിൽ സന്തോഷിക്കട്ടെ. അവൻ ഭൂമിയെ നോക്കുന്നു, അതു വിറയ്ക്കുന്നു; അവൻ മലകളെ തൊടുന്നു, അവ പുകയുന്നു. എന്റെ ആയുഷ്കാലത്തൊക്കെയും ഞാൻ യഹോവയ്ക്കു പാടും; ഞാൻ ഉള്ളേടത്തോളം എന്റെ ദൈവത്തിന് കീർത്തനം പാടും. എന്റെ ധ്യാനം അവനു പ്രസാദകരമായിരിക്കട്ടെ; ഞാൻ യഹോവയിൽ സന്തോഷിക്കും. പാപികൾ ഭൂമിയിൽനിന്നു മുടിഞ്ഞുപോകട്ടെ; ദുഷ്ടന്മാർ ഇല്ലാതെയാകട്ടെ; എൻ മനമേ, യഹോവയെ വാഴ്ത്തുക; യഹോവയെ സ്തുതിപ്പിൻ.