സങ്കീർത്തനങ്ങൾ 102:18-28

സങ്കീർത്തനങ്ങൾ 102:18-28 MALOVBSI

വരുവാനിരിക്കുന്ന തലമുറയ്ക്കുവേണ്ടി ഇത് എഴുതിവയ്ക്കും; സൃഷ്‍ടിക്കപ്പെടുവാനുള്ള ജനം യഹോവയെ സ്തുതിക്കും. യഹോവയെ സേവിപ്പാൻ ജാതികളും രാജ്യങ്ങളും കൂടിവന്നപ്പോൾ സീയോനിൽ യഹോവയുടെ നാമത്തെയും യെരൂശലേമിൽ അവന്റെ സ്തുതിയെയും പ്രസ്താവിക്കേണ്ടതിനു ബദ്ധന്മാരുടെ ഞരക്കം കേൾപ്പാനും മരണത്തിനു നിയമിക്കപ്പെട്ടവരെ വിടുവിപ്പാനും യഹോവ തന്റെ വിശുദ്ധമായ ഉയരത്തിൽനിന്നു നോക്കി സ്വർഗത്തിൽനിന്നു ഭൂമിയെ തൃക്കൺപാർത്തുവല്ലോ. അവൻ വഴിയിൽവച്ച് എന്റെ ബലം ക്ഷയിപ്പിച്ചു; അവൻ എന്റെ നാളുകളെ ചുരുക്കിയിരിക്കുന്നു. എന്റെ ദൈവമേ, ആയുസ്സിന്റെ മധ്യത്തിൽ എന്നെ എടുത്തുകളയരുതേ എന്നു ഞാൻ പറഞ്ഞു; നിന്റെ സംവത്സരങ്ങൾ തലമുറതലമുറയായി ഇരിക്കുന്നു. പൂർവകാലത്തു നീ ഭൂമിക്ക് അടിസ്ഥാനമിട്ടു; ആകാശം നിന്റെ കൈകളുടെ പ്രവൃത്തി ആകുന്നു. അവ നശിക്കും നീയോ നിലനില്ക്കും; അവയെല്ലാം വസ്ത്രംപോലെ പഴകിപ്പോകും; ഉടുപ്പുപോലെ നീ അവയെ മാറ്റും; അവ മാറിപ്പോകയും ചെയ്യും. നീയോ അനന്യനാകുന്നു; നിന്റെ സംവത്സരങ്ങൾ അവസാനിക്കയുമില്ല. നിന്റെ ദാസന്മാരുടെ മക്കൾ നിർഭയം വസിക്കും; അവരുടെ സന്തതി നിന്റെ സന്നിധിയിൽ നിലനില്ക്കും.