സദൃശവാക്യങ്ങൾ 8:14-26

സദൃശവാക്യങ്ങൾ 8:14-26 MALOVBSI

ആലോചനയും പരിജ്ഞാനവും എനിക്കുള്ളത്; ഞാൻ തന്നെ വിവേകം; എനിക്കു വീര്യബലം ഉണ്ട്. ഞാൻ മുഖാന്തരം രാജാക്കന്മാർ വാഴുന്നു; പ്രഭുക്കന്മാർ നീതിയെ നടത്തുന്നു. ഞാൻ മുഖാന്തരം അധിപതിമാരും പ്രധാനികളും ഭൂമിയിലെ ന്യായാധിപന്മാരൊക്കെയും ആധിപത്യം നടത്തുന്നു. എന്നെ സ്നേഹിക്കുന്നവരെ ഞാൻ സ്നേഹിക്കുന്നു; എന്നെ ജാഗ്രതയോടെ അന്വേഷിക്കുന്നവർ എന്നെ കണ്ടെത്തും. എന്റെ പക്കൽ ധനവും മാനവും പുരാതനസമ്പത്തും നീതിയും ഉണ്ട്. എന്റെ ഫലം പൊന്നിലും തങ്കത്തിലും എന്റെ ആദായം മേത്തരമായ വെള്ളിയിലും നല്ലത്. എന്നെ സ്നേഹിക്കുന്നവർക്ക് വസ്തുവക അവകാശമാക്കി കൊടുക്കയും അവരുടെ ഭണ്ഡാരങ്ങളെ നിറയ്ക്കയും ചെയ്യേണ്ടതിന് ഞാൻ നീതിയുടെ മാർഗത്തിലും ന്യായത്തിന്റെ പാതകളിലും നടക്കുന്നു. യഹോവ പണ്ടുപണ്ടേ തന്റെ വഴിയുടെ ആരംഭമായി, തന്റെ പ്രവൃത്തികളുടെ ആദ്യമായി എന്നെ ഉളവാക്കി. ഞാൻ പുരാതനമേ, ആദിയിൽ തന്നെ, ഭൂമിയുടെ ഉൽപത്തിക്കുമുമ്പേ നിയമിക്കപ്പെട്ടിരിക്കുന്നു. ആഴങ്ങൾ ഇല്ലാതിരുന്നപ്പോൾ ഞാൻ ജനിച്ചിരിക്കുന്നു; വെള്ളം നിറഞ്ഞ ഉറവുകൾ ഇല്ലാതിരുന്നപ്പോൾ തന്നെ. പർവതങ്ങളെ സ്ഥാപിച്ചതിനു മുമ്പേയും കുന്നുകൾക്കു മുമ്പേയും ഞാൻ ജനിച്ചിരിക്കുന്നു. അവൻ ഭൂമിയെയും വയലുകളെയും ഭൂതലത്തിന്റെ പൊടിയുടെ തുകയെയും ഉണ്ടാക്കിയിട്ടില്ലാത്ത സമയത്തു തന്നെ.