സദൃശവാക്യങ്ങൾ 30
30
1യാക്കേയുടെ മകനായ ആഗൂരിന്റെ വചനങ്ങൾ; ഒരു അരുളപ്പാട്;
ആ പുരുഷന്റെ വാക്യമാവിത്:
ദൈവമേ, ഞാൻ അധ്വാനിച്ചു,
ദൈവമേ, ഞാൻ അധ്വാനിച്ചു ക്ഷയിച്ചിരിക്കുന്നു.
2ഞാൻ സകല മനുഷ്യരിലും മൃഗപ്രായനത്രേ;
മാനുഷബുദ്ധി എനിക്കില്ല;
3ഞാൻ ജ്ഞാനം അഭ്യസിച്ചിട്ടില്ല;
പരിശുദ്ധനായവന്റെ പരിജ്ഞാനം എനിക്കില്ല.
4സ്വർഗത്തിൽ കയറുകയും ഇറങ്ങിവരികയും ചെയ്തവൻ ആർ?
കാറ്റിനെ തന്റെ മുഷ്‍ടിയിൽ പിടിച്ചടക്കിയവനാർ?
വെള്ളങ്ങളെ വസ്ത്രത്തിൽ കെട്ടിയവൻ ആർ?
ഭൂമിയുടെ അറുതികളെയൊക്കെയും നിയമിച്ചവൻ ആർ?
അവന്റെ പേരെന്ത്? അവന്റെ മകന്റെ പേരെന്ത്? നിനക്കറിയാമോ?
5ദൈവത്തിന്റെ സകല വചനവും ശുദ്ധി ചെയ്തതാകുന്നു;
തന്നിൽ ആശ്രയിക്കുന്നവർക്ക് അവൻ പരിച തന്നെ.
6അവന്റെ വചനങ്ങളോടു നീ ഒന്നും കൂട്ടരുത്;
അവൻ നിന്നെ വിസ്തരിച്ചിട്ടു നീ കള്ളനാകുവാൻ ഇടവരരുത്.
7രണ്ടു കാര്യം ഞാൻ നിന്നോട് അപേക്ഷിക്കുന്നു;
ജീവപര്യന്തം അവ എനിക്കു നിഷേധിക്കരുതേ;
8വ്യാജവും ഭോഷ്കും എന്നോട് അകറ്റേണമേ;
ദാരിദ്ര്യവും സമ്പത്തും എനിക്കു തരാതെ
നിത്യവൃത്തി തന്ന് എന്നെ പോഷിപ്പിക്കേണമേ.
9ഞാൻ തൃപ്തനായിത്തീർന്നിട്ട്: യഹോവ ആർ എന്നു നിന്നെ നിഷേധിപ്പാനും
ദരിദ്രനായിത്തീർന്നിട്ടു മോഷ്‍ടിച്ച് എന്റെ ദൈവത്തിന്റെ നാമത്തെ തീണ്ടിപ്പാനും സംഗതി വരരുതേ.
10ദാസനെക്കുറിച്ചു യജമാനനോട് ഏഷണി പറയരുത്;
അവൻ നിന്നെ ശപിപ്പാനും നീ കുറ്റക്കാരനായിത്തീരുവാനും ഇടവരരുത്.
11അപ്പനെ ശപിക്കയും അമ്മയെ
അനുഗ്രഹിക്കാതിരിക്കയും ചെയ്യുന്നോരു തലമുറ!
12തങ്ങൾക്കു തന്നെ നിർമ്മലരായിത്തോന്നുന്നവരും
അശുദ്ധി കഴുകിക്കളയാത്തവരുമായോരു തലമുറ!
13അയ്യോ ഈ തലമുറയുടെ കണ്ണുകൾ എത്ര ഉയർന്നിരിക്കുന്നു-
അവരുടെ കണ്ണിമകൾ എത്ര പൊങ്ങിയിരിക്കുന്നു-
14എളിയവരെ ഭൂമിയിൽനിന്നും
ദരിദ്രരെ മനുഷ്യരുടെ ഇടയിൽനിന്നും തിന്നുകളവാൻ തക്കവണ്ണം
മുമ്പല്ല് വാളായും അണപ്പല്ല് കത്തിയായും ഇരിക്കുന്നോരു തലമുറ!
15കന്നട്ടയ്ക്കു: തരിക, തരിക എന്ന രണ്ടു പുത്രിമാർ ഉണ്ട്;
ഒരിക്കലും തൃപ്തിവരാത്തതു മൂന്നുണ്ട്;
മതി എന്നു പറയാത്തതു നാലുണ്ട്:
16പാതാളവും വന്ധ്യയുടെ ഗർഭപാത്രവും വെള്ളം കുടിച്ചു തൃപ്തിവരാത്ത ഭൂമിയും മതി എന്നു പറയാത്ത തീയും തന്നെ.
17അപ്പനെ പരിഹസിക്കയും അമ്മയെ അനുസരിക്കാതിരിക്കയും ചെയ്യുന്ന കണ്ണിനെ
തോട്ടരികത്തെ കാക്ക കൊത്തിപ്പറിക്കയും കഴുകിൻകുഞ്ഞുങ്ങൾ തിന്നുകയും ചെയ്യും.
18എനിക്ക് അതിവിസ്മയമായി തോന്നുന്നതു മൂന്നുണ്ട്;
എനിക്ക് അറിഞ്ഞുകൂടാത്തതു നാലുണ്ട്:
19ആകാശത്ത് കഴുകന്റെ വഴിയും
പാറമേൽ സർപ്പത്തിന്റെ വഴിയും
സമുദ്രമധ്യേ കപ്പലിന്റെ വഴിയും
കന്യകയോടുകൂടെ പുരുഷന്റെ വഴിയും തന്നെ.
20വ്യഭിചാരിണിയുടെ വഴിയും അങ്ങനെ തന്നെ.
അവൾ തിന്നു വായ് തുടച്ചിട്ടു ഞാൻ ഒരു ദോഷവും ചെയ്തിട്ടില്ലെന്നു പറയുന്നു.
21മൂന്നിന്റെ നിമിത്തം ഭൂമി വിറയ്ക്കുന്നു;
നാലിന്റെ നിമിത്തം അതിനു സഹിച്ചുകൂടാ:
22ദാസൻ രാജാവായാൽ അവന്റെ നിമിത്തവും
ഭോഷൻ തിന്നു തൃപ്തനായാൽ അവന്റെ നിമിത്തവും
23വിലക്ഷണയ്ക്കു വിവാഹം കഴിഞ്ഞാൽ അവളുടെ നിമിത്തവും
ദാസി യജമാനത്തിയുടെ സ്ഥാനം പ്രാപിച്ചാൽ അവളുടെ നിമിത്തവും തന്നെ.
24ഭൂമിയിൽ എത്രയും ചെറിയവയെങ്കിലും
അത്യന്തം ജ്ഞാനമുള്ളവയായിട്ട് നാലുണ്ട്:
25ഉറുമ്പ് ബലഹീനജാതി എങ്കിലും
അതു വേനൽക്കാലത്ത് ആഹാരം സമ്പാദിച്ചുവയ്ക്കുന്നു.
26കുഴിമുയൽ ശക്തിയില്ലാത്ത ജാതി
എങ്കിലും അതു പാറയിൽ പാർപ്പിടം ഉണ്ടാക്കുന്നു.
27വെട്ടുക്കിളിക്കു രാജാവില്ല എങ്കിലും
അതൊക്കെയും അണിയണിയായി പുറപ്പെടുന്നു.
28പല്ലിയെ കൈകൊണ്ടു പിടിക്കാം എങ്കിലും
അതു രാജാക്കന്മാരുടെ അരമനകളിൽ പാർക്കുന്നു.
29ചന്തമായി നടകൊള്ളുന്നതു മൂന്നുണ്ട്; ചന്തമായി നടക്കുന്നതു നാലുണ്ട്:
30മൃഗങ്ങളിൽവച്ചു ശക്തിയേറിയതും
ഒന്നിനും വഴിമാറാത്തതുമായ സിംഹവും
31നായാട്ടുനായും കോലാട്ടുകൊറ്റനും
സൈന്യസമേതനായ രാജാവും തന്നെ.
32നീ നിഗളിച്ചു ഭോഷത്തം പ്രവർത്തിക്കയോ
ദോഷം നിരൂപിക്കയോ ചെയ്തുപോയെങ്കിൽ
കൈകൊണ്ടു വായ് പൊത്തിക്കൊൾക.
33പാൽ കടഞ്ഞാൽ വെണ്ണയുണ്ടാകും;
മൂക്കു ഞെക്കിയാൽ ചോര വരും;
കോപം ഇളക്കിയാൽ വഴക്കുണ്ടാകും.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
സദൃശവാക്യങ്ങൾ 30: MALOVBSI
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
Malayalam OV Bible - സത്യവേദപുസ്തകം
© The Bible Society of India, 2016.
Used by permission. All rights reserved worldwide.