സദൃശവാക്യങ്ങൾ 26:13-28

സദൃശവാക്യങ്ങൾ 26:13-28 MALOVBSI

വഴിയിൽ കേസരി ഉണ്ട്, തെരുക്കളിൽ സിംഹം ഉണ്ട് എന്നിങ്ങനെ മടിയൻ പറയുന്നു. കതക് ചുഴിക്കുറ്റിയിൽ എന്നപോലെ മടിയൻ തന്റെ കിടക്കയിൽ തിരിയുന്നു. മടിയൻ തന്റെ കൈ തളികയിൽ പൂത്തുന്നു; വായിലേക്കു തിരികെ കൊണ്ടുവരുന്നത് അവനു പ്രയാസം. ബുദ്ധിയോടെ പ്രതിവാദിപ്പാൻ പ്രാപ്തിയുള്ള ഏഴു പേരിലും താൻ ജ്ഞാനി എന്നു മടിയനു തോന്നുന്നു. തന്നെ സംബന്ധിക്കാത്ത വഴക്കിൽ ഇടപെടുന്നവൻ വഴിയെ പോകുന്ന നായുടെ ചെവിക്കു പിടിക്കുന്നവനെപ്പോലെ. കൂട്ടുകാരനെ വഞ്ചിച്ചിട്ട് അതു കളി എന്നു പറയുന്ന മനുഷ്യൻ തീക്കൊള്ളികളും അമ്പുകളും മരണവും എറിയുന്ന ഭ്രാന്തനെപ്പോലെയാകുന്നു. വിറക് ഇല്ലാഞ്ഞാൽ തീ കെട്ടുപോകും; നുണയൻ ഇല്ലാഞ്ഞാൽ വഴക്കും ഇല്ലാതെയാകും. കരി കനലിനും വിറകു തീക്കും എന്നപോലെ വഴക്കുകാരൻ കലഹം ജ്വലിക്കുന്നതിനു കാരണം. ഏഷണിക്കാരന്റെ വാക്ക് സ്വാദുഭോജനംപോലെ; അതു വയറ്റിന്റെ അറകളിലേക്കു ചെല്ലുന്നു. സ്നേഹം ജ്വലിക്കുന്ന അധരവും ദുഷ്ടഹൃദയവും വെള്ളിക്കീടം പൊതിഞ്ഞ മൺകുടംപോലെയാകുന്നു. പകയ്ക്കുന്നവൻ അധരംകൊണ്ടു വേഷം ധരിക്കുന്നു; ഉള്ളിലോ അവൻ ചതിവ് സംഗ്രഹിച്ചു വയ്ക്കുന്നു. അവൻ ഇമ്പമായി സംസാരിക്കുമ്പോൾ അവനെ വിശ്വസിക്കരുത്; അവന്റെ ഹൃദയത്തിൽ ഏഴു വെറുപ്പ് ഉണ്ട്. അവന്റെ പക കപടംകൊണ്ടു മറച്ചുവച്ചാലും അവന്റെ ദുഷ്ടത സഭയുടെ മുമ്പിൽ വെളിപ്പെട്ടുവരും. കുഴി കുഴിക്കുന്നവൻ അതിൽ വീഴും; കല്ല് ഉരുട്ടുന്നവന്റെമേൽ അതു തിരിഞ്ഞുരുളും. ഭോഷ്കു പറയുന്ന നാവ് അതിനാൽ തകർന്നവരെ ദ്വേഷിക്കുന്നു; മുഖസ്തുതി പറയുന്ന വായ് നാശം വരുത്തുന്നു.