സദൃശവാക്യങ്ങൾ 19:1-15

സദൃശവാക്യങ്ങൾ 19:1-15 MALOVBSI

വികടാധരം ഉള്ള മൂഢനെക്കാൾ പരമാർഥതയിൽ നടക്കുന്ന ദരിദ്രൻ ഉത്തമൻ. പരിജ്ഞാനമില്ലാത്ത മനസ്സ് നന്നല്ല; തത്രപ്പെട്ടു കാൽ വയ്ക്കുന്നവനോ പിഴച്ചുപോകുന്നു. മനുഷ്യന്റെ ഭോഷത്തം അവന്റെ വഴിയെ മറിച്ചുകളയുന്നു; അവന്റെ ഹൃദയമോ യഹോവയോടു മുഷിഞ്ഞുപോകുന്നു. സമ്പത്ത് സ്നേഹിതന്മാരെ വർധിപ്പിക്കുന്നു; എളിയവനോ കൂട്ടുകാരനോട് അകന്നിരിക്കുന്നു. കള്ളസ്സാക്ഷിക്കു ശിക്ഷ വരാതിരിക്കയില്ല; ഭോഷ്കു നിശ്വസിക്കുന്നവൻ ഒഴിഞ്ഞുപോകയുമില്ല. പ്രഭുവിന്റെ പ്രീതി സമ്പാദിപ്പാൻ പലരും നോക്കുന്നു; ദാനം ചെയ്യുന്നവന് ഏവനും സ്നേഹിതൻ. ദരിദ്രന്റെ സഹോദരന്മാരെല്ലാം അവനെ പകയ്ക്കുന്നു; അവന്റെ സ്നേഹിതന്മാർ എത്ര അധികം അകന്നുനില്ക്കും? അവൻ വാക്ക് തിരയുമ്പോഴേക്ക് അവരെ കാൺമാനില്ല. ബുദ്ധി സമ്പാദിക്കുന്നവൻ തന്റെ പ്രാണനെ സ്നേഹിക്കുന്നു; ബോധം കാത്തുകൊള്ളുന്നവൻ നന്മ പ്രാപിക്കും. കള്ളസ്സാക്ഷിക്കു ശിക്ഷ വരാതിരിക്കയില്ല; ഭോഷ്കു നിശ്വസിക്കുന്നവൻ നശിച്ചുപോകും. സുഖജീവനം ഭോഷനു യോഗ്യമല്ല; പ്രഭുക്കന്മാരുടെമേൽ കർത്തൃത്വം നടത്തുന്നതോ ദാസന് എങ്ങനെ? വിവേകബുദ്ധിയാൽ മനുഷ്യനു ദീർഘക്ഷമ വരുന്നു; ലംഘനം ക്ഷമിക്കുന്നത് അവനു ഭൂഷണം. രാജാവിന്റെ ക്രോധം സിംഹഗർജനത്തിനു തുല്യം; അവന്റെ പ്രസാദമോ പുല്ലിന്മേലുള്ള മഞ്ഞുപോലെ. മൂഢനായ മകൻ അപ്പനു നിർഭാഗ്യം; ഭാര്യയുടെ കലമ്പൽ തീരാത്ത ചോർച്ചപോലെ. ഭവനവും സമ്പത്തും പിതാക്കന്മാർ വച്ചേക്കുന്ന അവകാശം; ബുദ്ധിയുള്ള ഭാര്യയോ യഹോവയുടെ ദാനം. മടി ഗാഢനിദ്രയിൽ വീഴിക്കുന്നു; അലസചിത്തൻ പട്ടിണികിടക്കും.