സദൃശവാക്യങ്ങൾ 10

10
1ശലോമോന്റെ സദൃശവാക്യങ്ങൾ.
ജ്ഞാനമുള്ള മകൻ അപ്പനെ സന്തോഷിപ്പിക്കുന്നു;
ഭോഷനായ മകൻ അമ്മയ്ക്ക് വ്യസനഹേതുവാകുന്നു.
2ദുഷ്ടതയാൽ സമ്പാദിച്ച നിക്ഷേപങ്ങൾ ഉപകരിക്കുന്നില്ല;
നീതിയോ മരണത്തിൽനിന്നു വിടുവിക്കുന്നു.
3യഹോവ നീതിമാനെ പട്ടിണി കിടത്തുകയില്ല;
ദുഷ്ടന്മാരുടെ കൊതിയോ അവൻ തള്ളിക്കളയുന്നു.
4മടിയുള്ള കൈകൊണ്ടു പ്രവർത്തിക്കുന്നവൻ ദരിദ്രനായിത്തീരുന്നു;
ഉത്സാഹിയുടെ കൈയോ സമ്പത്തുണ്ടാക്കുന്നു.
5വേനൽക്കാലത്ത് ശേഖരിച്ചുവയ്ക്കുന്നവൻ ബുദ്ധിമാൻ;
കൊയ്ത്തുകാലത്ത് ഉറങ്ങുന്നവനോ നാണംകെട്ടവൻ.
6നീതിമാന്റെ ശിരസ്സിന്മേൽ അനുഗ്രഹങ്ങൾ വരുന്നു;
എന്നാൽ ദുഷ്ടന്മാരുടെ വായ് സാഹസം മൂടുന്നു.
7നീതിമാന്റെ ഓർമ അനുഗ്രഹിക്കപ്പെട്ടത്;
ദുഷ്ടന്മാരുടെ പേരോ കെട്ടുപോകും.
8ജ്ഞാനഹൃദയൻ കല്പനകളെ കൈക്കൊള്ളുന്നു;
വിടുവായനായ ഭോഷനോ വീണുപോകും.
9നേരായി നടക്കുന്നവൻ നിർഭയമായി നടക്കുന്നു;
നടപ്പിൽ വക്രതയുള്ളവനോ വെളിപ്പെട്ടുവരും.
10കണ്ണുകൊണ്ട് ആംഗ്യം കാട്ടുന്നവൻ ദുഃഖം വരുത്തുന്നു;
തുറന്നു ശാസിക്കുന്നവനോ സമാധാനം ഉണ്ടാക്കുന്നു.
11നീതിമാന്റെ വായ് ജീവന്റെ ഉറവാകുന്നു.
എന്നാൽ ദുഷ്ടന്മാരുടെ വായ് സാഹസം മൂടുന്നു.
12പക വഴക്കുകൾക്കു കാരണം ആകുന്നു;
സ്നേഹമോ, സകല ലംഘനങ്ങളെയും മൂടുന്നു.
13വിവേകിയുടെ അധരങ്ങളിൽ ജ്ഞാനം ഉണ്ട്;
ബുദ്ധിഹീനന്റെ മുതുകിനോ വടി കൊള്ളാം.
14ജ്ഞാനികൾ പരിജ്ഞാനം അടക്കിവയ്ക്കുന്നു;
ഭോഷന്റെ വായോ അടുത്തിരിക്കുന്ന നാശം.
15ധനവാന്റെ സമ്പത്ത്, അവന് ഉറപ്പുള്ളൊരു പട്ടണം;
എളിയവരുടെ നാശമോ അവരുടെ ദാരിദ്ര്യം തന്നെ.
16നീതിമാന്റെ സമ്പാദ്യം ജീവഹേതുവും
ദുഷ്ടന്റെ ആദായം പാപകാരണവും ആകുന്നു.
17പ്രബോധനം പ്രമാണിക്കുന്നവൻ ജീവമാർഗത്തിൽ ഇരിക്കുന്നു;
ശാസന ത്യജിക്കുന്നവനോ ഉഴന്നു നടക്കുന്നു.
18പക മറച്ചുവയ്ക്കുന്നവൻ പൊളിവായൻ;
ഏഷണി പറയുന്നവൻ ഭോഷൻ.
19വാക്കു പെരുകിയാൽ ലംഘനം ഇല്ലാതിരിക്കയില്ല;
അധരങ്ങളെ അടക്കുന്നവനോ ബുദ്ധിമാൻ.
20നീതിമാന്റെ നാവ് മേത്തരമായ വെള്ളി;
ദുഷ്ടന്മാരുടെ ഹൃദയമോ നിസ്സാരം.
21നീതിമാന്റെ അധരങ്ങൾ പലരെയും പോഷിപ്പിക്കും;
ഭോഷന്മാരോ ബുദ്ധിഹീനതയാൽ മരിക്കുന്നു.
22യഹോവയുടെ അനുഗ്രഹത്താൽ സമ്പത്തുണ്ടാകുന്നു;
അദ്ധ്വാനത്താൽ അതിനോട് ഒന്നും കൂടുന്നില്ല.
23ദോഷം ചെയ്യുന്നതു ഭോഷനു കളിയാകുന്നു;
ജ്ഞാനം വിവേകിക്ക് അങ്ങനെ തന്നെ.
24ദുഷ്ടൻ പേടിക്കുന്നതുതന്നെ അവനു ഭവിക്കും;
നീതിമാന്മാരുടെ ആഗ്രഹമോ സാധിക്കും.
25ചുഴലിക്കാറ്റു കടന്നുപോകുമ്പോൾ ദുഷ്ടൻ ഇല്ലാതെയായി;
നീതിമാനോ ശാശ്വതമായ അടിസ്ഥാനം ഉള്ളവൻ.
26ചൊറുക്ക പല്ലിനും പുക കണ്ണിനും ആകുന്നതുപോലെ
മടിയൻ തന്നെ അയയ്ക്കുന്നവർക്ക് ആകുന്നു.
27യഹോവാഭക്തി ആയുസ്സിനെ ദീർഘമാക്കുന്നു;
ദുഷ്ടന്മാരുടെ സംവത്സരങ്ങളോ കുറഞ്ഞുപോകും.
28നീതിമാന്മാരുടെ പ്രത്യാശ സന്തോഷമാകുന്നു;
ദുഷ്ടന്മാരുടെ പ്രതീക്ഷയ്ക്കോ ഭംഗം വരും.
29യഹോവയുടെ വഴി നേരുള്ളവന് ഒരു ദുർഗം;
ദുഷ്പ്രവൃത്തിക്കാർക്കോ അതു നാശകരം.
30നീതിമാൻ ഒരുനാളും കുലുങ്ങിപ്പോകയില്ല;
ദുഷ്ടന്മാരോ ദേശത്ത് വസിക്കയില്ല.
31നീതിമാന്റെ വായ് ജ്ഞാനം മുളപ്പിക്കുന്നു;
വക്രതയുള്ള നാവോ ഛേദിക്കപ്പെടും.
32നീതിമാന്റെ അധരങ്ങൾ പ്രസാദകരമായത് അറിയുന്നു;
ദുഷ്ടന്മാരുടെ വായോ വക്രതയുള്ളതാകുന്നു.

നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:

സദൃശവാക്യങ്ങൾ 10: MALOVBSI

ഹൈലൈറ്റ് ചെയ്യുക

പങ്ക് വെക്കു

പകർത്തുക

None

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക