സംഖ്യാപുസ്തകം 9:1-14

സംഖ്യാപുസ്തകം 9:1-14 MALOVBSI

അവർ മിസ്രയീംദേശത്തുനിന്നു പുറപ്പെട്ടുപോന്നതിന്റെ രണ്ടാം സംവത്സരം ഒന്നാം മാസം യഹോവ സീനായിമരുഭൂമിയിൽവച്ചു മോശെയോട് അരുളിച്ചെയ്തത് എന്തെന്നാൽ: യിസ്രായേൽമക്കൾ പെസഹ അതിനു നിശ്ചയിച്ച സമയത്ത് ആചരിക്കേണം. അതിനു നിശ്ചയിച്ച സമയമായ ഈ മാസം പതിന്നാലാം തീയതി വൈകുന്നേരം അത് ആചരിക്കേണം; അതിന്റെ എല്ലാ ചട്ടങ്ങൾക്കും നിയമങ്ങൾക്കും അനുസരണയായി നിങ്ങൾ അത് ആചരിക്കേണം. പെസഹ ആചരിക്കേണമെന്നു മോശെ യിസ്രായേൽമക്കളോടു പറഞ്ഞു. അങ്ങനെ അവർ ഒന്നാം മാസം പതിന്നാലാം തീയതി സന്ധ്യാസമയത്ത് സീനായിമരുഭൂമിയിൽവച്ചു പെസഹ ആചരിച്ചു; യഹോവ മോശെയോടു കല്പിച്ചതുപോലെ യിസ്രായേൽമക്കൾ ചെയ്തു. എന്നാൽ ഒരു മനുഷ്യന്റെ ശവത്താൽ അശുദ്ധരായിത്തീർന്നിട്ട് ആ നാളിൽ പെസഹ ആചരിപ്പാൻ കഴിയാത്ത ചിലർ ഉണ്ടായിരുന്നു; അവർ അന്നുതന്നെ മോശെയുടെയും അഹരോന്റെയും മുമ്പാകെ വന്ന് അവനോട്: ഞങ്ങൾ ഒരുത്തന്റെ ശവത്താൽ അശുദ്ധരായിരിക്കുന്നു; നിശ്ചയിക്കപ്പെട്ട സമയത്ത് യിസ്രായേൽമക്കളുടെ ഇടയിൽ യഹോവയുടെ വഴിപാടു കഴിക്കാതിരിപ്പാൻ ഞങ്ങളെ മുടക്കുന്നത് എന്ത് എന്നു ചോദിച്ചു. മോശെ അവരോട്: നില്പിൻ; യഹോവ നിങ്ങളെക്കുറിച്ചു കല്പിക്കുന്നത് എന്ത് എന്നു ഞാൻ കേൾക്കട്ടെ എന്നു പറഞ്ഞു. എന്നാറെ യഹോവ മോശെയോട് അരുളിച്ചെയ്തത്: നീ യിസ്രായേൽമക്കളോടു പറയേണ്ടത് എന്തെന്നാൽ: നിങ്ങളിലോ നിങ്ങളുടെ സന്തതികളിലോ വല്ലവനും ശവത്താൽ അശുദ്ധനാകയോ ദൂരയാത്രയിൽ ആയിരിക്കയോ ചെയ്താലും അവൻ യഹോവയ്ക്കു പെസഹ ആചരിക്കേണം. രണ്ടാം മാസം പതിന്നാലാം തീയതി സന്ധ്യാസമയത്ത് അവർ അത് ആചരിച്ചു പുളിപ്പില്ലാത്ത അപ്പത്തോടും കയ്പുചീരയോടുംകൂടെ അതു ഭക്ഷിക്കേണം. രാവിലത്തേക്ക് അതിൽ ഒന്നും ശേഷിപ്പിച്ചു വയ്ക്കരുത്; അതിന്റെ അസ്ഥി ഒന്നും ഒടിക്കയും അരുത്; പെസഹയുടെ ചട്ടപ്രകാരമൊക്കെയും അവർ അത് ആചരിക്കേണം. എന്നാൽ ശുദ്ധിയുള്ളവനും പ്രയാണത്തിൽ അല്ലാത്തവനുമായ ഒരുത്തൻ പെസഹ ആചരിക്കാതെ വീഴ്ച വരുത്തിയാൽ അവനെ അവന്റെ ജനത്തിൽനിന്നു ഛേദിച്ചുകളയേണം; നിശ്ചയിച്ച സമയത്ത് യഹോവയുടെ വഴിപാടു കഴിക്കായ്കകൊണ്ട് അവൻ തന്റെ പാപം വഹിക്കേണം. നിങ്ങളുടെ ഇടയിൽ വന്നുപാർക്കുന്ന ഒരു പരദേശിക്ക് യഹോവയുടെ പെസഹ ആചരിക്കേണമെങ്കിൽ പെസഹായുടെ ചട്ടത്തിനും നിയമത്തിനും അനുസരണയായി അവൻ ആചരിക്കേണം; പരദേശിക്കാകട്ടെ സ്വദേശിക്കാകട്ടെ നിങ്ങൾക്ക് ഒരു ചട്ടംതന്നെ ആയിരിക്കേണം.