സംഖ്യാപുസ്തകം 33:40-56

സംഖ്യാപുസ്തകം 33:40-56 MALOVBSI

എന്നാൽ കനാൻദേശത്തു തെക്കു പാർത്തിരുന്ന കനാന്യനായ അരാദ്‍രാജാവ് യിസ്രായേൽമക്കളുടെ വരവിനെക്കുറിച്ചു കേട്ടു. ഹോർപർവതത്തിങ്കൽനിന്ന് അവർ പുറപ്പെട്ടു സല്മോനയിൽ പാളയമിറങ്ങി. സല്മോനയിൽനിന്നു പുറപ്പെട്ടു പൂനോനിൽ പാളയമിറങ്ങി. പൂനോനിൽനിന്നു പുറപ്പെട്ടു ഓബോത്തിൽ പാളയമിറങ്ങി. ഓബോത്തിൽനിന്നു പുറപ്പെട്ടു മോവാബിന്റെ അതിരിങ്കൽ ഇയ്യെ-അബാരീമിൽ പാളയമിറങ്ങി. ഈയീമിൽനിന്നു പുറപ്പെട്ടു ദീബോൻഗാദിൽ പാളയമിറങ്ങി. ദീബോൻഗാദിൽനിന്നു പുറപ്പെട്ടു അല്മോദിബ്ലാഥയീമിൽ പാളയമിറങ്ങി. അല്മോദിബ്ലാഥയീമിൽനിന്നു പുറപ്പെട്ടു നെബോവിനു കിഴക്ക് അബാരീം പർവതത്തിങ്കൽ പാളയമിറങ്ങി. അബാരീം പർവതത്തിങ്കൽനിന്നു പുറപ്പെട്ടു യെരീഹോവിനെതിരേ യോർദ്ദാനരികെ മോവാബ്സമഭൂമിയിൽ പാളയമിറങ്ങി. യോർദ്ദാനരികെ മോവാബ്സമഭൂമിയിൽ ബേത്ത്-യെശീമോത്ത്മുതൽ ആബേൽ-ശിത്തീംവരെ പാളയമിറങ്ങി. യെരീഹോവിനെതിരേ യോർദ്ദാനരികെ മോവാബ്സമഭൂമിയിൽവച്ചു യഹോവ മോശെയോട് അരുളിച്ചെയ്തത്: നീ യിസ്രായേൽമക്കളോടു പറയേണ്ടുന്നതെന്തെന്നാൽ: നിങ്ങൾ യോർദ്ദാനക്കരെ കനാൻദേശത്തു കടന്നശേഷം ദേശത്തിലെ സകല നിവാസികളെയും നിങ്ങളുടെ മുമ്പിൽനിന്നു നീക്കിക്കളഞ്ഞ് അവരുടെ വിഗ്രഹങ്ങളെയും ബിംബങ്ങളെയും എല്ലാം തകർത്ത് അവരുടെ സകല പൂജാഗിരികളെയും നശിപ്പിച്ചുകളയേണം. നിങ്ങൾ ദേശം കൈവശമാക്കി അതിൽ കുടിപാർക്കേണം; നിങ്ങൾ കൈവശമാക്കേണ്ടതിനു ഞാൻ ആ ദേശം നിങ്ങൾക്കു തന്നിരിക്കുന്നു. നിങ്ങൾ കുടുംബംകുടുംബമായി ദേശം ചീട്ടിട്ട് അവകാശമാക്കേണം; ആളേറെയുള്ളവർക്ക് ഏറെയും കുറെയുള്ളവർക്ക് കുറെയും അവകാശം കൊടുക്കേണം; അവനവനു ചീട്ട് എവിടെ വീഴുന്നുവോ അവിടെ അവന്റെ അവകാശം ആയിരിക്കേണം; പിതൃഗോത്രം പിതൃഗോത്രമായി നിങ്ങൾക്ക് അവകാശം ലഭിക്കേണം. എന്നാൽ ദേശത്തെ നിവാസികളെ നിങ്ങളുടെ മുമ്പിൽനിന്നു നീക്കിക്കളയാതിരുന്നാൽ നിങ്ങൾ അവരിൽ ശേഷിപ്പിക്കുന്നവർ നിങ്ങളുടെ കണ്ണുകളിൽ മുള്ളുകളും പാർശ്വങ്ങളിൽ കണ്ടകങ്ങളുമായി നിങ്ങൾ പാർക്കുന്ന ദേശത്തു നിങ്ങളെ ഉപദ്രവിക്കും. അത്രയുമല്ല, ഞാൻ അവരോടു ചെയ്‍വാൻ നിരൂപിച്ചതുപോലെ നിങ്ങളോടു ചെയ്യും.