സംഖ്യാപുസ്തകം 16
16
1എന്നാൽ ലേവിയുടെ മകനായ കെഹാത്തിന്റെ മകനായ യിസ്ഹാരിന്റെ മകൻ കോരഹ്, രൂബേൻഗോത്രത്തിൽ എലീയാബിന്റെ പുത്രന്മാരായ ദാഥാൻ, അബീരാം, പേലെത്തിന്റെ മകനായ ഓൻ എന്നിവർ 2യിസ്രായേൽമക്കളിൽ സഭാപ്രധാനികളും സംഘസദസ്യന്മാരും പ്രമാണികളുമായ ഇരുനൂറ്റമ്പതു പുരുഷന്മാരെ കൂട്ടി മോശെയോടു മത്സരിച്ചു. 3അവർ മോശെക്കും അഹരോനും വിരോധമായി കൂട്ടംകൂടി അവരോട്: മതി, മതി; സഭ ഒട്ടൊഴിയാതെ എല്ലാവരും വിശുദ്ധരാകുന്നു; യഹോവ അവരുടെ മധ്യേ ഉണ്ട്; പിന്നെ നിങ്ങൾ യഹോവയുടെ സഭയ്ക്കു മീതെ നിങ്ങളെത്തന്നെ ഉയർത്തുന്നത് എന്ത്? എന്നു പറഞ്ഞു. 4ഇതു കേട്ടപ്പോൾ മോശെ കവിണ്ണു വീണു. 5അവൻ കോരഹിനോടും അവന്റെ എല്ലാ കൂട്ടരോടും പറഞ്ഞത്: നാളെ രാവിലെ യഹോവ തനിക്കുള്ളവർ ആരെന്നും തന്നോടടുപ്പാൻ തക്കവണ്ണം വിശുദ്ധൻ ആരെന്നും കാണിക്കും; താൻ തിരഞ്ഞെടുക്കുന്നവനെ തന്നോട് അടുക്കുമാറാക്കും. 6കോരഹും അവന്റെ എല്ലാ കൂട്ടവുമായുള്ളോരേ, നിങ്ങൾ ഇതു ചെയ്‍വിൻ: 7ധൂപകലശം എടുത്തു നാളെ യഹോവയുടെ സന്നിധിയിൽ അതിൽ തീയിട്ടു ധൂപവർഗം ഇടുവിൻ; യഹോവ തിരഞ്ഞെടുക്കുന്നവൻതന്നെ വിശുദ്ധൻ; ലേവിപുത്രന്മാരേ, മതി, മതി! 8പിന്നെ മോശെ കോരഹിനോടു പറഞ്ഞത്: ലേവിപുത്രന്മാരേ, കേൾപ്പിൻ. 9യഹോവയുടെ തിരുനിവാസത്തിലെ വേല ചെയ്‍വാനും സഭയുടെ ശുശ്രൂഷയ്ക്കായി അവരുടെ മുമ്പാകെ നില്പാനും യിസ്രായേലിന്റെ ദൈവം നിങ്ങളെ തന്റെ അടുക്കൽ വരുത്തേണ്ടതിനു യിസ്രായേൽസഭയിൽനിന്നു നിങ്ങളെ വേർതിരിച്ചതു നിങ്ങൾക്കു പോരായോ? 10അവൻ നിന്നെയും ലേവിപുത്രന്മാരായ നിന്റെ സകല സഹോദരന്മാരെയും തന്നോട് അടുക്കുമാറാക്കിയല്ലോ; നിങ്ങൾ പൗരോഹിത്യംകൂടെ കാംക്ഷിക്കുന്നുവോ? 11ഇതു ഹേതുവായിട്ടു നീയും നിന്റെ കൂട്ടക്കാരൊക്കെയും യഹോവയ്ക്കു വിരോധമായി കൂട്ടം കൂടിയിരിക്കുന്നു; നിങ്ങൾ അഹരോന്റെ നേരേ പിറുപിറുപ്പാൻ തക്കവണ്ണം അവൻ എന്തുമാത്രമുള്ളൂ?
12പിന്നെ മോശെ എലീയാബിന്റെ പുത്രന്മാരായ ദാഥാനെയും അബീരാമിനെയും വിളിപ്പാൻ ആളയച്ചു; അതിന് അവർ: ഞങ്ങൾ വരികയില്ല; 13മരുഭൂമിയിൽ ഞങ്ങളെ കൊല്ലുവാൻ നീ ഞങ്ങളെ പാലും തേനും ഒഴുകുന്ന ദേശത്തുനിന്നു കൊണ്ടുവന്നിരിക്കുന്നതു പോരാഞ്ഞിട്ടു നിന്നെത്തന്നെ ഞങ്ങൾക്ക് അധിപതിയും ആക്കുന്നുവോ? 14അത്രയുമല്ല, നീ ഞങ്ങളെ പാലും തേനും ഒഴുകുന്ന ദേശത്തേക്കു കൊണ്ടുവരികയോ നിലങ്ങളും മുന്തിരിത്തോട്ടങ്ങളും അവകാശമായി തരികയോ ചെയ്തിട്ടില്ല; നീ ഇവരുടെ കണ്ണു ചുഴന്നുകളയുമോ? ഞങ്ങൾ വരികയില്ല എന്നു പറഞ്ഞു. 15അപ്പോൾ മോശെ ഏറ്റവും കോപിച്ച് അവൻ യഹോവയോട്: അവരുടെ വഴിപാടു കടാക്ഷിക്കരുതേ; ഞാൻ അവരുടെ പക്കൽനിന്ന് ഒരു കഴുതയെപ്പോലും വാങ്ങിയിട്ടില്ല; അവരിൽ ഒരുത്തനോടും ഒരു ദോഷം ചെയ്തിട്ടുമില്ല എന്നു പറഞ്ഞു. 16മോശെ കോരഹിനോട്: നീയും നിന്റെ എല്ലാ കൂട്ടവും നാളെ യഹോവയുടെ സന്നിധിയിൽ വരേണം; നീയും അവരും അഹരോനുംകൂടെ തന്നെ. 17നിങ്ങൾ ഓരോരുത്തൻ താന്താന്റെ ധൂപകലശം എടുത്ത് അവയിൽ ധൂപവർഗം ഇട്ട് ഓരോരുത്തൻ ഓരോ ധൂപകലശമായി ഇരുനൂറ്റമ്പത് കലശവും യഹോവയുടെ സന്നിധിയിൽ കൊണ്ടുവരുവിൻ; നീയും അഹരോനുംകൂടെ താന്താന്റെ ധൂപകലശവുമായി വരേണം എന്നു പറഞ്ഞു. 18അങ്ങനെ അവർ ഓരോരുത്തൻ താന്താന്റെ ധൂപകലശം എടുത്തു തീയിട്ട് അതിൽ ധൂപവർഗവും ഇട്ടു മോശെയും അഹരോനുമായി സമാഗമനകൂടാരത്തിന്റെ വാതിൽക്കൽ നിന്നു. 19കോരഹ് അവർക്കു വിരോധമായി സർവസഭയെയും സമാഗമനകൂടാരത്തിന്റെ വാതിൽക്കൽ കൂട്ടിവരുത്തി; അപ്പോൾ യഹോവയുടെ തേജസ്സ് സർവസഭയ്ക്കും പ്രത്യക്ഷമായി.
20യഹോവ മോശെയോടും അഹരോനോടും: 21ഈ സഭയുടെ മധ്യേനിന്നു മാറിപ്പോകുവിൻ; ഞാൻ അവരെ ക്ഷണത്തിൽ സംഹരിക്കും എന്നു കല്പിച്ചു. 22അപ്പോൾ അവർ കവിണ്ണുവീണു: സകല ജനത്തിന്റെയും ആത്മാക്കൾക്ക് ഉടയവനാകുന്ന ദൈവമേ, ഒരു മനുഷ്യൻ പാപം ചെയ്തതിനു നീ സർവസഭയോടും കോപിക്കുമോ എന്നു പറഞ്ഞു. 23അതിനു യഹോവ മോശെയോട്: 24കോരഹ്, ദാഥാൻ, അബീരാം എന്നിവരുടെ വാസസ്ഥലത്തിന്റെ ചുറ്റിലുംനിന്നു മാറിക്കൊൾവിൻ എന്നു സഭയോടു പറക എന്നു കല്പിച്ചു. 25മോശെ എഴുന്നേറ്റ് ദാഥാന്റെയും അബീരാമിന്റെയും അടുക്കൽ ചെന്നു; യിസ്രായേൽമൂപ്പന്മാരും അവന്റെ പിന്നാലെ ചെന്നു.
26അവൻ സഭയോട്: ഈ ദുഷ്ടമനുഷ്യരുടെ സകല പാപങ്ങളാലും നിങ്ങൾ സംഹരിക്കപ്പെടാതിരിക്കേണ്ടതിന് അവരുടെ കൂടാരങ്ങളുടെ അടുക്കൽനിന്നു മാറിപ്പോകുവിൻ; അവർക്കുള്ള യാതൊന്നിനെയും തൊടരുത് എന്നു പറഞ്ഞു. 27അങ്ങനെ അവർ കോരഹ്, ദാഥാൻ, അബീരാം എന്നിവരുടെ വാസസ്ഥലത്തിന്റെ ചുറ്റിലുംനിന്നു മാറിപ്പോയി. എന്നാൽ ദാഥാനും അബീരാമും പുറത്തു വന്നു: അവരും അവരുടെ ഭാര്യമാരും പുത്രന്മാരും കുഞ്ഞുങ്ങളും താന്താങ്ങളുടെ കൂടാരവാതിൽക്കൽ നിന്നു. 28അപ്പോൾ മോശെ പറഞ്ഞത്: ഈ സകല പ്രവൃത്തികളും ചെയ്യേണ്ടതിനു യഹോവ എന്നെ അയച്ചു; ഞാൻ സ്വമേധയായി ഒന്നും ചെയ്തിട്ടില്ല എന്നു നിങ്ങൾ ഇതിനാൽ അറിയും: 29സകല മനുഷ്യരും മരിക്കുന്നതുപോലെ ഇവർ മരിക്കയോ സകല മനുഷ്യർക്കും ഭവിക്കുന്നതുപോലെ ഇവർക്കു ഭവിക്കയോ ചെയ്താൽ യഹോവ എന്നെ അയച്ചിട്ടില്ല. 30എന്നാൽ യഹോവ ഒരു അപൂർവകാര്യം പ്രവർത്തിക്കയും ഭൂമി വായ്പിളർന്ന് അവരെയും അവർക്കുള്ള സകലത്തെയും വിഴുങ്ങിക്കളകയും അവർ ജീവനോടെ പാതാളത്തിലേക്ക് ഇറങ്ങുകയും ചെയ്താൽ അവർ യഹോവയെ നിരസിച്ചു എന്നു നിങ്ങൾ അറിയും. 31അവൻ ഈ വാക്കുകളെല്ലാം പറഞ്ഞുതീർന്നപ്പോൾ അവരുടെ കീഴെ ഭൂമി പിളർന്നു. 32ഭൂമി വായ് തുറന്ന് അവരെയും അവരുടെ കുടുംബങ്ങളെയും കോരഹിനോടു ചേർന്നിട്ടുള്ള എല്ലാവരെയും അവരുടെ സർവസമ്പത്തിനെയും വിഴുങ്ങിക്കളഞ്ഞു. 33അവരും അവരോടു ചേർന്നിട്ടുള്ള എല്ലാവരും ജീവനോടെ പാതാളത്തിലേക്ക് ഇറങ്ങി; ഭൂമി അവരുടെമേൽ അടകയും അവർ സഭയുടെ ഇടയിൽനിന്നു നശിക്കയും ചെയ്തു. 34അവരുടെ ചുറ്റും ഇരുന്ന യിസ്രായേല്യരൊക്കെയും അവരുടെ നിലവിളി കേട്ടു: ഭൂമി നമ്മെയും വിഴുങ്ങിക്കളയരുതേ എന്നു പറഞ്ഞ് ഓടിപ്പോയി. 35അപ്പോൾ യഹോവയിങ്കൽനിന്നു തീ പുറപ്പെട്ടു ധൂപം കാട്ടിയ ഇരുനൂറ്റമ്പതു പേരെയും ദഹിപ്പിച്ചു.
36യഹോവ മോശെയോട് അരുളിച്ചെയ്തത്: 37പുരോഹിതനായ അഹരോന്റെ മകൻ എലെയാസാരിനോട് അവൻ എരിതീയുടെ ഇടയിൽനിന്നു ധൂപകലശങ്ങൾ എടുപ്പാൻ പറക; അവ വിശുദ്ധമാകുന്നു; തീ അങ്ങോട്ടു തട്ടിക്കളകയും ചെയ്ക; 38പാപം ചെയ്തു തങ്ങൾക്കു ജീവനാശം വരുത്തിയ ഇവരുടെ ധൂപകലശങ്ങൾ യാഗപീഠം പൊതിവാൻ അടിച്ചു തകിടാക്കേണം; അതു യഹോവയുടെ സന്നിധിയിൽ കൊണ്ടുവന്നതിനാൽ വിശുദ്ധമാകുന്നു; യിസ്രായേൽമക്കൾക്ക് അത് ഒരു അടയാളമായിരിക്കട്ടെ. 39വെന്തുപോയവർ ധൂപം കാട്ടിയ താമ്രകലശങ്ങൾ പുരോഹിതനായ എലെയാസാർ എടുത്ത് 40അഹരോന്റെ സന്തതിയിൽ അല്ലാത്ത യാതൊരു അന്യനും യഹോവയുടെ സന്നിധിയിൽ ധൂപം കാണിപ്പാൻ അടുക്കയും കോരഹിനെയും അവന്റെ കൂട്ടുകാരെയുംപോലെ ആകയും ചെയ്യാതിരിക്കേണ്ടതിന് യിസ്രായേൽമക്കൾക്കു ജ്ഞാപകമായി അവയെ യാഗപീഠം പൊതിവാൻ തകിടായി അടിപ്പിച്ചു; യഹോവ മോശെ മുഖാന്തരം കല്പിച്ചതുപോലെതന്നെ.
41പിറ്റന്നാൾ യിസ്രായേൽമക്കളുടെ സഭയെല്ലാം മോശെക്കും അഹരോനും വിരോധമായി പിറുപിറുത്തു: നിങ്ങൾ യഹോവയുടെ ജനത്തെ കൊന്നുകളഞ്ഞു എന്നു പറഞ്ഞു. 42ഇങ്ങനെ മോശെക്കും അഹരോനും വിരോധമായി സഭ കൂടിയപ്പോൾ അവർ സമാഗമനകൂടാരത്തിന്റെ നേരേ നോക്കി: മേഘം അതിനെ മൂടി യഹോവയുടെ തേജസ്സും പ്രത്യക്ഷമായിരിക്കുന്നതു കണ്ടു. 43അപ്പോൾ മോശെയും അഹരോനും സമാഗമനകൂടാരത്തിന്റെ മുമ്പിൽ ചെന്നു. 44യഹോവ മോശെയോട്: ഈ സഭയുടെ മധ്യേനിന്നു മാറിപ്പോകുവിൻ; 45ഞാൻ അവരെ ക്ഷണത്തിൽ സംഹരിക്കും എന്നരുളിച്ചെയ്തു. അപ്പോൾ അവർ കവിണ്ണുവീണു. 46മോശെ അഹരോനോട്: നീ ധൂപകലശം എടുത്ത് അതിൽ യാഗപീഠത്തിലെ തീ ഇട്ടു ധൂപവർഗവും ഇട്ടു വേഗത്തിൽ സഭയുടെ മധ്യേ ചെന്ന് അവർക്കുവേണ്ടി പ്രായശ്ചിത്തം കഴിക്ക; യഹോവയുടെ സന്നിധിയിൽനിന്നു ക്രോധം പുറപ്പെട്ട് ബാധ തുടങ്ങിയിരിക്കുന്നു എന്നു പറഞ്ഞു. 47മോശെ കല്പിച്ചതുപോലെ അഹരോൻ കലശം എടുത്തു സഭയുടെ നടുവിലേക്ക് ഓടി, ബാധ ജനത്തിന്റെ ഇടയിൽ തുടങ്ങിയിരിക്കുന്നതു കണ്ടു, ധൂപം കാട്ടി ജനത്തിനുവേണ്ടി പ്രായശ്ചിത്തം കഴിച്ചു, 48മരിച്ചവർക്കും ജീവനുള്ളവർക്കും നടുവിൽ നിന്നപ്പോൾ ബാധ അടങ്ങി. 49കോരഹിന്റെ സംഗതിവശാൽ മരിച്ചവരെ കൂടാതെ ബാധയാൽ മരിച്ചവർ പതിന്നാലായിരത്തി എഴുനൂറു പേർ ആയിരുന്നു. 50പിന്നെ അഹരോൻ സമാഗമനകൂടാരത്തിന്റെ വാതിൽക്കൽ മോശെയുടെ അടുക്കൽ മടങ്ങിവന്നു, അങ്ങനെ ബാധ നിന്നുപോയി.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
സംഖ്യാപുസ്തകം 16: MALOVBSI
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
Malayalam OV Bible - സത്യവേദപുസ്തകം
© The Bible Society of India, 2016.
Used by permission. All rights reserved worldwide.