യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത്: നീ യിസ്രായേൽമക്കളോടു പറയേണ്ടതെന്തെന്നാൽ: ഞാൻ നിങ്ങൾക്കു തരുന്ന നിങ്ങളുടെ നിവാസദേശത്തു നിങ്ങൾ ചെന്നിട്ട് ഒരു നേർച്ച നിവർത്തിപ്പാനോ സ്വമേധാദാനമായിട്ടോ നിങ്ങളുടെ ഉത്സവങ്ങളിലോ യഹോവയ്ക്കു മാടിനെയാകട്ടെ ആടിനെയാകട്ടെ ഹോമയാഗമായിട്ടെങ്കിലും ഹനനയാഗമായിട്ടെങ്കിലും യഹോവയ്ക്കു സൗരഭ്യവാസനയാകുമാറ് ഒരു ദഹനയാഗം അർപ്പിക്കുമ്പോൾ യഹോവയ്ക്കു വഴിപാടു കഴിക്കുന്നവൻ കാൽ ഹീൻ എണ്ണ ചേർത്ത ഒരിടങ്ങഴി മാവ് ഭോജനയാഗമായി കൊണ്ടുവരേണം. ഹോമയാഗത്തിനും ഹനനയാഗത്തിനും പാനീയയാഗമായി നീ ആടൊന്നിനു കാൽ ഹീൻ വീഞ്ഞു കൊണ്ടുവരേണം. ആട്ടുകൊറ്റനായാൽ ഹീനിൽ മൂന്നിലൊന്ന് എണ്ണ ചേർത്ത രണ്ടിടങ്ങഴി മാവ് ഭോജനയാഗമായി കൊണ്ടുവരേണം. അതിന്റെ പാനീയയാഗത്തിന് ഹീനിൽ മൂന്നിലൊന്നു വീഞ്ഞും യഹോവയ്ക്ക് സൗരഭ്യവാസനയായി അർപ്പിക്കേണം. നേർച്ച നിവർത്തിപ്പാനോ യഹോവയ്ക്കു സമാധാനയാഗം കഴിപ്പാനോ ഹോമയാഗത്തിനാകട്ടെ ഹനനയാഗത്തിനാകട്ടെ ഒരു കാളക്കിടാവിനെ കൊണ്ടുവരുമ്പോൾ കിടാവിനോടുകൂടെ അര ഹീൻ എണ്ണ ചേർത്ത മൂന്നിടങ്ങഴി മാവ് ഭോജനയാഗമായിട്ട് അർപ്പിക്കേണം. അതിന്റെ പാനീയയാഗമായി അര ഹീൻ വീഞ്ഞ് യഹോവയ്ക്കു സൗരഭ്യവാസനയായ ദഹനയാഗമായി അർപ്പിക്കേണം. കാളക്കിടാവ്, ആട്ടുകൊറ്റൻ, കുഞ്ഞാട്, കോലാട്ടിൻകുട്ടി എന്നിവയിൽ ഓരോന്നിനും ഇങ്ങനെതന്നെ വേണം. നിങ്ങൾ അർപ്പിക്കുന്ന യാഗമൃഗങ്ങളുടെ എണ്ണത്തിനും ഒത്തവണ്ണം ഓരോന്നിനും ഇങ്ങനെതന്നെ വേണം. സ്വദേശിയായവനൊക്കെയും യഹോവയ്ക്കു സൗരഭ്യവാസനയായ ദഹനയാഗം അർപ്പിക്കുമ്പോൾ ഇതെല്ലാം ഇങ്ങനെതന്നെ അനുഷ്ഠിക്കേണം. നിങ്ങളോടുകൂടെ പാർക്കുന്ന പരദേശിയോ നിങ്ങളുടെ ഇടയിൽ സ്ഥിരവാസം ചെയ്യുന്ന ഒരുത്തനോ യഹോവയ്ക്കു സൗരഭ്യവാസനയായ ദഹനയാഗം കഴിക്കുന്നുവെങ്കിൽ നിങ്ങൾ അനുഷ്ഠിക്കുംവണ്ണം തന്നെ അവനും അനുഷ്ഠിക്കേണം. നിങ്ങൾക്കാകട്ടെ വന്നുപാർക്കുന്ന പരദേശിക്കാകട്ടെ സർവസഭയ്ക്കും തലമുറതലമുറയായി എന്നേക്കും ഒരു ചട്ടംതന്നെ ആയിരിക്കേണം; യഹോവയുടെ സന്നിധിയിൽ പരദേശി നിങ്ങളെപ്പോലെതന്നെ ഇരിക്കേണം. നിങ്ങൾക്കും വന്നുപാർക്കുന്ന പരദേശിക്കും പ്രമാണവും നിയമവും ഒന്നുതന്നെ ആയിരിക്കേണം.
സംഖ്യാപുസ്തകം 15 വായിക്കുക
കേൾക്കുക സംഖ്യാപുസ്തകം 15
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: സംഖ്യാപുസ്തകം 15:1-16
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ഭവനം
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ