സംഖ്യാപുസ്തകം 14

14
1അപ്പോൾ സഭയൊക്കെയും ഉറക്കെ നിലവിളിച്ചു, ജനം ആ രാത്രി മുഴുവനും കരഞ്ഞു. 2യിസ്രായേൽമക്കൾ എല്ലാവരും മോശെക്കും അഹരോനും വിരോധമായി പിറുപിറുത്തു; സഭയൊക്കെയും അവരോട്: മിസ്രയീംദേശത്തുവച്ചു ഞങ്ങൾ മരിച്ചുപോയിരുന്നു എങ്കിൽ കൊള്ളായിരുന്നു. അല്ലെങ്കിൽ ഈ മരുഭൂമിയിൽവച്ചു ഞങ്ങൾ മരിച്ചുപോയിരുന്നു എങ്കിൽ കൊള്ളായിരുന്നു. 3വാളാൽ വീഴേണ്ടതിനു യഹോവ ഞങ്ങളെ ആ ദേശത്തിലേക്കു കൊണ്ടുപോകുന്നത് എന്തിന്? ഞങ്ങളുടെ ഭാര്യമാരും മക്കളും കൊള്ളയായ്പോകുമല്ലോ; മിസ്രയീമിലേക്കു മടങ്ങിപ്പോകയല്ലയോ ഞങ്ങൾക്കു നല്ലത്? എന്നു പറഞ്ഞു. 4നാം ഒരു തലവനെ നിശ്ചയിച്ചു മിസ്രയീമിലേക്ക് മടങ്ങിപ്പോക എന്നും അവർ തമ്മിൽ തമ്മിൽ പറഞ്ഞു. 5അപ്പോൾ മോശെയും അഹരോനും യിസ്രായേൽസഭയുടെ സർവസംഘത്തിന്റെയും മുമ്പാകെ കവിണ്ണുവീണു. 6ദേശത്തെ ഒറ്റുനോക്കിയവരിൽ നൂന്റെ മകൻ യോശുവയും യെഫുന്നെയുടെ മകൻ കാലേബും വസ്ത്രം കീറി 7യിസ്രായേൽമക്കളുടെ സർവസഭയോടും പറഞ്ഞത് എന്തെന്നാൽ: ഞങ്ങൾ സഞ്ചരിച്ച് ഒറ്റുനോക്കിയ ദേശം എത്രയും നല്ല ദേശം ആകുന്നു. 8യഹോവ നമ്മിൽ പ്രസാദിക്കുന്നു എങ്കിൽ അവൻ നമ്മെ പാലും തേനും ഒഴുകുന്ന ആ ദേശത്തേക്കു കൊണ്ടുചെന്നു നമുക്ക് അതു തരും. 9യഹോവയോടു നിങ്ങൾ മത്സരിക്കമാത്രം അരുത്; ആ ദേശത്തിലെ ജനത്തെ ഭയപ്പെടരുത്; അവർ നമുക്ക് ഇരയാകുന്നു; അവരുടെ ശരണം പൊയ്പോയിരിക്കുന്നു; നമ്മോടുകൂടെ യഹോവ ഉള്ളതുകൊണ്ട് അവരെ ഭയപ്പെടരുത്. 10എന്നാറെ അവരെ കല്ലെറിയേണം എന്നു സഭയെല്ലാം പറഞ്ഞു. അപ്പോൾ യഹോവയുടെ തേജസ്സ് സമാഗമനകൂടാരത്തിൽ എല്ലാ യിസ്രായേൽമക്കളും കാൺകെ പ്രത്യക്ഷമായി. 11യഹോവ മോശെയോട്: ഈ ജനം എത്രത്തോളം എന്നെ നിരസിക്കും? ഞാൻ അവരുടെ മധ്യേ ചെയ്തിട്ടുള്ള അടയാളങ്ങളൊക്കെയും കണ്ടിട്ടും അവർ എത്രത്തോളം എന്നെ വിശ്വസിക്കാതിരിക്കും? 12ഞാൻ അവരെ മഹാമാരിയാൽ ദണ്ഡിപ്പിച്ചു സംഹരിച്ചുകളകയും നിന്നെ അവരെക്കാൾ വലിപ്പവും ബലവുമുള്ള ജാതിയാക്കുകയും ചെയ്യും എന്ന് അരുളിച്ചെയ്തു. 13മോശെ യഹോവയോടു പറഞ്ഞത്: എന്നാൽ മിസ്രയീമ്യർ അതു കേൾക്കും; നീ ഈ ജനത്തെ അവരുടെ ഇടയിൽനിന്നു നിന്റെ ശക്തിയാൽ കൊണ്ടുപോന്നുവല്ലോ. 14അവർ അത് ഈ ദേശനിവാസികളോടും പറയും; യഹോവയായ നീ ഈ ജനത്തിന്റെ മധ്യേ ഉണ്ടെന്ന് അവർ കേട്ടിരിക്കുന്നു; യഹോവയായ നിന്നെ ഇവർ കണ്ണാലേ കാണുകയും നിന്റെ മേഘം ഇവർക്കു മീതെ നില്ക്കുകയും പകൽ മേഘസ്തംഭത്തിലും രാത്രി അഗ്നിസ്തംഭത്തിലും നീ ഇവർക്കു മുമ്പായി നടക്കുകയും ചെയ്യുന്നുവല്ലോ. 15നീ ഇപ്പോൾ ഈ ജനത്തെയൊക്കെയും ഒരു ഒറ്റ മനുഷ്യനെപ്പോലെ കൊന്നുകളഞ്ഞാൽ നിന്റെ കീർത്തി കേട്ടിരിക്കുന്ന ജാതികൾ: 16ഈ ജനത്തോടു സത്യം ചെയ്ത ദേശത്തേക്ക് അവരെ കൊണ്ടുപോകുവാൻ യഹോവയ്ക്കു കഴിയായ്കകൊണ്ട് അവൻ അവരെ മരുഭൂമിയിൽവച്ചു കൊന്നുകളഞ്ഞു എന്നു പറയും. 17യഹോവ ദീർഘക്ഷമയും മഹാദയയും ഉള്ളവൻ; അകൃത്യവും ലംഘനവും ക്ഷമിക്കുന്നവൻ; കുറ്റക്കാരനെ വെറുതേ വിടാതെ പിതാക്കന്മാരുടെ അകൃത്യം മൂന്നാമത്തെയും നാലാമത്തെയും തലമുറയോളം മക്കളുടെമേൽ സന്ദർശിക്കുന്നവൻ 18എന്നിങ്ങനെ നീ അരുളിച്ചെയ്തതുപോലെ കർത്താവേ, ഇപ്പോൾ നിന്റെ ശക്തി വലുതായിരിക്കേണമേ. 19നിന്റെ മഹാദയയ്ക്കു തക്കവണ്ണം മിസ്രയീംമുതൽ ഇവിടംവരെ ഈ ജനത്തോടു നീ ക്ഷമിച്ചുവന്നതുപോലെ ഈ ജനത്തിന്റെ അകൃത്യം ക്ഷമിക്കേണമേ. 20അതിന് യഹോവ അരുളിച്ചെയ്തത്: നിന്റെ അപേക്ഷപ്രകാരം ഞാൻ ക്ഷമിച്ചിരിക്കുന്നു. 21എങ്കിലും എന്നാണ, ഭൂമിയെല്ലാം യഹോവയുടെ തേജസ്സുകൊണ്ടു നിറഞ്ഞിരിക്കും. 22എന്റെ തേജസ്സും മിസ്രയീമിലും മരുഭൂമിയിലുംവച്ചു ഞാൻ ചെയ്ത അടയാളങ്ങളും കണ്ടിട്ടുള്ള പുരുഷന്മാർ എല്ലാവരും ഇപ്പോൾ പത്തു പ്രാവശ്യം എന്നെ പരീക്ഷിക്കയും എന്റെ വാക്ക് കൂട്ടാക്കാതിരിക്കയും ചെയ്തതുകൊണ്ട് 23അവരുടെ പിതാക്കന്മാരോടു ഞാൻ സത്യം ചെയ്തിട്ടുള്ള ദേശം അവർ കാൺകയില്ല; എന്നെ നിരസിച്ചവർ ആരും അതു കാൺകയില്ല. 24എന്റെ ദാസനായ കാലേബോ, അവനു വേറൊരു സ്വഭാവമുള്ളതുകൊണ്ടും എന്നെ പൂർണമായി അനുസരിച്ചതുകൊണ്ടും അവൻ പോയിരുന്ന ദേശത്തേക്കു ഞാൻ അവനെ എത്തിക്കും; അവന്റെ സന്തതി അതു കൈവശമാക്കും. 25എന്നാൽ അമാലേക്യരും കനാന്യരും താഴ്‌വരയിൽ പാർക്കുന്നതുകൊണ്ട് നിങ്ങൾ നാളെ ചെങ്കടലിങ്കലേക്കുള്ള വഴിയായി മരുഭൂമിയിലേക്കു മടങ്ങിപ്പോകുവിൻ.
26യഹോവ പിന്നെയും മോശെയോടും അഹരോനോടും അരുളിച്ചെയ്തത്: 27ഈ ദുഷ്ടസഭ എത്രത്തോളം എനിക്കു വിരോധമായി പിറുപിറുക്കും? യിസ്രായേൽമക്കൾ എനിക്കു വിരോധമായി പിറുപിറുക്കുന്നതു ഞാൻ കേട്ടിരിക്കുന്നു. 28അവരോടു പറവിൻ: ഞാൻ കേൾക്കെ നിങ്ങൾ പറഞ്ഞതുപോലെതന്നെ, എന്നാണ, ഞാൻ നിങ്ങളോടു ചെയ്യുമെന്നു യഹോവ അരുളിച്ചെയ്യുന്നു. 29ഈ മരുഭൂമിയിൽ നിങ്ങളുടെ ശവം വീഴും; യെഫുന്നെയുടെ മകൻ കാലേബും നൂന്റെ മകൻ യോശുവയും ഒഴികെ ഇരുപതു വയസ്സുമുതൽ മേലോട്ട് എണ്ണപ്പെട്ടവരായി 30എന്റെ നേരേ പിറുപിറുത്തവരായ നിങ്ങളുടെ എണ്ണത്തിൽ ആരും ഞാൻ നിങ്ങളെ പാർപ്പിക്കുമെന്നു സത്യം ചെയ്തിട്ടുള്ള ദേശത്തു കടക്കയില്ല. 31എന്നാൽ കൊള്ളയായ്പോകുമെന്നു നിങ്ങൾ പറഞ്ഞിട്ടുള്ള നിങ്ങളുടെ കുഞ്ഞുകുട്ടികളെ ഞാൻ അതിൽ കടക്കുമാറാക്കും; നിങ്ങൾ നിരസിച്ചിരിക്കുന്ന ദേശം അവർ അറിയും. 32നിങ്ങളോ, നിങ്ങളുടെ ശവം ഈ മരുഭൂമിയിൽ വീഴും. 33നിങ്ങളുടെ ശവം മരുഭൂമിയിൽ ഒടുങ്ങുംവരെ നിങ്ങളുടെ മക്കൾ മരുഭൂമിയിൽ നാല്പതു സംവത്സരം ഇടയരായി സഞ്ചരിച്ചു നിങ്ങളുടെ പാതിവ്രത്യഭംഗം വഹിക്കും; 34ദേശം ഒറ്റുനോക്കിയ നാല്പതു ദിവസത്തിന്റെ എണ്ണത്തിനൊത്തവണ്ണം, ഒരു ദിവസത്തിന് ഒരു സംവത്സരം വീതം, നാല്പതു സംവത്സരം നിങ്ങൾ നിങ്ങളുടെ അകൃത്യങ്ങൾ വഹിച്ച് എന്റെ അകൽച്ച അറിയും. 35എനിക്കു വിരോധമായി കൂട്ടംകൂടിയ ഈ ദുഷ്ടസഭയോട് ഞാൻ ഇങ്ങനെ ചെയ്യും: ഈ മരുഭൂമിയിൽ അവർ ഒടുങ്ങും; ഇവിടെ അവർ മരിക്കും എന്ന് യഹോവയായ ഞാൻ കല്പിച്ചിരിക്കുന്നു. 36ദേശം ഒറ്റുനോക്കുവാൻ മോശെ അയച്ചവരും, മടങ്ങിവന്ന് ദേശത്തെക്കുറിച്ച് ദുർവർത്തമാനം പറഞ്ഞു സഭ മുഴുവനും അവനു വിരോധമായി പിറുപിറുപ്പാൻ സംഗതി വരുത്തിയവരും, 37ദേശത്തെക്കുറിച്ചു ദുർവർത്തമാനം പറഞ്ഞവരുമായ പുരുഷന്മാർ യഹോവയുടെ മുമ്പാകെ ഒരു ബാധകൊണ്ടു മരിച്ചു. 38എന്നാൽ ദേശം ഒറ്റുനോക്കുവാൻ പോയ പുരുഷന്മാരിൽ നൂന്റെ മകൻ യോശുവയും യെഫുന്നെയുടെ പുത്രൻ കാലേബും മരിച്ചില്ല. 39പിന്നെ മോശെ ഈ വാക്കുകൾ യിസ്രായേൽമക്കളോടൊക്കെയും പറഞ്ഞു; ജനം ഏറ്റവും ദുഃഖിച്ചു.
40പിറ്റേന്ന് അവർ അതികാലത്ത് എഴുന്നേറ്റു: ഇതാ, യഹോവ ഞങ്ങൾക്കു ചൊല്ലിയിരിക്കുന്ന സ്ഥലത്തേക്ക് ഞങ്ങൾ കയറിപ്പോകുന്നു: ഞങ്ങൾ പാപം ചെയ്തുപോയി എന്നു പറഞ്ഞ് മലമുകളിൽ കയറി. 41അപ്പോൾ മോശെ: നിങ്ങൾ എന്തിനു യഹോവയുടെ കല്പന ലംഘിക്കുന്നു? അതു സാധ്യമാകയില്ല. 42ശത്രുക്കളാൽ തോല്ക്കാതിരിക്കേണ്ടതിന് നിങ്ങൾ കയറരുത്; യഹോവ നിങ്ങളുടെ മധ്യേ ഇല്ല. 43അമാലേക്യരും കനാന്യരും അവിടെ നിങ്ങളുടെ മുമ്പിൽ ഉണ്ട്; നിങ്ങൾ വാളാൽ വീഴും; നിങ്ങൾ യഹോവയെ വിട്ടു പിന്തിരിഞ്ഞിരിക്കകൊണ്ട് യഹോവ നിങ്ങളോടുകൂടെ ഉണ്ടായിരിക്കയില്ല എന്നു പറഞ്ഞു. 44എന്നിട്ടും അവർ ധാർഷ്ട്യം പൂണ്ടു മലമുകളിൽ കയറി; യഹോവയുടെ നിയമപെട്ടകവും മോശെയും പാളയത്തിൽനിന്നു പുറപ്പെട്ടില്ലതാനും. 45എന്നാറെ മലയിൽ പാർത്തിരുന്ന അമാലേക്യരും കനാന്യരും ഇറങ്ങിവന്ന് അവരെ തോല്പിച്ചു, ഹോർമ്മാവരെ അവരെ ചിന്നിച്ച് ഓടിച്ചുകളഞ്ഞു.

നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:

സംഖ്യാപുസ്തകം 14: MALOVBSI

ഹൈലൈറ്റ് ചെയ്യുക

പങ്ക് വെക്കു

പകർത്തുക

None

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക