മർക്കൊസ് 9:33-50

മർക്കൊസ് 9:33-50 MALOVBSI

അവൻ കഫർന്നഹൂമിൽ വന്നു വീട്ടിൽ ഇരിക്കുമ്പോൾ: നിങ്ങൾ വഴിയിൽവച്ചു തമ്മിൽ വാദിച്ചത് എന്ത് എന്ന് അവരോടു ചോദിച്ചു. അവരോ തങ്ങളുടെ ഇടയിൽ വലിയവൻ ആർ എന്നു വഴിയിൽവച്ചു വാദിച്ചതുകൊണ്ടു മിണ്ടാതിരുന്നു. അവൻ ഇരുന്നു പന്തിരുവരെയും വിളിച്ചു: ഒരുവൻ മുമ്പൻ ആകുവാൻ ഇച്ഛിച്ചാൽ അവൻ എല്ലാവരിലും ഒടുക്കത്തവനും എല്ലാവർക്കും ശുശ്രൂഷകനും ആകേണം എന്നു പറഞ്ഞു. ഒരു ശിശുവിനെ എടുത്ത് അവരുടെ നടുവിൽ നിറുത്തി അണച്ചുകൊണ്ട് അവരോട്: ഇങ്ങനെയുള്ള ശിശുക്കളിൽ ഒന്നിനെ എന്റെ നാമത്തിൽ കൈക്കൊള്ളുന്നവൻ എന്നെ കൈക്കൊള്ളുന്നു; എന്നെ കൈക്കൊള്ളുന്നവനോ എന്നെയല്ല എന്നെ അയച്ചവനെ കൈക്കൊള്ളുന്നു എന്നു പറഞ്ഞു. യോഹന്നാൻ അവനോട്: ഗുരോ, ഒരുവൻ നിന്റെ നാമത്തിൽ ഭൂതങ്ങളെ പുറത്താക്കുന്നതു ഞങ്ങൾ കണ്ടു; അവൻ നമ്മെ അനുഗമിക്കായ്കയാൽ ഞങ്ങൾ അവനെ വിരോധിച്ചു എന്നു പറഞ്ഞു. അതിനു യേശു പറഞ്ഞത്: അവനെ വിരോധിക്കരുത്; എന്റെ നാമത്തിൽ ഒരു വീര്യപ്രവൃത്തി ചെയ്തിട്ടു വേഗത്തിൽ എന്നെ ദുഷിച്ചു പറവാൻ കഴിയുന്നവൻ ആരും ഇല്ല . നമുക്കു പ്രതികൂലമല്ലാത്തവൻ നമുക്ക് അനുകൂലമല്ലോ. നിങ്ങൾ ക്രിസ്തുവിനുള്ളവർ എന്നീ നാമത്തിൽ ആരെങ്കിലും ഒരു പാനപാത്രം വെള്ളം നിങ്ങൾക്കു കുടിപ്പാൻ തന്നാൽ അവനു പ്രതിഫലം കിട്ടാതിരിക്കയില്ല എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു. എങ്കൽ വിശ്വസിക്കുന്ന ഈ ചെറിയവരിൽ ഒരുത്തന് ഇടർച്ച വരുത്തുന്നവന്റെ കഴുത്തിൽ വലിയൊരു തിരികല്ലു കെട്ടി അവനെ കടലിൽ ഇട്ടുകളയുന്നത് അവന് ഏറെ നല്ലത്. നിന്റെ കൈ നിനക്ക് ഇടർച്ച വരുത്തിയാൽ അതിനെ വെട്ടിക്കളക: ഊനനായി ജീവനിൽ കടക്കുന്നതു രണ്ടു കൈയുമുള്ളവൻ ആയി കെടാത്ത തീയായ നരകത്തിൽ പോകുന്നതിനെക്കാൾ നിനക്ക് നല്ലത്. നിന്റെ കാൽ നിനക്ക് ഇടർച്ച വരുത്തിയാൽ അതിനെ വെട്ടിക്കളക: മുടന്തനായി ജീവനിൽ കടക്കുന്നതു രണ്ടു കാലുമുള്ളവൻ ആയി കെടാത്ത തീയായ നരകത്തിൽ വീഴുന്നതിനെക്കാൾ നിനക്കു നല്ലത്. നിന്റെ കണ്ണ് നിനക്ക് ഇടർച്ച വരുത്തിയാൽ അതിനെ ചൂന്നുകളക; ഒറ്റക്കണ്ണനായി ദൈവരാജ്യത്തിൽ കടക്കുന്നത് രണ്ടു കണ്ണുള്ളവനായി അഗ്നിനരകത്തിൽ വീഴുന്നതിനെക്കാൾ നിനക്ക് നല്ലത്. അവിടെ അവരുടെ പുഴു ചാകുന്നില്ല; തീ കെടുന്നതുമില്ല. എല്ലാവനും തീകൊണ്ട് ഉപ്പിടും. ഉപ്പു നല്ലതു തന്നെ; ഉപ്പു കാരമില്ലാതെ പോയാലോ എന്തൊന്നിനാൽ അതിനു രസം വരുത്തും? നിങ്ങളിൽ തന്നെ ഉപ്പുള്ളവരും അന്യോന്യം സമാധാനമുള്ളവരും ആയിരിപ്പിൻ.