മർക്കൊസ് 7:14-30

മർക്കൊസ് 7:14-30 MALOVBSI

പിന്നെ അവൻ പുരുഷാരത്തെ അരികെ വിളിച്ച് അവരോട്: എല്ലാവരും കേട്ടു ഗ്രഹിച്ചുകൊൾവിൻ. പുറത്തുനിന്നു മനുഷ്യന്റെ അകത്തു ചെല്ലുന്ന യാതൊന്നിനും അവനെ അശുദ്ധമാക്കുവാൻ കഴികയില്ല; അവനിൽനിന്നു പുറപ്പെടുന്നതത്രേ മനുഷ്യനെ അശുദ്ധമാക്കുന്നത് [കേൾപ്പാൻ ചെവി ഉള്ളവൻ കേൾക്കട്ടെ] എന്നു പറഞ്ഞു. അവൻ പുരുഷാരത്തെ വിട്ടു വീട്ടിൽ ചെന്നശേഷം ശിഷ്യന്മാർ ആ ഉപമയെക്കുറിച്ച് അവനോടു ചോദിച്ചു. അവൻ അവരോടു: ഇങ്ങനെ നിങ്ങളും ബോധമില്ലാത്തവരോ? പുറത്തുനിന്നു മനുഷ്യന്റെ അകത്തു ചെല്ലുന്ന യാതൊന്നിനും അവനെ അശുദ്ധമാക്കുവാൻ കഴികയില്ല എന്നു തിരിച്ചറിയുന്നില്ലയോ? അത് അവന്റെ ഹൃദയത്തിൽ അല്ല വയറ്റിലത്രേ ചെല്ലുന്നത്; പിന്നെ മറപ്പുരയിലേക്കു പോകുന്നു; ഇങ്ങനെ സകല ഭോജ്യങ്ങൾക്കും ശുദ്ധിവരുത്തുന്നു എന്നു പറഞ്ഞു. മനുഷ്യനിൽനിന്നു പുറപ്പെടുന്നതത്രേ മനുഷ്യനെ അശുദ്ധനാക്കുന്നത്; അകത്തുനിന്ന്, മനുഷ്യരുടെ ഹൃദയത്തിൽനിന്നു തന്നെ, ദുശ്ചിന്ത, വ്യഭിചാരം, പരസംഗം, കൊലപാതകം, മോഷണം, അത്യാഗ്രഹം, ദുഷ്ടത, ചതി, ദുഷ്കർമം, വിടക്കുകണ്ണ് , ദൂഷണം, അഹങ്കാരം, മൂഢത എന്നിവ പുറപ്പെടുന്നു. ഈ ദോഷങ്ങൾ എല്ലാം അകത്തുനിന്നു പുറപ്പെട്ടു മനുഷ്യനെ അശുദ്ധനാക്കുന്നു എന്നും അവൻ പറഞ്ഞു. അവൻ അവിടെനിന്നു പുറപ്പെട്ട് സീദോന്റെയും സോരിന്റെയും അതിർനാട്ടിൽ ചെന്ന് ഒരു വീട്ടിൽ കടന്നു; ആരും അറിയരുത് എന്ന് ഇച്ഛിച്ചു എങ്കിലും മറഞ്ഞിരിപ്പാൻ സാധിച്ചില്ല. അശുദ്ധാത്മാവു ബാധിച്ച ചെറിയ മകൾ ഉള്ളൊരു സ്ത്രീ അവന്റെ വസ്തുത കേട്ടിട്ടു വന്ന് അവന്റെ കാല്ക്കൽ വീണു. അവൾ സുറഫൊയീനിക്യ ജാതിയിലുള്ള ഒരു യവനസ്ത്രീ ആയിരുന്നു; തന്റെ മകളിൽനിന്നു ഭൂതത്തെ പുറത്താക്കുവാൻ അവൾ അവനോട് അപേക്ഷിച്ചു. യേശു അവളോട്: മുമ്പേ മക്കൾക്കു തൃപ്തി വരട്ടെ; മക്കളുടെ അപ്പം എടുത്തു ചെറുനായ്ക്കൾക്ക് ഇട്ടുകൊടുക്കുന്നതു നന്നല്ല എന്നു പറഞ്ഞു. അവൾ അവനോട്: അതേ, കർത്താവേ, ചെറുനായ്ക്കളും മേശയ്ക്കു കീഴെ കുട്ടികളുടെ അപ്പനുറുക്കുകളെ തിന്നുന്നുവല്ലോ എന്ന് ഉത്തരം പറഞ്ഞു. അവൻ അവളോട്: ഈ വാക്കുനിമിത്തം പൊയ്ക്കൊൾക; ഭൂതം നിന്റെ മകളെ വിട്ടുപോയിരിക്കുന്നു എന്നു പറഞ്ഞു. അവൾ വീട്ടിൽ വന്നാറെ, മകൾ കിടക്കമേൽ കിടക്കുന്നതും ഭൂതം വിട്ടുപോയതും കണ്ടു.