മർക്കൊസ് 7:14-30

മർക്കൊസ് 7:14-30 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

പിന്നെ അവൻ പുരുഷാരത്തെ അരികെ വിളിച്ച് അവരോട്: എല്ലാവരും കേട്ടു ഗ്രഹിച്ചുകൊൾവിൻ. പുറത്തുനിന്നു മനുഷ്യന്റെ അകത്തു ചെല്ലുന്ന യാതൊന്നിനും അവനെ അശുദ്ധമാക്കുവാൻ കഴികയില്ല; അവനിൽനിന്നു പുറപ്പെടുന്നതത്രേ മനുഷ്യനെ അശുദ്ധമാക്കുന്നത് [കേൾപ്പാൻ ചെവി ഉള്ളവൻ കേൾക്കട്ടെ] എന്നു പറഞ്ഞു. അവൻ പുരുഷാരത്തെ വിട്ടു വീട്ടിൽ ചെന്നശേഷം ശിഷ്യന്മാർ ആ ഉപമയെക്കുറിച്ച് അവനോടു ചോദിച്ചു. അവൻ അവരോടു: ഇങ്ങനെ നിങ്ങളും ബോധമില്ലാത്തവരോ? പുറത്തുനിന്നു മനുഷ്യന്റെ അകത്തു ചെല്ലുന്ന യാതൊന്നിനും അവനെ അശുദ്ധമാക്കുവാൻ കഴികയില്ല എന്നു തിരിച്ചറിയുന്നില്ലയോ? അത് അവന്റെ ഹൃദയത്തിൽ അല്ല വയറ്റിലത്രേ ചെല്ലുന്നത്; പിന്നെ മറപ്പുരയിലേക്കു പോകുന്നു; ഇങ്ങനെ സകല ഭോജ്യങ്ങൾക്കും ശുദ്ധിവരുത്തുന്നു എന്നു പറഞ്ഞു. മനുഷ്യനിൽനിന്നു പുറപ്പെടുന്നതത്രേ മനുഷ്യനെ അശുദ്ധനാക്കുന്നത്; അകത്തുനിന്ന്, മനുഷ്യരുടെ ഹൃദയത്തിൽനിന്നു തന്നെ, ദുശ്ചിന്ത, വ്യഭിചാരം, പരസംഗം, കൊലപാതകം, മോഷണം, അത്യാഗ്രഹം, ദുഷ്ടത, ചതി, ദുഷ്കർമം, വിടക്കുകണ്ണ് , ദൂഷണം, അഹങ്കാരം, മൂഢത എന്നിവ പുറപ്പെടുന്നു. ഈ ദോഷങ്ങൾ എല്ലാം അകത്തുനിന്നു പുറപ്പെട്ടു മനുഷ്യനെ അശുദ്ധനാക്കുന്നു എന്നും അവൻ പറഞ്ഞു. അവൻ അവിടെനിന്നു പുറപ്പെട്ട് സീദോന്റെയും സോരിന്റെയും അതിർനാട്ടിൽ ചെന്ന് ഒരു വീട്ടിൽ കടന്നു; ആരും അറിയരുത് എന്ന് ഇച്ഛിച്ചു എങ്കിലും മറഞ്ഞിരിപ്പാൻ സാധിച്ചില്ല. അശുദ്ധാത്മാവു ബാധിച്ച ചെറിയ മകൾ ഉള്ളൊരു സ്ത്രീ അവന്റെ വസ്തുത കേട്ടിട്ടു വന്ന് അവന്റെ കാല്ക്കൽ വീണു. അവൾ സുറഫൊയീനിക്യ ജാതിയിലുള്ള ഒരു യവനസ്ത്രീ ആയിരുന്നു; തന്റെ മകളിൽനിന്നു ഭൂതത്തെ പുറത്താക്കുവാൻ അവൾ അവനോട് അപേക്ഷിച്ചു. യേശു അവളോട്: മുമ്പേ മക്കൾക്കു തൃപ്തി വരട്ടെ; മക്കളുടെ അപ്പം എടുത്തു ചെറുനായ്ക്കൾക്ക് ഇട്ടുകൊടുക്കുന്നതു നന്നല്ല എന്നു പറഞ്ഞു. അവൾ അവനോട്: അതേ, കർത്താവേ, ചെറുനായ്ക്കളും മേശയ്ക്കു കീഴെ കുട്ടികളുടെ അപ്പനുറുക്കുകളെ തിന്നുന്നുവല്ലോ എന്ന് ഉത്തരം പറഞ്ഞു. അവൻ അവളോട്: ഈ വാക്കുനിമിത്തം പൊയ്ക്കൊൾക; ഭൂതം നിന്റെ മകളെ വിട്ടുപോയിരിക്കുന്നു എന്നു പറഞ്ഞു. അവൾ വീട്ടിൽ വന്നാറെ, മകൾ കിടക്കമേൽ കിടക്കുന്നതും ഭൂതം വിട്ടുപോയതും കണ്ടു.

മർക്കൊസ് 7:14-30 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

യേശു ജനാവലിയെ വീണ്ടും അടുക്കൽ വിളിച്ച് അവരോടു പറഞ്ഞു: “നിങ്ങൾ എല്ലാവരും ഞാൻ പറയുന്നതു ശ്രദ്ധിച്ചു മനസ്സിലാക്കുക. പുറത്തുനിന്ന് ഒരുവന്റെ ഉള്ളിലേക്കു ചെല്ലുന്നതൊന്നും അവനെ അശുദ്ധനാക്കുകയില്ല. പ്രത്യുത, മനുഷ്യനിൽനിന്നു പുറത്തേക്കു വരുന്നതാണ് അവനെ മലിനപ്പെടുത്തുന്നത്. കേൾക്കാൻ ചെവിയുള്ളവൻ കേൾക്കട്ടെ.” ജനക്കൂട്ടത്തെവിട്ട് യേശു വീട്ടിലെത്തിയപ്പോൾ ശിഷ്യന്മാർ പ്രസ്തുത ദൃഷ്ടാന്തത്തെപ്പറ്റി അവിടുത്തോടു ചോദിച്ചു. അവിടുന്ന് അവരോട് അരുൾചെയ്തു: “നിങ്ങളും ഇത്ര ബുദ്ധിയില്ലാത്തവരാണോ? പുറത്തുനിന്നു മനുഷ്യന്റെ ഉള്ളിലെത്തുന്ന ഒന്നിനും അവനെ മലിനപ്പെടുത്തുവാൻ സാധ്യമല്ലെന്നു നിങ്ങൾക്കറിഞ്ഞുകൂടേ? അതു ഹൃദയത്തിലല്ല, ഉദരത്തിലാണു ചെല്ലുന്നത്; പിന്നീടു വിസർജിക്കപ്പെടുകയും ചെയ്യുന്നു.” ഇങ്ങനെ പ്രസ്താവിച്ചുകൊണ്ട് എല്ലാ ഭക്ഷണസാധനങ്ങളും ശുദ്ധമാണെന്ന് യേശു സൂചിപ്പിച്ചു. അവിടുന്നു തുടർന്നു പറഞ്ഞു: “മനുഷ്യനിൽനിന്നു പുറപ്പെടുന്നതാണ് അവനെ അശുദ്ധനാക്കുന്നത്. എന്തെന്നാൽ ഉള്ളിൽനിന്ന്, അതായത് അവന്റെ ഹൃദയത്തിൽനിന്ന് ദുഷ്ടവിചാരം, അവിഹിതവേഴ്ച, മോഷണം, കൊലപാതകം, വ്യഭിചാരം, ദുരാഗ്രഹം, ദുഷ്ടത, ചതി, ഭോഗാസക്തി, അസൂയ, ദൈവദൂഷണം, അഹങ്കാരം, മൂഢത എന്നിവ പുറത്തേക്കു വരുന്നു. ഈ ദോഷങ്ങളെല്ലാം ഉള്ളിൽനിന്നു പുറപ്പെട്ട് മനുഷ്യനെ അശുദ്ധനാക്കുന്നു.” യേശു അവിടെനിന്ന് സോർ പ്രദേശത്തേക്കുപോയി. അവിടെയുള്ള ഒരു വീട്ടിൽ അദ്ദേഹം ചെന്നു. അത് ആരും അറിയരുതെന്ന് അവിടുന്ന് ആഗ്രഹിച്ചു. പക്ഷേ അവിടുത്തെ സാന്നിധ്യം മറച്ചുവയ്‍ക്കുക സാധ്യമല്ലായിരുന്നു. ദുഷ്ടാത്മാവു ബാധിച്ച ഒരു പെൺകുട്ടിയുടെ അമ്മ യേശുവിനെപ്പറ്റി കേട്ട് അവിടെയെത്തി അവിടുത്തെ പാദാന്തികത്തിൽ സാഷ്ടാംഗം വീണു വണങ്ങി. അവർ സിറിയയിലെ ഫൊയ്നിക്യയിൽ ജനിച്ച ഒരു ഗ്രീക്കു വനിതയായിരുന്നു. തന്റെ മകളിൽനിന്ന് ആ ദുഷ്ടാത്മാവിനെ പുറത്താക്കണമെന്ന് അവർ യേശുവിനോട് അപേക്ഷിച്ചു. അവിടുന്ന് അവരോടു പറഞ്ഞു: “ആദ്യം മക്കൾ തിന്നു തൃപ്തരാകട്ടെ: മക്കൾക്കുള്ള അപ്പം എടുത്തു നായ്‍ക്കുട്ടികൾക്ക് ഇട്ടുകൊടുക്കുന്നതു ശരിയല്ലല്ലോ.” എന്നാൽ അതിനു മറുപടിയായി, “കർത്താവേ, മേശയുടെ കീഴിലിരിക്കുന്ന നായ്‍ക്കുട്ടികൾപോലും മക്കളുടെ കൈയിൽനിന്നു വീഴുന്ന അപ്പക്കഷണങ്ങൾ തിന്നാറുണ്ടല്ലോ” എന്ന് അവർ പറഞ്ഞു. ‘നീ പറഞ്ഞതു ശരി; പൊയ്‍ക്കൊള്ളുക; ദുഷ്ടാത്മാവ് നിന്റെ മകളെ വിട്ടുപോയിരിക്കുന്നു” എന്ന് യേശു പറഞ്ഞു. ആ സ്‍ത്രീ വീട്ടിൽ മടങ്ങിച്ചെന്നപ്പോൾ അവരുടെ മകൾ ഭൂതോപദ്രവത്തിൽനിന്നു വിമുക്തയായി കിടക്കയിൽ കിടക്കുന്നതു കണ്ടു.

മർക്കൊസ് 7:14-30 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

പിന്നെ അവൻ പുരുഷാരത്തെ അരികെ വിളിച്ചു അവരോട്: “എല്ലാവരും കേട്ടു ഗ്രഹിച്ചുകൊൾവിൻ. പുറത്തുനിന്ന് മനുഷ്യന്‍റെ അകത്തു ചെല്ലുന്ന യാതൊന്നിനും അവനെ അശുദ്ധമാക്കുവാൻ കഴിയുകയില്ല; അവനിൽ നിന്നു പുറപ്പെടുന്നതത്രേ മനുഷ്യനെ അശുദ്ധമാക്കുന്നത് കേൾക്കുവാൻ ചെവി ഉള്ളവൻ കേൾക്കട്ടെ” എന്നു പറഞ്ഞു. അവൻ പുരുഷാരത്തെ വിട്ടു വീട്ടിൽ ചെന്നശേഷം അവന്‍റെ ശിഷ്യന്മാർ ആ ഉപമയെക്കുറിച്ച് അവനോട് ചോദിച്ചു. അവൻ അവരോട്: “ഇങ്ങനെ നിങ്ങളും ബോധമില്ലാത്തവരോ? പുറത്തുനിന്നു മനുഷ്യന്‍റെ അകത്ത് ചെല്ലുന്ന യാതൊന്നിനും അവനെ അശുദ്ധമാക്കുവാൻ കഴിയുകയില്ല എന്നു തിരിച്ചറിയുന്നില്ലയോ? അത് അവന്‍റെ ഹൃദയത്തിൽ അല്ല വയറ്റിലത്രേ ചെല്ലുന്നത്; പിന്നെ മറപ്പുരയിലേക്കു പോകുന്നു; ഈ പ്രസ്താവനകൊണ്ട് യേശു സകലഭോജ്യങ്ങളും ശുദ്ധമാണെന്ന് വരുത്തി. മനുഷ്യനിൽനിന്നു പുറപ്പെടുന്നതത്രേ മനുഷ്യനെ അശുദ്ധനാക്കുന്നത്; അകത്തുനിന്ന്, മനുഷ്യരുടെ ഹൃദയത്തിൽനിന്നു തന്നെ, ദുശ്ചിന്ത, വ്യഭിചാരം, പരസംഗം, കൊലപാതകം, മോഷണം, അത്യാഗ്രഹം, ദുഷ്ടത, ചതി, ദുഷ്കാമം, വിടക്കുകണ്ണ്, ദൂഷണം, അഹങ്കാരം, മൂഢത എന്നിവ പുറപ്പെടുന്നു. ഈ ദോഷങ്ങൾ എല്ലാം അകത്തുനിന്ന് പുറപ്പെട്ടു മനുഷ്യനെ അശുദ്ധനാക്കുന്നു” എന്നും അവൻ പറഞ്ഞു. അവൻ അവിടെനിന്നു പുറപ്പെട്ടു സീദോന്‍റെയും സോരിന്‍റെയും അതിർനാട്ടിൽ ചെന്നു ഒരു വീട്ടിൽ കടന്നു; ആരും അറിയരുത് എന്നു ഇച്ഛിച്ചു എങ്കിലും മറഞ്ഞിരിപ്പാൻ സാധിച്ചില്ല. ഉടനെ അശുദ്ധാത്മാവ് ബാധിച്ച ചെറിയ മകൾ ഉള്ളൊരു സ്ത്രീ അവന്‍റെ വസ്തുത കേട്ടിട്ടു വന്നു അവന്‍റെ കാല്ക്കൽ വീണു. അവൾ സുറൊഫൊയ്നീക്യ ജാതിയിലുള്ള ഒരു യവനസ്ത്രീ ആയിരുന്നു; തന്‍റെ മകളിൽ നിന്നു ഭൂതത്തെ പുറത്താക്കുവാൻ അവൾ അവനോട് അപേക്ഷിച്ചു. യേശു അവളോട്: മുമ്പെ മക്കൾ ഭക്ഷിച്ചു തൃപ്തി വരട്ടെ; മക്കളുടെ അപ്പം എടുത്തു വളർത്തുനായ്ക്കൾക്ക് ഇട്ടുകൊടുക്കുന്നത് നന്നല്ല എന്നു പറഞ്ഞു. അവൾ അവനോട്: “അതേ, കർത്താവേ, നായ്ക്കളും മേശെയ്ക്കു കീഴെ കുട്ടികളുടെ അപ്പനുറുക്കുകളെ തിന്നുന്നുവല്ലോ” എന്നു ഉത്തരം പറഞ്ഞു. അവൻ അവളോട്: ഈ വാക്കുനിമിത്തം പൊയ്ക്കൊൾക: ഭൂതം നിന്‍റെ മകളെ വിട്ടു പോയിരിക്കുന്നു എന്നു പറഞ്ഞു. അവൾ വീട്ടിൽ വന്നപ്പോൾ, മകൾ കിടക്കമേൽ കിടക്കുന്നതും ഭൂതം വിട്ടുപോയതും കണ്ടു.

മർക്കൊസ് 7:14-30 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

പിന്നെ അവൻ പുരുഷാരത്തെ അരികെ വിളിച്ചു അവരോടു: എല്ലാവരും കേട്ടു ഗ്രഹിച്ചുകൊൾവിൻ. പുറത്തുനിന്നു മനുഷ്യന്റെ അകത്തു ചെല്ലുന്ന യാതൊന്നിന്നും അവനെ അശുദ്ധമാക്കുവാൻ കഴികയില്ല; അവനിൽ നിന്നു പുറപ്പെടുന്നതത്രേ മനുഷ്യനെ അശുദ്ധമാക്കുന്നതു [കേൾപ്പാൻ ചെവി ഉള്ളവൻ കേൾക്കട്ടെ] എന്നു പറഞ്ഞു. അവൻ പുരുഷാരത്തെ വിട്ടു വീട്ടിൽ ചെന്നശേഷം ശിഷ്യന്മാർ ആ ഉപമയെക്കുറിച്ചു അവനോടു ചോദിച്ചു. അവൻ അവരോടു: ഇങ്ങനെ നിങ്ങളും ബോധമില്ലാത്തവരോ? പുറത്തു നിന്നു മനുഷ്യന്റെ അകത്തു ചെല്ലുന്ന യാതൊന്നിന്നും അവനെ അശുദ്ധമാക്കുവാൻ കഴികയില്ല എന്നു തിരിച്ചറിയുന്നില്ലയോ? അതു അവന്റെ ഹൃദയത്തിൽ അല്ല വയറ്റിലത്രേ ചെല്ലുന്നതു; പിന്നെ മറപ്പുരയിലേക്കു പോകുന്നു; ഇങ്ങനെ സകലഭോജ്യങ്ങൾക്കും ശുദ്ധിവരുത്തുന്നു എന്നു പറഞ്ഞു. മനുഷ്യനിൽ നിന്നു പുറപ്പെടുന്നതത്രേ മനുഷ്യനെ അശുദ്ധനാക്കുന്നതു; അകത്തുനിന്നു, മനുഷ്യരുടെ ഹൃദയത്തിൽനിന്നു തന്നേ, ദുശ്ചിന്ത, വ്യഭിചാരം, പരസംഗം, കൊലപാതകം, മോഷണം, അത്യാഗ്രഹം, ദുഷ്ടത, ചതി, ദുഷ്കാമം, വിടക്കുകണ്ണു, ദൂഷണം, അഹങ്കാരം, മൂഢത എന്നിവ പുറപ്പെടുന്നു. ഈ ദോഷങ്ങൾ എല്ലാം അകത്തുനിന്നു പുറപ്പെട്ടു മനുഷ്യനെ അശുദ്ധനാക്കുന്നു എന്നും അവൻ പറഞ്ഞു. അവൻ അവിടെ നിന്നു പുറപ്പെട്ടു സീദോന്റെയും സോരിന്റെയും അതിർനാട്ടിൽ ചെന്നു ഒരു വീട്ടിൽ കടന്നു; ആരും അറിയരുതു എന്നു ഇച്ഛിച്ചു എങ്കിലും മറഞ്ഞിരിപ്പാൻ സാധിച്ചില്ല. അശുദ്ധാത്മാവു ബാധിച്ച ചെറിയ മകൾ ഉള്ളോരു സ്ത്രീ അവന്റെ വസ്തുത കേട്ടിട്ടു വന്നു അവന്റെ കാല്ക്കൽ വീണു. അവൾ സുറൊഫൊയ്നീക്യ ജാതിയിലുള്ള ഒരു യവനസ്ത്രീ ആയിരുന്നു; തന്റെ മകളിൽ നിന്നു ഭൂതത്തെ പുറത്താക്കുവാൻ അവൾ അവനോടു അപേക്ഷിച്ചു. യേശു അവളോടു: മുമ്പെ മക്കൾക്കു തൃപ്തി വരട്ടെ; മക്കളുടെ അപ്പം എടുത്തു ചെറുനായ്ക്കൾക്കു ഇട്ടുകൊടുക്കുന്നതു നന്നല്ല എന്നു പറഞ്ഞു. അവൾ അവനോടു: അതേ, കർത്താവേ, ചെറുനായ്ക്കളും മേശെക്കു കീഴെ കുട്ടികളുടെ അപ്പനുറുക്കുകളെ തിന്നുന്നുവല്ലോ എന്നു ഉത്തരം പറഞ്ഞു. അവൻ അവളോടു: ഈ വാക്കുനിമിത്തം പൊയ്ക്കൊൾക: ഭൂതം നിന്റെ മകളെ വിട്ടു പോയിരിക്കുന്നു എന്നു പറഞ്ഞു. അവൾ വീട്ടിൽ വന്നാറെ, മകൾ കിടക്കമേൽ കിടക്കുന്നതും ഭൂതം വിട്ടുപോയതും കണ്ടു.

മർക്കൊസ് 7:14-30 സമകാലിക മലയാളവിവർത്തനം (MCV)

യേശു ജനക്കൂട്ടത്തെ വീണ്ടും തന്റെ അടുത്തേക്കു വിളിച്ച് അവരോട് ഇപ്രകാരം പറഞ്ഞു: “എല്ലാവരും എന്റെ വാക്ക് ശ്രദ്ധാപൂർവം കേട്ടു മനസ്സിലാക്കുക. പുറമേനിന്നു മനുഷ്യന്റെ അകത്തേക്കു ചെല്ലുന്ന യാതൊന്നിനും ആ വ്യക്തിയെ ‘അശുദ്ധമാക്കാൻ’ കഴിയുകയില്ല. പിന്നെയോ, മനുഷ്യഹൃദയത്തിൽനിന്നു പുറത്തു വരുന്നതാണ് ആ മനുഷ്യനെ അശുദ്ധമാക്കുന്നത്. കേൾക്കാൻ ചെവിയുള്ളവൻ കേൾക്കട്ടെ.” ജനക്കൂട്ടത്തെ വിട്ട് അദ്ദേഹം ഭവനത്തിൽ എത്തിയപ്പോൾ ശിഷ്യന്മാർ ഈ സാദൃശ്യകഥയെക്കുറിച്ച് അദ്ദേഹത്തോടു ചോദിച്ചു. “നിങ്ങൾ ഇത്ര ബുദ്ധിഹീനരോ?” അദ്ദേഹം ചോദിച്ചു. “പുറമേനിന്ന് ഉള്ളിലേക്കുചെല്ലുന്ന യാതൊരു ഭക്ഷണത്തിനും ഒരു മനുഷ്യനെ അശുദ്ധമാക്കാൻ കഴിയുകയില്ല എന്നു നിങ്ങൾ അറിയുന്നില്ലയോ? കാരണം, അത് അയാളുടെ ഹൃദയത്തിലേക്കല്ല, വയറ്റിലേക്കും പിന്നെ ശരീരത്തിനു പുറത്തേക്കുമാണ് പോകുന്നത്.” എല്ലാ ഭക്ഷണവും ശുദ്ധമെന്ന് ഈ വാക്കുകളിലൂടെ അദ്ദേഹം വ്യക്തമാക്കി. അദ്ദേഹം തുടർന്നു: “മനുഷ്യന്റെ ഹൃദയത്തിൽനിന്ന് പുറപ്പെടുന്നവയാണ് അയാളെ അശുദ്ധമാക്കുന്നത്. വഷളവിചാരങ്ങൾ, വ്യഭിചാരം, മോഷണം, കൊലപാതകം, പരസംഗം, അത്യാഗ്രഹം, ദുഷ്‌പ്രവൃത്തികൾ, വഞ്ചന, ലൈംഗികാധർമം, ഈർഷ്യ, ദൂഷണം, അഹങ്കാരം, മൂഢത എന്നിവ ഉള്ളിൽനിന്ന്, മനുഷ്യന്റെ ഹൃദയത്തിൽനിന്നു വരുന്നു. ഈ തിന്മകളെല്ലാം ഉള്ളിൽനിന്നു വന്ന് മനുഷ്യനെ അശുദ്ധമാക്കുന്നു.” യേശു ആ സ്ഥലംവിട്ടു സോരിന്റെ പ്രദേശത്തേക്കുപോയി. അദ്ദേഹം ഒരു ഭവനത്തിൽ പ്രവേശിച്ചു; അത് ആരും അറിയരുതെന്ന് അദ്ദേഹം ആഗ്രഹിച്ചു, എങ്കിലും അദ്ദേഹത്തിന്റെ സാന്നിധ്യം രഹസ്യമായി വെക്കുക അസാധ്യമായിരുന്നു. ദുരാത്മാവു ബാധിച്ച ഒരു പെൺകുട്ടിയുടെ അമ്മ അദ്ദേഹത്തെക്കുറിച്ചു കേട്ടയുടനെ, വന്ന് അദ്ദേഹത്തിന്റെ കാൽക്കൽവീണു. അവൾ സുറൊഫൊയ്നീക്യയിൽ ജനിച്ച ഒരു ഗ്രീക്കുകാരി ആയിരുന്നു. തന്റെ മകളിൽനിന്ന് ഭൂതത്തെ പുറത്താക്കാൻ അവൾ യേശുവിനോട് അപേക്ഷിച്ചു. യേശു അവളോട്, “ആദ്യം മക്കൾ തിന്നു തൃപ്തരാകട്ടെ. മക്കളുടെ അപ്പം എടുത്ത് നായ്ക്കുട്ടികൾക്ക് എറിഞ്ഞുകൊടുക്കുന്നത് അനുയോജ്യമല്ല” എന്നു പറഞ്ഞു. അതിന് അവൾ, “അതേ കർത്താവേ, മേശയുടെ കീഴിൽ ഉള്ള നായ്ക്കുട്ടികളും മക്കളുടെ കൈകളിൽനിന്ന് വീഴുന്ന അപ്പനുറുക്കുകൾ തിന്നുന്നുണ്ടല്ലോ” എന്നു മറുപടി പറഞ്ഞു. അപ്പോൾ യേശു അവളോടു പറഞ്ഞത്: പൊയ്ക്കൊള്ളൂ, “നിന്റെ വിശ്വാസം നിറഞ്ഞ ഈ വാക്കുകൾനിമിത്തം ഭൂതം നിന്റെ മകളെ വിട്ടുപോയിരിക്കുന്നു.” അവൾ വീട്ടിൽ എത്തിയപ്പോൾ കുട്ടി ഭൂതബാധ ഒഴിഞ്ഞ് കട്ടിലിൽ കിടക്കുന്നതു കണ്ടു.