മർക്കൊസ് 11

11
1അവർ യെരൂശലേമിനോടു സമീപിച്ച് ഒലിവ്മലയരികെ ബേത്ത്ഫാഗയിലും ബേഥാന്യയിലും എത്തിയപ്പോൾ അവൻ ശിഷ്യന്മാരിൽ രണ്ടു പേരെ അയച്ച് അവരോട്: 2നിങ്ങൾക്ക് എതിരേയുള്ള ഗ്രാമത്തിൽ ചെല്ലുവിൻ; അതിൽ കടന്നാൽ ഉടനെ ആരും ഒരിക്കലും കയറീട്ടില്ലാത്ത ഒരു കഴുതക്കുട്ടിയെ കെട്ടിയിരിക്കുന്നതു കാണും; അതിനെ അഴിച്ചു കൊണ്ടുവരുവിൻ. 3ഇതു ചെയ്യുന്നത് എന്ത് എന്ന് ആരെങ്കിലും നിങ്ങളോടു ചോദിച്ചാൽ കർത്താവിന് ഇതിനെക്കൊണ്ട് ആവശ്യം ഉണ്ട് എന്നു പറവിൻ; അവൻ ക്ഷണത്തിൽ അതിനെ ഇങ്ങോട്ട് അയയ്ക്കും എന്നു പറഞ്ഞു. 4അവർ പോയി, തെരുവിൽ പുറത്തു വാതില്ക്കൽ കഴുതക്കുട്ടിയെ കെട്ടിയിരിക്കുന്നതു കണ്ട് അതിനെ അഴിച്ചു. 5അവിടെ നിന്നവരിൽ ചിലർ അവരോട്: നിങ്ങൾ കഴുതക്കുട്ടിയെ അഴിക്കുന്നത് എന്ത് എന്നു ചോദിച്ചു. 6യേശു കല്പിച്ചതുപോലെ അവർ അവരോടു പറഞ്ഞു; അവർ അവരെ വിട്ടയച്ചു. 7അവർ കഴുതക്കുട്ടിയെ യേശുവിന്റെ അടുക്കൽ കൊണ്ടുവന്നു തങ്ങളുടെ വസ്ത്രം അതിന്മേൽ ഇട്ടു; അവൻ അതിന്മേൽ കയറി ഇരുന്നു. 8അനേകർ തങ്ങളുടെ വസ്ത്രം വഴിയിൽ വിരിച്ചു; മറ്റു ചിലർ പറമ്പുകളിൽനിന്നു ചില്ലിക്കൊമ്പു വെട്ടി വഴിയിൽ വിതറി. 9മുമ്പും പിമ്പും നടക്കുന്നവർ: ഹോശന്നാ, കർത്താവിന്റെ നാമത്തിൽ വരുന്നവൻ വാഴ്ത്തപ്പെട്ടവൻ: 10വരുന്നതായ രാജ്യം, നമ്മുടെ പിതാവായ ദാവീദിന്റെ രാജ്യം വാഴ്ത്തപ്പെടുമാറാകട്ടെ; അത്യുന്നതങ്ങളിൽ ഹോശന്നാ എന്ന് ആർത്തുകൊണ്ടിരുന്നു.
11അവൻ യെരൂശലേമിൽ ദൈവാലയത്തിലേക്കു ചെന്നു സകലവും ചുറ്റും നോക്കിയ ശേഷം നേരം വൈകിയതുകൊണ്ടു പന്തിരുവരോടും കൂടെ ബേഥാന്യയിലേക്കു പോയി.
12പിറ്റന്നാൾ അവർ ബേഥാന്യ വിട്ടുപോരുമ്പോൾ അവനു വിശന്നു; 13അവൻ ഇലയുള്ളൊരു അത്തിവൃക്ഷം ദൂരത്തുനിന്നു കണ്ടു; അതിൽ വല്ലതും കണ്ടുകിട്ടുമോ എന്നു വച്ചു ചെന്നു; അതിനരികെ എത്തിയപ്പോൾ ഇല അല്ലാതെ ഒന്നും കണ്ടില്ല; അത് അത്തിപ്പഴത്തിന്റെ കാലമല്ലാഞ്ഞു. 14അവൻ അതിനോട്: ഇനി നിങ്കൽനിന്ന് എന്നേക്കും ആരും ഫലം തിന്നാതിരിക്കട്ടെ” എന്നു പറഞ്ഞു; അതു ശിഷ്യന്മാർ കേട്ടു.
15അവർ യെരൂശലേമിൽ എത്തിയപ്പോൾ അവൻ ദൈവാലയത്തിൽ കടന്നു; ദൈവാലയത്തിൽ വില്ക്കുന്നവരെയും വാങ്ങുന്നവരെയും പുറത്താക്കിത്തുടങ്ങി; പൊൻവാണിഭക്കാരുടെ മേശകളെയും പ്രാക്കളെ വില്ക്കുന്നവരുടെ പീഠങ്ങളെയും മറിച്ചിട്ടുകളഞ്ഞു; 16ആരും ദൈവാലയത്തിൽക്കൂടി ഒരു വസ്തുവും കൊണ്ടുപോകുവാൻ സമ്മതിച്ചില്ല. 17പിന്നെ അവരെ ഉപദേശിച്ചു: എന്റെ ആലയം സകല ജാതികൾക്കും പ്രാർഥനാലയം എന്നു വിളിക്കപ്പെടും എന്ന് എഴുതിയിരിക്കുന്നില്ലയോ? നിങ്ങളോ അതിനെ കള്ളന്മാരുടെ ഗുഹയാക്കിത്തീർത്തു എന്നു പറഞ്ഞു. 18അതു കേട്ടിട്ട് മഹാപുരോഹിതന്മാരും ശാസ്ത്രിമാരും അവനെ നശിപ്പിക്കേണ്ടത് എങ്ങനെ എന്ന് അന്വേഷിച്ചു. പുരുഷാരം എല്ലാം അവന്റെ ഉപദേശത്തിൽ അതിശയിക്കയാൽ അവർ അവനെ ഭയപ്പെട്ടിരുന്നു.
19സന്ധ്യയാകുമ്പോൾ അവൻ നഗരം വിട്ടുപോകും.
20രാവിലെ അവർ കടന്നുപോരുമ്പോൾ അത്തിവൃക്ഷം വേരോടെ ഉണങ്ങിപ്പോയതു കണ്ടു. 21അപ്പോൾ പത്രൊസിന് ഓർമവന്നു: റബ്ബീ, നീ ശപിച്ച അത്തി ഉണങ്ങിപ്പോയല്ലോ എന്ന് അവനോടു പറഞ്ഞു. 22യേശു അവരോട് ഉത്തരം പറഞ്ഞത്: ദൈവത്തിൽ വിശ്വാസമുള്ളവർ ആയിരിപ്പിൻ. 23ആരെങ്കിലും തന്റെ ഹൃദയത്തിൽ സംശയിക്കാതെ താൻ പറയുന്നത് സംഭവിക്കും എന്നു വിശ്വസിച്ചുംകൊണ്ട് ഈ മലയോട്: നീ നീങ്ങി കടലിൽ ചാടിപ്പോക എന്നു പറഞ്ഞാൽ അവൻ പറഞ്ഞതുപോലെ സംഭവിക്കും എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു. 24അതുകൊണ്ടു നിങ്ങൾ പ്രാർഥിക്കുമ്പോൾ യാചിക്കുന്നതൊക്കെയും ലഭിച്ചു എന്നു വിശ്വസിപ്പിൻ; എന്നാൽ അതു നിങ്ങൾക്ക് ഉണ്ടാകും എന്നു ഞാൻ നിങ്ങളോടു പറയുന്നു. 25നിങ്ങൾ പ്രാർഥിപ്പാൻ നില്ക്കുമ്പോൾ സ്വർഗസ്ഥനായ നിങ്ങളുടെ പിതാവ് നിങ്ങളുടെ പിഴകളെയും ക്ഷമിക്കേണ്ടതിനു നിങ്ങൾക്ക് ആരോടെങ്കിലും വല്ലതും ഉണ്ടെങ്കിൽ അവനോടു ക്ഷമിപ്പിൻ. 26നിങ്ങൾ ക്ഷമിക്കാഞ്ഞാലോ സ്വർഗസ്ഥനായ നിങ്ങളുടെ പിതാവ് നിങ്ങളുടെ പിഴകളെയും ക്ഷമിക്കയില്ല.
27അവർ പിന്നെയും യെരൂശലേമിൽ ചെന്നു. അവൻ ദൈവാലയത്തിൽ ചുറ്റി നടക്കുമ്പോൾ മഹാപുരോഹിതന്മാരും ശാസ്ത്രിമാരും മൂപ്പന്മാരും അവന്റെ അടുക്കൽ വന്നു; 28നീ എന്ത് അധികാരംകൊണ്ട് ഇത് ചെയ്യുന്നു എന്നും ഇതു ചെയ്‍വാനുള്ള അധികാരം നിനക്കു തന്നത് ആർ എന്നും അവനോട് ചോദിച്ചു. 29യേശു അവരോട്: ഞാൻ നിങ്ങളോട് ഒരു വാക്കു ചോദിക്കും; അതിന് ഉത്തരം പറവിൻ; എന്നാൽ ഇന്ന അധികാരംകൊണ്ട് ഇത് ചെയ്യുന്നു എന്നു ഞാനും നിങ്ങളോടു പറയും. 30യോഹന്നാന്റെ സ്നാനം സ്വർഗത്തിൽനിന്നോ മനുഷ്യരിൽനിന്നോ ഉണ്ടായത്? എന്നോട് ഉത്തരം പറവിൻ എന്നു പറഞ്ഞു. 31അവർ തമ്മിൽ ആലോചിച്ചു: സ്വർഗത്തിൽനിന്ന് എന്നു പറഞ്ഞാൽ, പിന്നെ നിങ്ങൾ അവനെ വിശ്വസിക്കാഞ്ഞത് എന്ത് എന്ന് അവൻ പറയും. 32മനുഷ്യരിൽനിന്ന് എന്നു പറഞ്ഞാലോ- എല്ലാവരും യോഹന്നാനെ സാക്ഷാൽ പ്രവാചകൻ എന്ന് എണ്ണുകകൊണ്ട് അവർ ജനത്തെ ഭയപ്പെട്ടു. 33അങ്ങനെ അവർ യേശുവിനോട്: ഞങ്ങൾക്ക് അറിഞ്ഞുകൂടാ എന്ന് ഉത്തരം പറഞ്ഞു. എന്നാൽ ഞാനും ഇത് ഇന്ന അധികാരംകൊണ്ടു ചെയ്യുന്നു എന്നു നിങ്ങളോടു പറയുന്നില്ല എന്നു യേശു അവരോടു പറഞ്ഞു.

നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:

മർക്കൊസ് 11: MALOVBSI

ഹൈലൈറ്റ് ചെയ്യുക

പങ്ക് വെക്കു

പകർത്തുക

None

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക