രാവിലെ അവർ കടന്നുപോരുമ്പോൾ അത്തിവൃക്ഷം വേരോടെ ഉണങ്ങിപ്പോയതു കണ്ടു. അപ്പോൾ പത്രൊസിന് ഓർമവന്നു: റബ്ബീ, നീ ശപിച്ച അത്തി ഉണങ്ങിപ്പോയല്ലോ എന്ന് അവനോടു പറഞ്ഞു. യേശു അവരോട് ഉത്തരം പറഞ്ഞത്: ദൈവത്തിൽ വിശ്വാസമുള്ളവർ ആയിരിപ്പിൻ. ആരെങ്കിലും തന്റെ ഹൃദയത്തിൽ സംശയിക്കാതെ താൻ പറയുന്നത് സംഭവിക്കും എന്നു വിശ്വസിച്ചുംകൊണ്ട് ഈ മലയോട്: നീ നീങ്ങി കടലിൽ ചാടിപ്പോക എന്നു പറഞ്ഞാൽ അവൻ പറഞ്ഞതുപോലെ സംഭവിക്കും എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു. അതുകൊണ്ടു നിങ്ങൾ പ്രാർഥിക്കുമ്പോൾ യാചിക്കുന്നതൊക്കെയും ലഭിച്ചു എന്നു വിശ്വസിപ്പിൻ; എന്നാൽ അതു നിങ്ങൾക്ക് ഉണ്ടാകും എന്നു ഞാൻ നിങ്ങളോടു പറയുന്നു. നിങ്ങൾ പ്രാർഥിപ്പാൻ നില്ക്കുമ്പോൾ സ്വർഗസ്ഥനായ നിങ്ങളുടെ പിതാവ് നിങ്ങളുടെ പിഴകളെയും ക്ഷമിക്കേണ്ടതിനു നിങ്ങൾക്ക് ആരോടെങ്കിലും വല്ലതും ഉണ്ടെങ്കിൽ അവനോടു ക്ഷമിപ്പിൻ. നിങ്ങൾ ക്ഷമിക്കാഞ്ഞാലോ സ്വർഗസ്ഥനായ നിങ്ങളുടെ പിതാവ് നിങ്ങളുടെ പിഴകളെയും ക്ഷമിക്കയില്ല. അവർ പിന്നെയും യെരൂശലേമിൽ ചെന്നു. അവൻ ദൈവാലയത്തിൽ ചുറ്റി നടക്കുമ്പോൾ മഹാപുരോഹിതന്മാരും ശാസ്ത്രിമാരും മൂപ്പന്മാരും അവന്റെ അടുക്കൽ വന്നു; നീ എന്ത് അധികാരംകൊണ്ട് ഇത് ചെയ്യുന്നു എന്നും ഇതു ചെയ്‍വാനുള്ള അധികാരം നിനക്കു തന്നത് ആർ എന്നും അവനോട് ചോദിച്ചു. യേശു അവരോട്: ഞാൻ നിങ്ങളോട് ഒരു വാക്കു ചോദിക്കും; അതിന് ഉത്തരം പറവിൻ; എന്നാൽ ഇന്ന അധികാരംകൊണ്ട് ഇത് ചെയ്യുന്നു എന്നു ഞാനും നിങ്ങളോടു പറയും. യോഹന്നാന്റെ സ്നാനം സ്വർഗത്തിൽനിന്നോ മനുഷ്യരിൽനിന്നോ ഉണ്ടായത്? എന്നോട് ഉത്തരം പറവിൻ എന്നു പറഞ്ഞു. അവർ തമ്മിൽ ആലോചിച്ചു: സ്വർഗത്തിൽനിന്ന് എന്നു പറഞ്ഞാൽ, പിന്നെ നിങ്ങൾ അവനെ വിശ്വസിക്കാഞ്ഞത് എന്ത് എന്ന് അവൻ പറയും. മനുഷ്യരിൽനിന്ന് എന്നു പറഞ്ഞാലോ- എല്ലാവരും യോഹന്നാനെ സാക്ഷാൽ പ്രവാചകൻ എന്ന് എണ്ണുകകൊണ്ട് അവർ ജനത്തെ ഭയപ്പെട്ടു. അങ്ങനെ അവർ യേശുവിനോട്: ഞങ്ങൾക്ക് അറിഞ്ഞുകൂടാ എന്ന് ഉത്തരം പറഞ്ഞു. എന്നാൽ ഞാനും ഇത് ഇന്ന അധികാരംകൊണ്ടു ചെയ്യുന്നു എന്നു നിങ്ങളോടു പറയുന്നില്ല എന്നു യേശു അവരോടു പറഞ്ഞു.
മർക്കൊസ് 11 വായിക്കുക
കേൾക്കുക മർക്കൊസ് 11
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: മർക്കൊസ് 11:20-33
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ