മർക്കൊസ് 11:11-21

മർക്കൊസ് 11:11-21 MALOVBSI

അവൻ യെരൂശലേമിൽ ദൈവാലയത്തിലേക്കു ചെന്നു സകലവും ചുറ്റും നോക്കിയ ശേഷം നേരം വൈകിയതുകൊണ്ടു പന്തിരുവരോടും കൂടെ ബേഥാന്യയിലേക്കു പോയി. പിറ്റന്നാൾ അവർ ബേഥാന്യ വിട്ടുപോരുമ്പോൾ അവനു വിശന്നു; അവൻ ഇലയുള്ളൊരു അത്തിവൃക്ഷം ദൂരത്തുനിന്നു കണ്ടു; അതിൽ വല്ലതും കണ്ടുകിട്ടുമോ എന്നു വച്ചു ചെന്നു; അതിനരികെ എത്തിയപ്പോൾ ഇല അല്ലാതെ ഒന്നും കണ്ടില്ല; അത് അത്തിപ്പഴത്തിന്റെ കാലമല്ലാഞ്ഞു. അവൻ അതിനോട്: ഇനി നിങ്കൽനിന്ന് എന്നേക്കും ആരും ഫലം തിന്നാതിരിക്കട്ടെ” എന്നു പറഞ്ഞു; അതു ശിഷ്യന്മാർ കേട്ടു. അവർ യെരൂശലേമിൽ എത്തിയപ്പോൾ അവൻ ദൈവാലയത്തിൽ കടന്നു; ദൈവാലയത്തിൽ വില്ക്കുന്നവരെയും വാങ്ങുന്നവരെയും പുറത്താക്കിത്തുടങ്ങി; പൊൻവാണിഭക്കാരുടെ മേശകളെയും പ്രാക്കളെ വില്ക്കുന്നവരുടെ പീഠങ്ങളെയും മറിച്ചിട്ടുകളഞ്ഞു; ആരും ദൈവാലയത്തിൽക്കൂടി ഒരു വസ്തുവും കൊണ്ടുപോകുവാൻ സമ്മതിച്ചില്ല. പിന്നെ അവരെ ഉപദേശിച്ചു: എന്റെ ആലയം സകല ജാതികൾക്കും പ്രാർഥനാലയം എന്നു വിളിക്കപ്പെടും എന്ന് എഴുതിയിരിക്കുന്നില്ലയോ? നിങ്ങളോ അതിനെ കള്ളന്മാരുടെ ഗുഹയാക്കിത്തീർത്തു എന്നു പറഞ്ഞു. അതു കേട്ടിട്ട് മഹാപുരോഹിതന്മാരും ശാസ്ത്രിമാരും അവനെ നശിപ്പിക്കേണ്ടത് എങ്ങനെ എന്ന് അന്വേഷിച്ചു. പുരുഷാരം എല്ലാം അവന്റെ ഉപദേശത്തിൽ അതിശയിക്കയാൽ അവർ അവനെ ഭയപ്പെട്ടിരുന്നു. സന്ധ്യയാകുമ്പോൾ അവൻ നഗരം വിട്ടുപോകും. രാവിലെ അവർ കടന്നുപോരുമ്പോൾ അത്തിവൃക്ഷം വേരോടെ ഉണങ്ങിപ്പോയതു കണ്ടു. അപ്പോൾ പത്രൊസിന് ഓർമവന്നു: റബ്ബീ, നീ ശപിച്ച അത്തി ഉണങ്ങിപ്പോയല്ലോ എന്ന് അവനോടു പറഞ്ഞു.