ഒരു മനുഷ്യൻ പരദേശത്തു പോകുമ്പോൾ ദാസന്മാരെ വിളിച്ചു തന്റെ സമ്പത്ത് അവരെ ഏല്പിച്ചു. ഒരുവന് അഞ്ചു താലന്ത്, ഒരുവനു രണ്ട്, ഒരുവന് ഒന്ന് ഇങ്ങനെ ഓരോരുത്തന് അവനവന്റെ പ്രാപ്തിപോലെ കൊടുത്തു യാത്ര പുറപ്പെട്ടു. അഞ്ചു താലന്തു ലഭിച്ചവൻ ഉടനെ ചെന്നു വ്യാപാരം ചെയ്തു വേറേ അഞ്ചു താലന്തു സമ്പാദിച്ചു. അങ്ങനെതന്നെ രണ്ടു താലന്തു ലഭിച്ചവൻ വേറേ രണ്ടു നേടി. ഒന്നു ലഭിച്ചവനോ പോയി നിലത്ത് ഒരു കുഴി കുഴിച്ചു യജമാനന്റെ ദ്രവ്യം മറച്ചുവച്ചു. വളരെ കാലം കഴിഞ്ഞശേഷം ആ ദാസന്മാരുടെ യജമാനൻ വന്ന് അവരുമായി കണക്കു തീർത്തു. അഞ്ചു താലന്തു ലഭിച്ചവൻ അടുക്കെ വന്നു, വേറേ അഞ്ചു കൂടെ കൊണ്ടുവന്നു: യജമാനനേ, അഞ്ചു താലന്തല്ലോ എന്നെ ഏല്പിച്ചത്; ഞാൻ അഞ്ചു താലന്തുകൂടെ നേടിയിരിക്കുന്നു എന്നു പറഞ്ഞു. അതിന് യജമാനൻ: നന്ന്, നല്ലവനും വിശ്വസ്തനുമായ ദാസനേ, നീ അല്പത്തിൽ വിശ്വസ്തനായിരുന്നു; ഞാൻ നിന്നെ അധികത്തിനു വിചാരകനാക്കും; നിന്റെ യജമാനന്റെ സന്തോഷത്തിലേക്കു പ്രവേശിക്ക എന്ന് അവനോടു പറഞ്ഞു. രണ്ടു താലന്തു ലഭിച്ചവനും അടുക്കെ വന്നു: യജമാനനേ, രണ്ടു താലന്തല്ലോ എന്നെ ഏല്പിച്ചത്; ഞാൻ രണ്ടു താലന്തുകൂടെ നേടിയിരിക്കുന്നു എന്നു പറഞ്ഞു. അതിനു യജമാനൻ നന്ന്, നല്ലവനും വിശ്വസ്തനുമായ ദാസനേ, നീ അല്പത്തിൽ വിശ്വസ്തനായിരുന്നു; ഞാൻ നിന്നെ അധികത്തിനു വിചാരകനാക്കും; നിന്റെ യജമാനന്റെ സന്തോഷത്തിലേക്കു പ്രവേശിക്ക എന്ന് അവനോടു പറഞ്ഞു. ഒരു താലന്തു ലഭിച്ചവനും അടുക്കെ വന്നു: യജമാനനേ, നീ വിതയ്ക്കാത്തേടത്തുനിന്നു കൊയ്യുകയും വിതറാത്തേടത്തുനിന്നു ചേർക്കുകയും ചെയ്യുന്ന കഠിനമനുഷ്യൻ എന്നു ഞാൻ അറിഞ്ഞു ഭയപ്പെട്ടു ചെന്നു നിന്റെ താലന്തു നിലത്തു മറച്ചുവച്ചു; നിൻറേത് ഇതാ, എടുത്തുകൊൾക എന്നു പറഞ്ഞു. അതിനു യജമാനൻ ഉത്തരം പറഞ്ഞത്: ദുഷ്ടനും മടിയനും ആയ ദാസനേ, ഞാൻ വിതയ്ക്കാത്തേടത്തുനിന്നു കൊയ്യുകയും വിതറാത്തേടത്തുനിന്നു ചേർക്കുകയും ചെയ്യുന്നവൻ എന്നു നീ അറിഞ്ഞുവല്ലോ. നീ എന്റെ ദ്രവ്യം പൊൻവാണിഭക്കാരെ ഏല്പിക്കേണ്ടിയിരുന്നു; എന്നാൽ ഞാൻ വന്ന് എൻറേതു പലിശയോടുകൂടെ വാങ്ങിക്കൊള്ളുമായിരുന്നു. ആ താലന്ത് അവന്റെ പക്കൽനിന്ന് എടുത്തു പത്തു താലന്ത് ഉള്ളവനു കൊടുപ്പിൻ. അങ്ങനെ ഉള്ളവന് ഏവനും ലഭിക്കും; അവനു സമൃദ്ധിയും ഉണ്ടാകും; ഇല്ലാത്തവനോടോ ഉള്ളതും കൂടെ എടുത്തുകളയും. എന്നാൽ കൊള്ളരുതാത്ത ദാസനെ ഏറ്റവും പുറത്തുള്ള ഇരുട്ടിലേക്കു തള്ളിക്കളവിൻ; അവിടെ കരച്ചലും പല്ലുകടിയും ഉണ്ടാകും. മനുഷ്യപുത്രൻ തന്റെ തേജസ്സോടെ സകല വിശുദ്ധദൂതന്മാരുമായി വരുമ്പോൾ അവൻ തന്റെ തേജസ്സിന്റെ സിംഹാസനത്തിൽ ഇരിക്കും. സകല ജാതികളെയും അവന്റെ മുമ്പിൽ കൂട്ടും; അവൻ അവരെ ഇടയൻ ചെമ്മരിയാടുകളെയും കോലാടുകളെയും തമ്മിൽ വേർതിരിക്കുന്നതുപോലെ വേർതിരിച്ച്, ചെമ്മരിയാടുകളെ തന്റെ വലത്തും കോലാടുകളെ ഇടത്തും നിറുത്തും. രാജാവ് തന്റെ വലത്തുള്ളവരോട് അരുളിച്ചെയ്യും: എന്റെ പിതാവിനാൽ അനുഗ്രഹിക്കപ്പെട്ടവരേ, വരുവിൻ; ലോകസ്ഥാപനംമുതൽ നിങ്ങൾക്കായി ഒരുക്കിയിരിക്കുന്ന രാജ്യം അവകാശമാക്കിക്കൊൾവിൻ. എനിക്കു വിശന്നു, നിങ്ങൾ ഭക്ഷിപ്പാൻ തന്നു; ദാഹിച്ചു, നിങ്ങൾ കുടിപ്പാൻ തന്നു; ഞാൻ അതിഥിയായിരുന്നു, നിങ്ങൾ എന്നെ ചേർത്തുകൊണ്ടു; നഗ്നനായിരുന്നു, നിങ്ങൾ എന്നെ ഉടുപ്പിച്ചു; രോഗിയായിരുന്നു, നിങ്ങൾ എന്നെ കാൺമാൻ വന്നു; തടവിൽ ആയിരുന്നു, നിങ്ങൾ എന്റെ അടുക്കൽ വന്നു. അതിനു നീതിമാന്മാർ അവനോടു: കർത്താവേ, ഞങ്ങൾ എപ്പോൾ നിന്നെ വിശന്നു കണ്ടിട്ടു ഭക്ഷിപ്പാൻ തരികയോ ദാഹിച്ചു കണ്ടിട്ടു കുടിപ്പാൻ തരികയോ ചെയ്തു? ഞങ്ങൾ എപ്പോൾ നിന്നെ അതിഥിയായി കണ്ടിട്ടു ചേർത്തുകൊൾകയോ നഗ്നനായി കണ്ടിട്ട് ഉടുപ്പിക്കയോ ചെയ്തു? നിന്നെ രോഗിയായിട്ടോ തടവിലോ എപ്പോൾ കണ്ടിട്ടു ഞങ്ങൾ നിന്റെ അടുക്കൽ വന്നു എന്ന് ഉത്തരം പറയും. രാജാവ് അവരോട്: എന്റെ ഈ ഏറ്റവും ചെറിയ സഹോദരന്മാരിൽ ഒരുത്തനു നിങ്ങൾ ചെയ്തേടത്തോളം എല്ലാം എനിക്കു ചെയ്തു എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്ന് അരുളിച്ചെയ്യും.
മത്തായി 25 വായിക്കുക
കേൾക്കുക മത്തായി 25
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: മത്തായി 25:14-40
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ