മത്തായി 23:29-39

മത്തായി 23:29-39 MALOVBSI

കപടഭക്തിക്കാരായ ശാസ്ത്രിമാരും പരീശന്മാരുമായുള്ളോരേ, നിങ്ങൾക്കു ഹാ കഷ്ടം; നിങ്ങൾ പ്രവാചകന്മാരുടെ കല്ലറകളെ പണിതും നീതിമാന്മാരുടെ കല്ലറകളെ അലങ്കരിച്ചുംകൊണ്ടു: ഞങ്ങൾ പിതാക്കന്മാരുടെ കാലത്ത് ഉണ്ടായിരുന്നു എങ്കിൽ പ്രവാചകന്മാരെ കൊല്ലുന്നതിൽ കൂട്ടാളികൾ ആകയില്ലായിരുന്നു എന്നു പറയുന്നു. അങ്ങനെ നിങ്ങൾ പ്രവാചകന്മാരെ കൊന്നവരുടെ മക്കൾ എന്നു നിങ്ങൾ തന്നെ സാക്ഷ്യം പറയുന്നുവല്ലോ. പിതാക്കന്മാരുടെ അളവ് നിങ്ങൾ പൂരിച്ചുകൊൾവിൻ. പാമ്പുകളേ, സർപ്പസന്തതികളേ, നിങ്ങൾ നരകവിധി എങ്ങനെ ഒഴിഞ്ഞുപോകും? അതുകൊണ്ട് ഞാൻ പ്രവാചകന്മാരെയും ജ്ഞാനികളെയും ശാസ്ത്രിമാരെയും നിങ്ങളുടെ അടുക്കൽ അയയ്ക്കുന്നു; അവരിൽ ചിലരെ നിങ്ങൾ ക്രൂശിച്ചു കൊല്ലുകയും ചിലരെ നിങ്ങളുടെ പള്ളികളിൽ ചമ്മട്ടികൊണ്ട് അടിക്കയും പട്ടണത്തിൽനിന്നു പട്ടണത്തിലേക്ക് ഓടിക്കയും ചെയ്യും. നീതിമാനായ ഹാബെലിന്റെ രക്തംമുതൽ നിങ്ങൾ മന്ദിരത്തിനും യാഗപീഠത്തിനും നടുവിൽ വച്ചു കൊന്നവനായി ബെരെഖ്യാവിന്റെ മകനായ സെഖര്യാവിന്റെ രക്തംവരെ ഭൂമിയിൽ ചൊരിഞ്ഞ നീതിയുള്ള രക്തം എല്ലാം നിങ്ങളുടെമേൽ വരേണ്ടതാകുന്നു. ഇതൊക്കെയും ഈ തലമുറമേൽ വരും എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു. യെരൂശലേമേ, യെരൂശലേമേ, പ്രവാചകന്മാരെ കൊല്ലുകയും നിന്റെ അടുക്കൽ അയച്ചിരിക്കുന്നവരെ കല്ലെറികയും ചെയ്യുന്നവളേ, കോഴി തന്റെ കുഞ്ഞുങ്ങളെ ചിറകിൻകീഴിൽ ചേർക്കുംപോലെ നിന്റെ മക്കളെ ചേർത്തുകൊൾവാൻ എനിക്ക് എത്ര വട്ടം മനസ്സായിരുന്നു; നിങ്ങൾക്കോ മനസ്സായില്ല. നിങ്ങളുടെ ഭവനം ശൂന്യമായിത്തീരും. കർത്താവിന്റെ നാമത്തിൽ വരുന്നവൻ അനുഗ്രഹിക്കപ്പെട്ടവൻ എന്നു നിങ്ങൾ പറയുവോളം നിങ്ങൾ ഇനി എന്നെ കാണുകയില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു.