ലൂക്കൊസ് 9:28-50

ലൂക്കൊസ് 9:28-50 MALOVBSI

ഈ വാക്കുകളെ പറഞ്ഞിട്ട് ഏകദേശം എട്ടുനാൾ കഴിഞ്ഞപ്പോൾ അവൻ പത്രൊസിനെയും യോഹന്നാനെയും യാക്കോബിനെയും കൂട്ടിക്കൊണ്ടു പ്രാർഥിപ്പാൻ മലയിൽ കയറിപ്പോയി. അവൻ പ്രാർഥിക്കുമ്പോൾ മുഖത്തിന്റെ ഭാവം മാറി, ഉടുപ്പ് മിന്നുന്ന വെള്ളയായും തീർന്നു. രണ്ടു പുരുഷന്മാർ അവനോടു സംഭാഷിച്ചു; മോശെയും ഏലീയാവും തന്നെ. അവർ തേജസ്സിൽ പ്രത്യക്ഷരായി അവൻ യെരൂശലേമിൽ പ്രാപിപ്പാനുള്ള നിര്യാണത്തെക്കുറിച്ചു സംസാരിച്ചു. പത്രൊസും കൂടെയുള്ളവരും ഉറക്കത്താൽ ഭാരപ്പെട്ടിരുന്നു; ഉണർന്നശേഷം അവന്റെ തേജസ്സിനെയും അവനോടുകൂടെ നില്ക്കുന്ന രണ്ടു പുരുഷന്മാരെയും കണ്ടു. അവർ അവനെ വിട്ടുപിരിയുമ്പോൾ പത്രൊസ് യേശുവിനോട്: ഗുരോ, നാം ഇവിടെ ഇരിക്കുന്നത് നല്ലത്; ഞങ്ങൾ മൂന്നു കുടിൽ ഉണ്ടാക്കട്ടെ, ഒന്നു നിനക്കും ഒന്നു മോശെക്കും ഒന്ന് ഏലീയാവിനും എന്നു താൻ പറയുന്നത് ഇന്നത് എന്ന് അറിയാതെ പറഞ്ഞു. ഇതു പറയുമ്പോൾ ഒരു മേഘം വന്ന് അവരുടെമേൽ നിഴലിട്ടു. അവർ മേഘത്തിൽ ആയപ്പോൾ പേടിച്ചു. മേഘത്തിൽനിന്ന്: ഇവൻ എന്റെ പ്രിയപുത്രൻ, ഇവനു ചെവികൊടുപ്പിൻ എന്ന് ഒരു ശബ്ദം ഉണ്ടായി. ശബ്ദം ഉണ്ടായ നേരത്ത് യേശുവിനെ തനിയേ കണ്ടു; അവർ കണ്ടത് ഒന്നും ആ നാളുകളിൽ ആരോടും അറിയിക്കാതെ മൗനമായിരുന്നു. പിറ്റന്നാൾ അവർ മലയിൽനിന്ന് ഇറങ്ങിവന്നപ്പോൾ ബഹുപുരുഷാരം അവനെ എതിരേറ്റു. കൂട്ടത്തിൽനിന്ന് ഒരാൾ നിലവിളിച്ചു: ഗുരോ, എന്റെ മകനെ കടാക്ഷിക്കേണമെന്നു ഞാൻ നിന്നോട് അപേക്ഷിക്കുന്നു; അവൻ എനിക്ക് ഏകജാതൻ ആകുന്നു. ഒരാത്മാവ് അവനെ പിടിച്ചിട്ട് അവൻ പൊടുന്നനവേ നിലവിളിക്കുന്നു; അത് അവനെ നുരപ്പിച്ചു പിടപ്പിക്കുന്നു; പിന്നെ അവനെ ഞെരിച്ചിട്ടു പ്രയാസത്തോടെ വിട്ടുമാറുന്നു. അതിനെ പുറത്താക്കുവാൻ നിന്റെ ശിഷ്യന്മാരോട് അപേക്ഷിച്ചു എങ്കിലും അവർക്കു കഴിഞ്ഞില്ല എന്നു പറഞ്ഞു. അതിന് യേശു: അവിശ്വാസവും കോട്ടവുമുള്ള തലമുറയേ, എത്രത്തോളം ഞാൻ നിങ്ങളോടുകൂടെ ഇരുന്നു നിങ്ങളെ സഹിക്കും? നിന്റെ മകനെ ഇവിടെ കൊണ്ടുവരിക എന്ന് ഉത്തരം പറഞ്ഞു; അവൻ വരുമ്പോൾതന്നെ ഭൂതം അവനെ തള്ളിയിട്ടു പിടപ്പിച്ചു. യേശു അശുദ്ധാത്മാവിനെ ശാസിച്ചു ബാലനെ സൗഖ്യമാക്കി, അപ്പനെ ഏല്പിച്ചു. എല്ലാവരും ദൈവത്തിന്റെ മഹിമയിങ്കൽ വിസ്മയിച്ചു. യേശു ചെയ്യുന്നതിലൊക്കെയും എല്ലാവരും ആശ്ചര്യപ്പെടുമ്പോൾ അവൻ തന്റെ ശിഷ്യന്മാരോട്: നിങ്ങൾ ഈ വാക്കു ശ്രദ്ധിച്ചു കേട്ടുകൊൾവിൻ: മനുഷ്യപുത്രൻ മനുഷ്യരുടെ കൈയിൽ ഏല്പിക്കപ്പെടുവാൻ പോകുന്നു എന്നു പറഞ്ഞു. ആ വാക്ക് അവർ ഗ്രഹിച്ചില്ല; അത് തിരിച്ചറിയാതവണ്ണം അവർക്കു മറഞ്ഞിരുന്നു; ആ വാക്ക് സംബന്ധിച്ച് അവനോട് ചോദിപ്പാൻ അവർ ശങ്കിച്ചു. അവരിൽവച്ച് ആർ വലിയവൻ എന്ന് ഒരു വാദം അവരുടെ ഇടയിൽ നടന്നു. യേശു അവരുടെ ഹൃദയവിചാരം കണ്ട് ഒരു ശിശുവിനെ എടുത്ത് അരികെ നിറുത്തി: ഈ ശിശുവിനെ എന്റെ നാമത്തിൽ ആരെങ്കിലും കൈക്കൊണ്ടാൽ എന്നെ കൈക്കൊള്ളുന്നു; എന്നെ കൈക്കൊള്ളുന്നവനോ എന്നെ അയച്ചവനെ കൈക്കൊള്ളുന്നു; നിങ്ങളെല്ലാവരിലും ചെറിയവനായവൻ അത്രേ വലിയവൻ ആകും എന്ന് അവരോടു പറഞ്ഞു. നാഥാ, ഒരുത്തൻ നിന്റെ നാമത്തിൽ ഭൂതങ്ങളെ പുറത്താക്കുന്നതു ഞങ്ങൾ കണ്ടു; ഞങ്ങളോടുകൂടെ നിന്നെ അനുഗമിക്കായ്കയാൽ അവനെ വിരോധിച്ചു എന്നു യോഹന്നാൻ പറഞ്ഞതിന് യേശു അവനോട്: വിരോധിക്കരുത്; നിങ്ങൾക്കു പ്രതികൂലമല്ലാത്തവൻ നിങ്ങൾക്ക് അനുകൂലമല്ലോ എന്നു പറഞ്ഞു.