ലൂക്കൊസ് 6:27-36

ലൂക്കൊസ് 6:27-36 MALOVBSI

എന്നാൽ കേൾക്കുന്നവരായ നിങ്ങളോടു ഞാൻ പറയുന്നത്: നിങ്ങളുടെ ശത്രുക്കളെ സ്നേഹിപ്പിൻ; നിങ്ങളെ പകയ്ക്കുന്നവർക്കു ഗുണം ചെയ്‍വിൻ. നിങ്ങളെ ശപിക്കുന്നവരെ അനുഗ്രഹിപ്പിൻ; നിങ്ങളെ ദുഷിക്കുന്നവർക്കുവേണ്ടി പ്രാർഥിപ്പിൻ. നിന്നെ ഒരു ചെകിട്ടത്ത് അടിക്കുന്നവന് മറ്റേതും കാണിച്ചുകൊടുക്ക; നിന്റെ പുതപ്പ് എടുത്തുകളയുന്നവന് വസ്ത്രവും തടുക്കരുത്. നിന്നോടു ചോദിക്കുന്ന ഏവനും കൊടുക്ക; നിനക്കുള്ളത് എടുത്തുകളയുന്നവനോട് മടക്കി ചോദിക്കരുത്. മനുഷ്യർ നിങ്ങൾക്കു ചെയ്യേണം എന്നു നിങ്ങൾ ഇച്ഛിക്കുന്നതുപോലെതന്നെ അവർക്കും ചെയ്‍വിൻ. നിങ്ങളെ സ്നേഹിക്കുന്നവരെ സ്നേഹിച്ചാൽ നിങ്ങൾക്ക് എന്ത് ഉപചാരം കിട്ടും? പാപികളും തങ്ങളെ സ്നേഹിക്കുന്നവരെ സ്നേഹിക്കുന്നുവല്ലോ. നിങ്ങൾക്കു നന്മ ചെയ്യുന്നവർക്കു നന്മ ചെയ്താൽ നിങ്ങൾക്ക് എന്ത് ഉപചാരം കിട്ടും? പാപികളും അങ്ങനെതന്നെ ചെയ്യുന്നുവല്ലോ. മടക്കി വാങ്ങിക്കൊള്ളാം എന്നു നിങ്ങൾ ആശിക്കുന്നവർക്കു കടംകൊടുത്താൽ നിങ്ങൾക്ക് എന്ത് കിട്ടും? പാപികളും കുറയാതെ മടക്കിവാങ്ങേണ്ടതിനു പാപികൾക്കു കടം കൊടുക്കുന്നുവല്ലോ. നിങ്ങളോ ശത്രുക്കളെ സ്നേഹിപ്പിൻ; അവർക്കു നന്മ ചെയ്‍വിൻ; ഒന്നും പകരം ഇച്ഛിക്കാതെ കടം കൊടുപ്പിൻ; എന്നാൽ നിങ്ങളുടെ പ്രതിഫലം വളരെ ആകും; നിങ്ങൾ അത്യുന്നതന്റെ മക്കൾ ആകും; അവൻ നന്ദികെട്ടവരോടും ദുഷ്ടന്മാരോടും ദയാലുവല്ലോ. അങ്ങനെ നിങ്ങളുടെ പിതാവ് മനസ്സലിവുള്ളവൻ ആകുന്നതുപോലെ നിങ്ങളും മനസ്സലിവുള്ളവർ ആകുവിൻ.