ലേവ്യാപുസ്തകം 9

9
1എട്ടാം ദിവസം മോശെ അഹരോനെയും പുത്രന്മാരെയും യിസ്രായേൽമൂപ്പന്മാരെയും വിളിച്ച്, 2അഹരോനോടു പറഞ്ഞതെന്തെന്നാൽ: നീ പാപയാഗത്തിനായി ഊനമില്ലാത്ത ഒരു കാളക്കുട്ടിയെയും ഹോമയാഗത്തിനായി ഊനമില്ലാത്ത ഒരു ആട്ടുകൊറ്റനെയും എടുത്ത് യഹോവയുടെ സന്നിധിയിൽ അർപ്പിക്കേണം. 3എന്നാൽ യിസ്രായേൽമക്കളോടു നീ പറയേണ്ടത് എന്തെന്നാൽ: യഹോവയുടെ സന്നിധിയിൽ യാഗം കഴിക്കേണ്ടതിനു നിങ്ങൾ പാപയാഗത്തിനായി ഊനമില്ലാത്ത ഒരു കോലാട്ടിനെയും ഹോമയാഗത്തിനായി ഒരു വയസ്സു പ്രായമുള്ള ഊനമില്ലാത്ത ഒരു കാളക്കുട്ടിയെയും ഒരു വയസ്സു പ്രായമുള്ള ഊനമില്ലാത്ത ഒരു ചെമ്മരിയാട്ടിൻകുട്ടിയെയും 4സമാധാനയാഗത്തിനായി ഒരു കാളയെയും ഒരു ചെമ്മരിയാട്ടുകൊറ്റനെയും എണ്ണ ചേർത്ത ഭോജനയാഗത്തെയും എടുപ്പിൻ; യഹോവ ഇന്നു നിങ്ങൾക്കു പ്രത്യക്ഷനാകും. 5മോശെ കല്പിച്ചവയെ അവർ സമാഗമനകൂടാരത്തിനു മുമ്പിൽ കൊണ്ടുവന്നു; സഭ മുഴുവനും അടുത്തുവന്നു യഹോവയുടെ സന്നിധിയിൽ നിന്നു. 6അപ്പോൾ മോശെ: നിങ്ങൾ ചെയ്യേണമെന്ന് യഹോവ കല്പിച്ച കാര്യം ഇതാകുന്നു; യഹോവയുടെ തേജസ്സ് നിങ്ങൾക്കു പ്രത്യക്ഷമാകും എന്നു പറഞ്ഞു. 7അഹരോനോട് മോശെ: നീ യാഗപീഠത്തിന്റെ അടുക്കൽ ചെന്നു യഹോവ കല്പിച്ചതുപോലെ നിന്റെ പാപയാഗവും ഹോമയാഗവും അർപ്പിച്ചു നിനക്കും ജനത്തിനുംവേണ്ടി പ്രായശ്ചിത്തം കഴിച്ചു ജനത്തിന്റെ വഴിപാട് അർപ്പിച്ച് അവർക്കായിട്ടും പ്രായശ്ചിത്തം കഴിക്ക എന്നു പറഞ്ഞു. 8അങ്ങനെ അഹരോൻ യാഗപീഠത്തിന്റെ അടുക്കൽ ചെന്നു തനിക്കുവേണ്ടി പാപയാഗത്തിനുള്ള കാളക്കുട്ടിയെ അറുത്തു; 9അഹരോന്റെ പുത്രന്മാർ അതിന്റെ രക്തം അവന്റെ അടുക്കൽ കൊണ്ടുവന്നു; അവൻ രക്തത്തിൽ വിരൽ മുക്കി യാഗപീഠത്തിന്റെ കൊമ്പുകളിൽ പുരട്ടി ശേഷം രക്തം യാഗപീഠത്തിന്റെ ചുവട്ടിൽ ഒഴിച്ചു. 10പാപയാഗത്തിന്റെ മേദസ്സും മൂത്രപിണ്ഡങ്ങളും കരളിന്മേലുള്ള വപയും അവൻ യാഗപീഠത്തിന്മേൽ ദഹിപ്പിച്ചു; യഹോവ മോശെയോടു കല്പിച്ചതുപോലെ തന്നെ. 11അതിന്റെ മാംസവും തോലും അവൻ പാളയത്തിനു പുറത്തു തീയിൽ ഇട്ടു ചുട്ടുകളഞ്ഞു. 12അവൻ ഹോമയാഗത്തെയും അറുത്തു; അഹരോന്റെ പുത്രന്മാർ അതിന്റെ രക്തം അവന്റെ അടുക്കൽ കൊണ്ടുവന്ന്; അവൻ അതു യാഗപീഠത്തിന്മേൽ ചുറ്റും തളിച്ചു. 13അവർ ഖണ്ഡംഖണ്ഡമായി ഹോമയാഗവും അതിന്റെ തലയും അവന്റെ അടുക്കൽ കൊണ്ടുവന്ന് അവൻ അവയെ യാഗപീഠത്തിന്മേൽ ദഹിപ്പിച്ചു. 14അവൻ അതിന്റെ കുടലും കാലും കഴുകി യാഗപീഠത്തിന്മേൽ ഹോമയാഗത്തിന്മീതെ ദഹിപ്പിച്ചു. 15അവൻ ജനത്തിന്റെ വഴിപാട് കൊണ്ടുവന്നു: ജനത്തിനുവേണ്ടി പാപയാഗത്തിനുള്ള കോലാടിനെ പിടിച്ച് അറുത്തു മുമ്പിലത്തേതിനെപ്പോലെ പാപയാഗമായി അർപ്പിച്ചു. 16അവൻ ഹോമയാഗം കൊണ്ടുവന്ന് അതും നിയമപ്രകാരം അർപ്പിച്ചു. 17അവൻ ഭോജനയാഗം കൊണ്ടുവന്ന് അതിൽനിന്നു കൈ നിറച്ച് എടുത്തു കാലത്തെ ഹോമയാഗത്തിനു പുറമേ യാഗപീഠത്തിന്മേൽ ദഹിപ്പിച്ചു. 18പിന്നെ അവൻ ജനത്തിനുവേണ്ടി സമാധാനയാഗത്തിനുള്ള കാളയെയും ചെമ്മരിയാട്ടുകൊറ്റനെയും അറുത്തു; അഹരോന്റെ പുത്രന്മാർ അതിന്റെ രക്തം അവന്റെ അടുക്കൽ കൊണ്ടുവന്നു; അവൻ അതു യാഗപീഠത്തിന്മേൽ ചുറ്റും തളിച്ചു. 19കാളയുടെയും ആട്ടുകൊറ്റന്റെയും മേദസ്സും തടിച്ച വാലും കുടൽ പൊതിഞ്ഞിരിക്കുന്ന മേദസ്സും മൂത്രപിണ്ഡങ്ങളും കരളിന്മേലുള്ള വപയും കൊണ്ടുവന്നു. 20അവർ മേദസ്സ് നെഞ്ചുകണ്ടങ്ങളുടെമേൽ വച്ചു; അവൻ മേദസ്സ് യാഗപീഠത്തിന്മേൽ ദഹിപ്പിച്ചു. 21എന്നാൽ നെഞ്ചുകണ്ടങ്ങളും വലത്തെ കൈക്കുറകും മോശെ കല്പിച്ചതുപോലെ അഹരോൻ യഹോവയുടെ സന്നിധിയിൽ നീരാജനാർപ്പണമായി നീരാജനം ചെയ്തു. 22പിന്നെ അഹരോൻ ജനത്തിനു നേരേ കൈ ഉയർത്തി അവരെ ആശീർവദിച്ചു; പാപയാഗവും ഹോമയാഗവും സമാധാനയാഗവും അർപ്പിച്ചിട്ട് അവൻ ഇറങ്ങിപ്പോന്നു. 23മോശെയും അഹരോനും സമാഗമനകൂടാരത്തിൽ കടന്നിട്ടു പുറത്തുവന്നു ജനത്തെ ആശീർവദിച്ചു; അപ്പോൾ യഹോവയുടെ തേജസ്സ് സകല ജനത്തിനും പ്രത്യക്ഷമായി. 24യഹോവയുടെ സന്നിധിയിൽനിന്നു തീ പുറപ്പെട്ടു യാഗപീഠത്തിന്മേൽ ഉള്ള ഹോമയാഗവും മേദസ്സും ദഹിപ്പിച്ചു; ജനമെല്ലാം അതു കണ്ടപ്പോൾ ആർത്തു സാഷ്ടാംഗം വീണു.

നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:

ലേവ്യാപുസ്തകം 9: MALOVBSI

ഹൈലൈറ്റ് ചെയ്യുക

പങ്ക് വെക്കു

പകർത്തുക

None

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക