ലേവ്യാപുസ്തകം 4
4
1യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത്: 2നീ യിസ്രായേൽമക്കളോടു പറയേണ്ടത് എന്തെന്നാൽ: ചെയ്യരുതെന്ന് യഹോവ കല്പിച്ചിട്ടുള്ള വല്ല കാര്യത്തിലും ആരെങ്കിലും അബദ്ധവശാൽ പിഴച്ച് ആ വക വല്ലതും ചെയ്താൽ- 3അഭിഷിക്തനായ പുരോഹിതൻ ജനത്തിന്മേൽ കുറ്റം വരത്തക്കവണ്ണം പാപം ചെയ്തു എങ്കിൽ താൻ ചെയ്ത പാപം നിമിത്തം അവൻ യഹോവയ്ക്കു പാപയാഗമായി ഊനമില്ലാത്ത ഒരു കാളക്കിടാവിനെ അർപ്പിക്കേണം. 4അവൻ ആ കാളയെ സമാഗമനകൂടാരത്തിന്റെ വാതിൽക്കൽ യഹോവയുടെ സന്നിധിയിൽ കൊണ്ടുവന്നു കാളയുടെ തലയിൽ കൈവച്ചു യഹോവയുടെ സന്നിധിയിൽ കാളയെ അറുക്കേണം. 5അഭിഷിക്തനായ പുരോഹിതൻ കാളയുടെ രക്തം കുറെ എടുത്തു സമാഗമനകൂടാരത്തിൽ കൊണ്ടുവരേണം. 6പുരോഹിതൻ രക്തത്തിൽ വിരൽ മുക്കി യഹോവയുടെ സന്നിധിയിൽ വിശുദ്ധമന്ദിരത്തിന്റെ തിരശ്ശീലയ്ക്കു മുമ്പിൽ ഏഴു പ്രാവശ്യം തളിക്കേണം. 7പുരോഹിതൻ രക്തം കുറെ യഹോവയുടെ സന്നിധിയിൽ സമാഗമനകൂടാരത്തിലുള്ള സുഗന്ധവർഗത്തിൻ ധൂപപീഠത്തിന്റെ കൊമ്പുകളിൽ പുരട്ടേണം; കാളയുടെ ശേഷം രക്തം മുഴുവനും സമാഗമനകൂടാരത്തിന്റെ വാതിൽക്കൽ ഉള്ള ഹോമയാഗപീഠത്തിന്റെ ചുവട്ടിൽ ഒഴിച്ചുകളയേണം. 8പാപയാഗത്തിനുള്ള കാളയുടെ സകല മേദസ്സും കുടൽ പൊതിഞ്ഞിരിക്കുന്ന മേദസ്സും കുടലിന്മേലുള്ള സകല മേദസ്സും അതിൽനിന്നു നീക്കേണം. 9മൂത്രപിണ്ഡം രണ്ടും അവയുടെമേൽ കടിപ്രദേശത്തുള്ള മേദസ്സും മൂത്രപിണ്ഡങ്ങളോടുകൂടെ കരളിന്മേലുള്ള വപയും അവൻ എടുക്കേണം. 10സമാധാനയാഗത്തിനുള്ള കാളയിൽനിന്ന് എടുത്തതുപോലെ തന്നെ; പുരോഹിതൻ ഹോമയാഗപീഠത്തിന്മേൽ അതു ദഹിപ്പിക്കേണം. 11കാളയുടെ തോലും മാംസം മുഴുവനും തലയും കാലുകളും കുടലും ചാണകവുമായി 12കാളയെ മുഴുവനും അവൻ പാളയത്തിനു പുറത്തു വെണ്ണീർ ഇടുന്ന വെടിപ്പുള്ള സ്ഥലത്തു കൊണ്ടുപോയി വിറകിന്മേൽ വച്ചു തീയിട്ടു ചുട്ടുകളയേണം; വെണ്ണീർ ഇടുന്നേടത്തു വച്ചുതന്നെ അതു ചുട്ടുകളയേണം.
13യിസ്രായേൽസഭ മുഴുവനും അബദ്ധവശാൽ പിഴയ്ക്കയും ആ കാര്യം സഭയുടെ കണ്ണിനു മറഞ്ഞിരിക്കയും, ചെയ്യരുതെന്ന് യഹോവ കല്പിച്ചിട്ടുള്ള വല്ല കാര്യത്തിലും അവർ പാപം ചെയ്തു കുറ്റക്കാരായിത്തീരുകയും ചെയ്താൽ, 14ചെയ്ത പാപം അവർ അറിയുമ്പോൾ സഭ ഒരു കാളക്കിടാവിനെ പാപയാഗമായി അർപ്പിക്കേണം; സമാഗമനകൂടാരത്തിന്റെ മുമ്പാകെ അതിനെ കൊണ്ടുവന്നിട്ട് 15സഭയുടെ മൂപ്പന്മാർ യഹോവയുടെ സന്നിധിയിൽ കാളയുടെ തലയിൽ കൈ വയ്ക്കേണം; യഹോവയുടെ സന്നിധിയിൽ കാളയെ അറുക്കയും വേണം. 16അഭിഷിക്തനായ പുരോഹിതൻ കാളയുടെ രക്തം കുറെ സമാഗമനകൂടാരത്തിൽ കൊണ്ടുവരേണം. 17പുരോഹിതൻ രക്തത്തിൽ വിരൽ മുക്കി യഹോവയുടെ സന്നിധിയിൽ തിരശ്ശീലയ്ക്കു മുമ്പിൽ ഏഴു പ്രാവശ്യം തളിക്കേണം. 18അവൻ സമാഗമനകൂടാരത്തിൽ യഹോവയുടെ സന്നിധിയിലുള്ള പീഠത്തിന്റെ കൊമ്പുകളിൽ കുറെ പുരട്ടേണം; ശേഷം രക്തം മുഴുവനും സമാഗമനകൂടാരത്തിന്റെ വാതിൽക്കലുള്ള ഹോമയാഗപീഠത്തിന്റെ ചുവട്ടിൽ ഒഴിച്ചു കളയേണം. 19അതിന്റെ മേദസ്സൊക്കെയും അവൻ അതിൽനിന്ന് എടുത്ത് യാഗപീഠത്തിന്മേൽ ദഹിപ്പിക്കേണം. 20പാപയാഗത്തിനുള്ള കാളയെ അവൻ ചെയ്തതുപോലെ തന്നെ ഈ കാളയെയും ചെയ്യേണം; അങ്ങനെതന്നെ ഇതിനെയും ചെയ്യേണം; ഇങ്ങനെ പുരോഹിതൻ അവർക്കുവേണ്ടി പ്രായശ്ചിത്തം കഴിക്കേണം; എന്നാൽ അത് അവരോടു ക്ഷമിക്കും. 21പിന്നെ അവൻ കാളയെ പാളയത്തിനു പുറത്തു കൊണ്ടുപോയി മുമ്പിലത്തെ കാളയെ ചുട്ടുകളഞ്ഞതുപോലെ ഇതിനെയും ചുട്ടുകളയേണം; ഇതു സഭയ്ക്കുവേണ്ടിയുള്ള പാപയാഗം.
22ഒരു പ്രമാണി പാപം ചെയ്കയും, ചെയ്യരുതെന്നു തന്റെ ദൈവമായ യഹോവ കല്പിച്ചിട്ടുള്ള വല്ല കാര്യത്തിലും അബദ്ധവശാൽ പിഴച്ചു കുറ്റക്കാരനായിത്തീരുകയും ചെയ്താൽ 23അവൻ ചെയ്ത പാപം അവനു ബോധ്യമായി എങ്കിൽ അവൻ ഊനമില്ലാത്ത ഒരു ആൺകോലാട്ടിനെ വഴിപാടായി കൊണ്ടുവരേണം. 24അവൻ ആടിന്റെ തലയിൽ കൈവച്ചു യഹോവയുടെ സന്നിധിയിൽ ഹോമയാഗമൃഗത്തെ അറുക്കുന്ന സ്ഥലത്തുവച്ച് അതിനെ അറുക്കേണം; അത് ഒരു പാപയാഗം. 25പിന്നെ പുരോഹിതൻ പാപയാഗത്തിന്റെ രക്തം വിരൽകൊണ്ട് കുറെ എടുത്ത് ഹോമയാഗപീഠത്തിന്റെ കൊമ്പുകളിൽ പുരട്ടി ശേഷം രക്തം ഹോമയാഗപീഠത്തിന്റെ ചുവട്ടിൽ ഒഴിച്ചുകളയേണം. 26അതിന്റെ മേദസ്സൊക്കെയും അവൻ സമാധാനയാഗത്തിന്റെ മേദസ്സുപോലെ യാഗപീഠത്തിന്മേൽ ദഹിപ്പിക്കേണം; ഇങ്ങനെ പുരോഹിതൻ അവന്റെ പാപം നിമിത്തം അവനുവേണ്ടി പ്രായശ്ചിത്തം കഴിക്കേണം; എന്നാൽ അത് അവനോടു ക്ഷമിക്കും.
27ദേശത്തെ ജനത്തിൽ ഒരുത്തൻ ചെയ്യരുതെന്ന് യഹോവ കല്പിച്ചിട്ടുള്ള വല്ല കാര്യത്തിലും അബദ്ധവശാൽ പിഴച്ചു കുറ്റക്കാരനായിത്തീർന്നാൽ 28പാപം അവനു ബോധ്യമായി എങ്കിൽ അവൻ ചെയ്ത പാപം നിമിത്തം ഊനമില്ലാത്ത ഒരു പെൺകോലാട്ടിനെ വഴിപാടായി കൊണ്ടുവരേണം. 29പാപയാഗമൃഗത്തിന്റെ തലയിൽ അവൻ കൈ വച്ചിട്ടു ഹോമയാഗത്തിന്റെ സ്ഥലത്തുവച്ചു പാപയാഗമൃഗത്തെ അറുക്കേണം. 30പുരോഹിതൻ അതിന്റെ രക്തം വിരൽകൊണ്ടു കുറെ എടുത്തു ഹോമയാഗപീഠത്തിന്റെ കൊമ്പുകളിൽ പുരട്ടി, ശേഷം രക്തമൊക്കെയും യാഗപീഠത്തിന്റെ ചുവട്ടിൽ ഒഴിച്ചുകളയേണം. 31അതിന്റെ മേദസ്സൊക്കെയും സമാധാനയാഗത്തിൽനിന്നു മേദസ്സ് എടുക്കുന്നതുപോലെ എടുത്ത് പുരോഹിതൻ യാഗപീഠത്തിന്മേൽ യഹോവയ്ക്കു സൗരഭ്യവാസനയായി ദഹിപ്പിക്കേണം; ഇങ്ങനെ പുരോഹിതൻ അവനുവേണ്ടി പ്രായശ്ചിത്തം കഴിക്കേണം; എന്നാൽ അത് അവനോടു ക്ഷമിക്കും.
32അവൻ പാപയാഗമായി ഒരു ആട്ടിൻകുട്ടിയെ കൊണ്ടുവരുന്നു എങ്കിൽ ഊനമില്ലാത്ത പെണ്ണാട്ടിനെ കൊണ്ടുവരേണം. 33പാപയാഗമൃഗത്തിന്റെ തലയിൽ അവൻ കൈവച്ചു ഹോമയാഗമൃഗത്തെ അറുക്കുന്ന സ്ഥലത്തുവച്ച് അതിനെ പാപയാഗമായി അറുക്കേണം. 34പുരോഹിതൻ പാപയാഗത്തിന്റെ രക്തം വിരൽകൊണ്ടു കുറെ എടുത്ത് ഹോമയാഗപീഠത്തിന്റെ കൊമ്പുകളിൽ പുരട്ടി, ശേഷം രക്തമൊക്കെയും യാഗപീഠത്തിന്റെ ചുവട്ടിൽ ഒഴിച്ചുകളയേണം. 35അതിന്റെ മേദസ്സൊക്കെയും സമാധാനയാഗത്തിൽനിന്ന് ആട്ടിൻകുട്ടിയുടെ മേദസ്സ് എടുക്കുന്നതുപോലെ അവൻ എടുക്കേണം; പുരോഹിതൻ യാഗപീഠത്തിന്മേൽ യഹോവയുടെ ദഹനയാഗങ്ങളെപ്പോലെ അവയെ ദഹിപ്പിക്കേണം; അവൻ ചെയ്ത പാപത്തിനു പുരോഹിതൻ ഇങ്ങനെ പ്രായശ്ചിത്തം കഴിക്കേണം; എന്നാൽ അത് അവനോടു ക്ഷമിക്കും.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
ലേവ്യാപുസ്തകം 4: MALOVBSI
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
Malayalam OV Bible - സത്യവേദപുസ്തകം
© The Bible Society of India, 2016.
Used by permission. All rights reserved worldwide.