ലേവ്യാപുസ്തകം 20

20
1യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത്: 2നീ യിസ്രായേൽമക്കളോടു പറയേണ്ടത് എന്തെന്നാൽ: യിസ്രായേൽമക്കളിലോ യിസ്രായേലിൽ വന്നു പാർക്കുന്ന പരദേശികളിലോ ആരെങ്കിലും തന്റെ സന്തതിയിൽ ഒന്നിനെ മോലേക്കിനു കൊടുത്താൽ അവൻ മരണശിക്ഷ അനുഭവിക്കേണം; ദേശത്തിലെ ജനം അവനെ കല്ലെറിയേണം. 3അവൻ തന്റെ സന്തതിയെ മോലേക്കിനു കൊടുത്തതിനാൽ എന്റെ വിശുദ്ധമന്ദിരം മലിനമാക്കുകയും എന്റെ വിശുദ്ധനാമം അശുദ്ധമാക്കുകയും ചെയ്തതുകൊണ്ട് ഞാൻ അവന്റെ നേരേ ദൃഷ്‍ടിവച്ച് അവനെ അവന്റെ ജനത്തിൽനിന്നു ഛേദിച്ചുകളയും. 4അവൻ തന്റെ സന്തതിയെ മോലേക്കിനു കൊടുക്കുമ്പോൾ ദേശത്തിലെ ജനം അവനെ കൊല്ലാതെ കണ്ണടച്ചു കളഞ്ഞാൽ 5ഞാൻ അവനും കുടുംബത്തിനും നേരേ ദൃഷ്‍ടിവച്ച് അവനെയും അവന്റെ പിന്നാലെ മോലേക്കിനോടു പരസംഗം ചെയ്‍വാൻ പോകുന്ന എല്ലാവരെയും അവരുടെ ജനത്തിന്റെ നടുവിൽനിന്നു ഛേദിച്ചുകളയും. 6വെളിച്ചപ്പാടന്മാരുടെയും മന്ത്രവാദികളുടെയും പിന്നാലെ പരസംഗം ചെയ്‍വാൻ പോകുന്നവന്റെ നേരേയും ഞാൻ ദൃഷ്‍ടിവച്ച് അവനെ അവന്റെ ജനത്തിൽനിന്നു ഛേദിച്ചുകളയും. 7ആകയാൽ നിങ്ങൾ നിങ്ങളെത്തന്നെ ശുദ്ധീകരിച്ചു വിശുദ്ധന്മാരായിരിപ്പിൻ; ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു. 8എന്റെ ചട്ടങ്ങൾ പ്രമാണിച്ച് ആചരിപ്പിൻ; ഞാൻ നിങ്ങളെ ശുദ്ധീകരിക്കുന്ന യഹോവ ആകുന്നു. 9അപ്പനെയോ അമ്മയെയോ ശപിക്കുന്നവൻ മരണശിക്ഷ അനുഭവിക്കേണം; അവൻ അപ്പനെയും അമ്മയെയും ശപിച്ചു; അവന്റെ രക്തം അവന്റെമേൽ ഇരിക്കും. 10ഒരുത്തന്റെ ഭാര്യയുമായി വ്യഭിചാരം ചെയ്യുന്നവൻ, കൂട്ടുകാരന്റെ ഭാര്യയുമായി വ്യഭിചാരം ചെയ്യുന്ന വ്യഭിചാരിയും വ്യഭിചാരിണിയും തന്നെ, മരണശിക്ഷ അനുഭവിക്കേണം. 11അപ്പന്റെ ഭാര്യയോടുകൂടെ ശയിക്കുന്നവൻ അപ്പന്റെ നഗ്നത അനാവൃതമാക്കുന്നു; ഇരുവരും മരണശിക്ഷ അനുഭവിക്കേണം; അവരുടെ രക്തം അവരുടെമേൽ ഇരിക്കും. 12ഒരുത്തൻ മരുമകളോടുകൂടെ ശയിച്ചാൽ ഇരുവരും മരണശിക്ഷ അനുഭവിക്കേണം; അവർ നികൃഷ്ടകർമം ചെയ്തു; അവരുടെ രക്തം അവരുടെമേൽ ഇരിക്കും. 13സ്ത്രീയോടുകൂടെ ശയിക്കുന്നതുപോലെ ഒരുത്തൻ പുരുഷനോടുകൂടെ ശയിച്ചാൽ ഇരുവരും മ്ലേച്ഛത ചെയ്തു; അവർ മരണശിക്ഷ അനുഭവിക്കേണം; അവരുടെ രക്തം അവരുടെമേൽ ഇരിക്കും. 14ഒരു പുരുഷൻ ഒരു സ്ത്രീയെയും അവളുടെ അമ്മയെയും പരിഗ്രഹിച്ചാൽ അത് ദുഷ്കർമം; നിങ്ങളുടെ ഇടയിൽ ദുഷ്കർമം ഇല്ലാതിരിക്കേണ്ടതിന് അവനെയും അവരെയും തീയിൽ ഇട്ടു ചുട്ടുകളയേണം. 15ഒരു പുരുഷൻ മൃഗത്തോടുകൂടെ ശയിച്ചാൽ അവൻ മരണശിക്ഷ അനുഭവിക്കേണം; മൃഗത്തെയും കൊല്ലേണം. 16ഒരു സ്ത്രീ യാതൊരു മൃഗത്തോടെങ്കിലും ചേർന്നു ശയിച്ചാൽ സ്ത്രീയെയും മൃഗത്തെയും കൊല്ലേണം; അവർ മരണശിക്ഷ അനുഭവിക്കേണം; അവരുടെ രക്തം അവരുടെമേൽ ഇരിക്കും. 17ഒരു പുരുഷൻ തന്റെ അപ്പന്റെ മകളോ അമ്മയുടെ മകളോ ആയ തന്റെ സഹോദരിയെ പരിഗ്രഹിച്ച് അവളുടെ നഗ്നത കാണുകയും അവൾ അവന്റെ നഗ്നത കാണുകയും ചെയ്താൽ അതു ലജ്ജാകരം; അവരെ അവരുടെ ജനത്തിന്റെ മുമ്പിൽവച്ചുതന്നെ സംഹരിച്ചുകളയേണം; അവൻ സഹോദരിയുടെ നഗ്നത അനാവൃതമാക്കി; അവൻ തന്റെ കുറ്റം വഹിക്കും. 18ഒരു പുരുഷൻ ഋതുവായ സ്ത്രീയോടു കൂടെ ശയിച്ച് അവളുടെ നഗ്നത അനാവൃതമാക്കിയാൽ അവൻ അവളുടെ സ്രവം അനാവൃതമാക്കി; അവളും തന്റെ രക്തസ്രവം അനാവൃതമാക്കി; ഇരുവരെയും അവരുടെ ജനത്തിന്റെ ഇടയിൽനിന്നു ഛേദിച്ചുകളയേണം. 19നിന്റെ അമ്മയുടെ സഹോദരിയുടെയോ അപ്പന്റെ സഹോദരിയുടെയോ നഗ്നത അനാവൃതമാക്കരുത്; അങ്ങനെത്തവൻ തന്റെ അടുത്ത ചാർച്ചക്കാരത്തിയെ അനാവൃതയാക്കുന്നുവല്ലോ; അവർ തങ്ങളുടെ കുറ്റം വഹിക്കും. 20ഒരു പുരുഷൻ ഇളയപ്പന്റെ ഭാര്യയോടുകൂടെ ശയിച്ചാൽ അവൻ ഇളയപ്പന്റെ നഗ്നത അനാവൃതമാക്കി; അവർ തങ്ങളുടെ പാപം വഹിക്കും; അവർ സന്തതിയില്ലാത്തവരായി മരിക്കേണം. 21ഒരുത്തൻ സഹോദരന്റെ ഭാര്യയെ പരിഗ്രഹിച്ചാൽ അതു മാലിന്യം; അവൻ സഹോദരന്റെ നഗ്നത അനാവൃതമാക്കി; അവർ സന്തതി ഇല്ലാത്തവർ ആയിരിക്കേണം.
22ആകയാൽ നിങ്ങൾ കുടിയിരിക്കേണ്ടതിന് ഞാൻ നിങ്ങളെ കൊണ്ടുപോകുന്ന ദേശം നിങ്ങളെ ഛർദിച്ചുകളയാതിരിപ്പാൻ എന്റെ എല്ലാ ചട്ടങ്ങളും സകല വിധികളും പ്രമാണിച്ച് ആചരിക്കേണം. 23ഞാൻ നിങ്ങളുടെ മുമ്പിൽനിന്നും നീക്കിക്കളയുന്ന ജാതിയുടെ ചട്ടങ്ങളെ അനുസരിച്ചു നടക്കരുത്; ഈ കാര്യങ്ങളെയൊക്കെയും ചെയ്തതുകൊണ്ട് അവർ എനിക്ക് അറപ്പായിത്തീർന്നു. 24നിങ്ങൾ അവരുടെ ദേശത്തെ കൈവശമാക്കും എന്നു ഞാൻ നിങ്ങളോടു കല്പിച്ചുവല്ലോ; പാലും തേനും ഒഴുകുന്ന ആ ദേശം നിങ്ങൾ കൈവശമാക്കേണ്ടതിനു ഞാൻ അതിനെ നിങ്ങൾക്കു തരും; ഞാൻ നിങ്ങളെ ജാതികളിൽനിന്നു വേർതിരിച്ചവനായി നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു; 25ആകയാൽ ശുദ്ധിയുള്ള മൃഗവും ശുദ്ധിയില്ലാത്ത മൃഗവും തമ്മിലും, ശുദ്ധിയില്ലാത്ത പക്ഷിയും ശുദ്ധിയുള്ള പക്ഷിയും തമ്മിലും നിങ്ങൾ വ്യത്യാസം വയ്ക്കേണം; ഞാൻ നിങ്ങൾക്ക് അശുദ്ധമെന്നു വേർതിരിച്ചിട്ടുള്ള മൃഗത്തെക്കൊണ്ടും പക്ഷിയെക്കൊണ്ടും നിലത്ത് ഇഴയുന്ന യാതൊരു ജന്തുവിനെക്കൊണ്ടും നിങ്ങളെത്തന്നെ അറപ്പാക്കരുത്. 26നിങ്ങൾ എനിക്കു വിശുദ്ധന്മാരായിരിക്കേണം; യഹോവയായ ഞാൻ വിശുദ്ധനാകകൊണ്ടു നിങ്ങളും എനിക്കു വിശുദ്ധന്മാരായിരിക്കേണം; നിങ്ങൾ എനിക്കുള്ളവരായിരിക്കേണ്ടതിനു ഞാൻ നിങ്ങളെ ജാതികളിൽനിന്നു വേർതിരിച്ചിരിക്കുന്നു.
27വെളിച്ചപ്പാടോ മന്ത്രവാദമോ ഉള്ള പുരുഷൻ ആകട്ടെ സ്ത്രീ ആകട്ടെ മരണശിക്ഷ അനുഭവിക്കേണം; അവരെ കല്ലെറിഞ്ഞു കൊല്ലേണം; അവരുടെ രക്തം അവരുടെമേൽ ഇരിക്കും.

നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:

ലേവ്യാപുസ്തകം 20: MALOVBSI

ഹൈലൈറ്റ് ചെയ്യുക

പങ്ക് വെക്കു

പകർത്തുക

None

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക