ലേവ്യാപുസ്തകം 17

17
1യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത്: 2നീ അഹരോനോടും പുത്രന്മാരോടും എല്ലാ യിസ്രായേൽമക്കളോടും പറയേണ്ടത് എന്തെന്നാൽ: യഹോവ കല്പിച്ച കാര്യം ആവിത്: 3യിസ്രായേൽഗൃഹത്തിൽ ആരെങ്കിലും കാളയെയോ ആട്ടിൻകുട്ടിയെയോ കോലാടിനെയോ പാളയത്തിൽവച്ചെങ്കിലും പാളയത്തിനു പുറത്തുവച്ചെങ്കിലും അറുക്കയും 4അതിനെ യഹോവയുടെ കൂടാരത്തിന്റെ മുമ്പിൽ യഹോവയ്ക്കു വഴിപാടായി അർപ്പിക്കേണ്ടതിനു സമാഗമനകൂടാരത്തിന്റെ വാതിൽക്കൽ കൊണ്ടുവരാതിരിക്കയും ചെയ്താൽ അത് അവനു രക്തപാതകമായി എണ്ണേണം; അവൻ രക്തം ചൊരിയിച്ച്; ആ മനുഷ്യനെ അവന്റെ ജനത്തിന്റെ നടുവിൽനിന്നു ഛേദിച്ചുകളയേണം. 5യിസ്രായേൽമക്കൾ വെളിമ്പ്രദേശത്തുവച്ച് അർപ്പിച്ചുവരുന്ന യാഗങ്ങളെ യഹോവയ്ക്കു സമാധാനയാഗങ്ങളായി അർപ്പിക്കേണ്ടതിനു സമാഗമനകൂടാരത്തിന്റെ വാതിൽക്കൽ പുരോഹിതന്റെ അടുക്കൽ യഹോവയുടെ സന്നിധിയിൽ കൊണ്ടുവരേണ്ടതാകുന്നു. 6പുരോഹിതൻ അവയുടെ രക്തം സമാഗമനകൂടാരത്തിന്റെ വാതിൽക്കൽ യഹോവയുടെ യാഗപീഠത്തിന്മേൽ തളിച്ചു മേദസ്സ് യഹോവയ്ക്കു സൗരഭ്യവാസനയായി ദഹിപ്പിക്കേണം. 7അവർ പരസംഗമായി പിന്തുടരുന്ന ഭൂതങ്ങൾക്ക് ഇനി തങ്ങളുടെ ബലികൾ അർപ്പിക്കരുത്; ഇതു തലമുറതലമുറയായി അവർക്ക് എന്നേക്കുമുള്ള ചട്ടം ആയിരിക്കേണം.
8നീ അവരോടു പറയേണ്ടത് എന്തെന്നാൽ: യിസ്രായേൽഗൃഹത്തിലോ നിങ്ങളുടെ ഇടയിൽ പാർക്കുന്ന പരദേശികളിലോ ആരെങ്കിലും ഹോമയാഗമോ ഹനനയാഗമോ അർപ്പിക്കയും 9അത് യഹോവയ്ക്ക് അർപ്പിക്കേണ്ടതിനു സമാഗമനകൂടാരത്തിന്റെ വാതിൽക്കൽ കൊണ്ടുവരാതിരിക്കയും ചെയ്താൽ അവനെ അവന്റെ ജനത്തിൽനിന്നു ഛേദിച്ചുകളയേണം. 10യിസ്രായേൽഗൃഹത്തിലോ നിങ്ങളുടെ ഇടയിൽ പാർക്കുന്ന പരദേശികളിലോ ആരെങ്കിലും വല്ല രക്തവും ഭക്ഷിച്ചാൽ രക്തം ഭക്ഷിച്ചവന്റെ നേരേ ഞാൻ ദൃഷ്‍ടിവച്ച് അവനെ അവന്റെ ജനത്തിന്റെ ഇടയിൽനിന്നു ഛേദിച്ചുകളയും. 11മാംസത്തിന്റെ ജീവൻ രക്തത്തിൽ അല്ലോ ഇരിക്കുന്നത്; യാഗപീഠത്തിന്മേൽ നിങ്ങൾക്കുവേണ്ടി പ്രായശ്ചിത്തം കഴിപ്പാൻ ഞാൻ അതു നിങ്ങൾക്കു തന്നിരിക്കുന്നു; രക്തമല്ലോ ജീവന്മൂലമായി പ്രായശ്ചിത്തം ആകുന്നത്. 12അതുകൊണ്ടത്രേ നിങ്ങളിൽ യാതൊരുത്തനും രക്തം ഭക്ഷിക്കരുത്; നിങ്ങളുടെ ഇടയിൽ പാർക്കുന്ന പരദേശിയും രക്തം ഭക്ഷിക്കരുത് എന്നു ഞാൻ യിസ്രായേൽമക്കളോടു കല്പിച്ചത്.
13യിസ്രായേൽമക്കളിലോ നിങ്ങളുടെ ഇടയിൽ പാർക്കുന്ന പരദേശികളിലോ ആരെങ്കിലും തിന്നാകുന്ന ഒരു മൃഗത്തെയോ പക്ഷിയെയോ വേട്ടയാടി പിടിച്ചാൽ അവൻ അതിന്റെ രക്തം കളഞ്ഞു മണ്ണിട്ടു മൂടേണം. 14സകല ജഡത്തിന്റെയും ജീവൻ അതിന്റെ ജീവാധാരമായ രക്തം തന്നെ. അതുകൊണ്ടത്രേ ഞാൻ യിസ്രായേൽമക്കളോട്: യാതൊരു ജഡത്തിന്റെ രക്തവും നിങ്ങൾ ഭക്ഷിക്കരുത് എന്നു കല്പിച്ചത്; സകല ജഡത്തിന്റെയും ജീവൻ അതിന്റെ രക്തമല്ലോ; അതു ഭക്ഷിക്കുന്നവനെയെല്ലാം ഛേദിച്ചുകളയേണം. 15താനേ ചത്തതിനെയോ പറിച്ചുകീറിപ്പോയതിനെയോ തിന്നുന്നവനൊക്കെയും സ്വദേശിയായാലും പരദേശിയായാലും വസ്ത്രം അലക്കി വെള്ളത്തിൽ കുളിക്കയും സന്ധ്യവരെ അശുദ്ധനായിരിക്കയും വേണം; പിന്നെ അവൻ ശുദ്ധിയുള്ളവനാകും. 16വസ്ത്രം അലക്കാതെയും ദേഹം കഴുകാതെയും ഇരുന്നാൽ അവൻ കുറ്റം വഹിക്കേണം.

നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:

ലേവ്യാപുസ്തകം 17: MALOVBSI

ഹൈലൈറ്റ് ചെയ്യുക

പങ്ക് വെക്കു

പകർത്തുക

None

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക