ലേവ്യാപുസ്തകം 16:1-22

ലേവ്യാപുസ്തകം 16:1-22 MALOVBSI

അഹരോന്റെ രണ്ടു പുത്രന്മാർ യഹോവയുടെ സന്നിധിയിൽ അടുത്തു ചെന്നിട്ടു മരിച്ചുപോയശേഷം യഹോവ മോശെയോട് അരുളിച്ചെയ്തത് എന്തെന്നാൽ: കൃപാസനത്തിന്മീതെ മേഘത്തിൽ ഞാൻ വെളിപ്പെടുന്നതുകൊണ്ടു നിന്റെ സഹോദരനായ അഹരോൻ മരിക്കാതിരിക്കേണ്ടതിനു വിശുദ്ധമന്ദിരത്തിൽ തിരശ്ശീലയ്ക്കകത്തു പെട്ടകത്തിന്മേലുള്ള കൃപാസനത്തിൻമുമ്പിൽ എല്ലാ സമയത്തും വരരുത് എന്ന് അവനോടു പറയേണം. പാപയാഗത്തിന് ഒരു കാളക്കിടാവിനോടും ഹോമയാഗത്തിന് ഒരു ആട്ടുകൊറ്റനോടും കൂടെ അഹരോൻ വിശുദ്ധമന്ദിരത്തിൽ കടക്കേണം. അവൻ പഞ്ഞിനൂൽകൊണ്ടുള്ള വിശുദ്ധമായ അങ്കി ധരിച്ചു ദേഹത്തിൽ പഞ്ഞിനൂൽകൊണ്ടുള്ള കാൽച്ചട്ട ഇട്ടു പഞ്ഞിനൂൽകൊണ്ടുള്ള നടുക്കെട്ടു കെട്ടി പഞ്ഞിനൂൽകൊണ്ടുള്ള മുടിയും വയ്ക്കേണം; ഇവ വിശുദ്ധവസ്ത്രം ആകയാൽ അവൻ ദേഹം വെള്ളത്തിൽ കഴുകിയിട്ട് അവയെ ധരിക്കേണം. അവൻ യിസ്രായേൽമക്കളുടെ സഭയുടെ പക്കൽനിന്നു പാപയാഗത്തിനു രണ്ടു കോലാട്ടുകൊറ്റനെയും ഹോമയാഗത്തിന് ഒരു ആട്ടുകൊറ്റനെയും വാങ്ങേണം. തനിക്കുവേണ്ടിയുള്ള പാപയാഗത്തിന്റെ കാളയെ അഹരോൻ അർപ്പിച്ചു തനിക്കും കുടുംബത്തിനുംവേണ്ടി പ്രായശ്ചിത്തം കഴിക്കേണം. അവൻ ആ രണ്ടു കോലാട്ടുകൊറ്റനെ കൊണ്ടുവന്നു സമാഗമനകൂടാരത്തിന്റെ വാതിൽക്കൽ യഹോവയുടെ സന്നിധിയിൽ നിർത്തേണം. പിന്നെ അഹരോൻ യഹോവയ്ക്ക് എന്ന് ഒരു ചീട്ടും അസസേലിന് എന്ന് മറ്റൊരു ചീട്ടും ഇങ്ങനെ രണ്ടു കോലാട്ടുകൊറ്റനും ചീട്ടിടേണം. യഹോവയ്ക്കുള്ള ചീട്ടു വീണ കോലാട്ടുകൊറ്റനെ അഹരോൻ കൊണ്ടുവന്നു പാപയാഗമായി അർപ്പിക്കേണം. അസസേലിനു ചീട്ടു വീണ കോലാട്ടുകൊറ്റനെയോ, അതിനാൽ പ്രായശ്ചിത്തം കഴിക്കേണ്ടതിനും അതിനെ അസസേലിനു മരുഭൂമിയിലേക്കു വിട്ടയയ്ക്കേണ്ടതിനുമായി യഹോവയുടെ സന്നിധിയിൽ ജീവനോടെ നിർത്തേണം. പിന്നെ തനിക്കുവേണ്ടിയുള്ള പാപയാഗത്തിന്റെ കാളയെ അഹരോൻ അർപ്പിച്ച് തനിക്കും കുടുംബത്തിനുംവേണ്ടി പ്രായശ്ചിത്തം കഴിച്ചു തനിക്കുവേണ്ടിയുള്ള പാപയാഗത്തിന്റെ കാളയെ അറുക്കേണം. അവൻ യഹോവയുടെ സന്നിധിയിൽ യാഗപീഠത്തിന്മേൽ ഉള്ള തീക്കനൽ ഒരു കലശത്തിൽ നിറച്ച് സൗരഭ്യമുള്ള ധൂപവർഗചൂർണം കൈ നിറയെ എടുത്തു തിരശ്ശീലയ്ക്കകത്ത് കൊണ്ടുവരേണം. താൻ മരിക്കാതിരിക്കേണ്ടതിനു ധൂപത്തിന്റെ മേഘം സാക്ഷ്യത്തിന്മേലുള്ള കൃപാസനത്തെ മറപ്പാൻ തക്കവണ്ണം അവൻ യഹോവയുടെ സന്നിധിയിൽ ധൂപവർഗം തീയിൽ ഇടേണം. അവൻ കാളയുടെ രക്തം കുറെ എടുത്തു വിരൽകൊണ്ടു കിഴക്കോട്ടു കൃപാസനത്തിന്മേൽ തളിക്കേണം; അവൻ രക്തം കുറെ തന്റെ വിരൽകൊണ്ടു കൃപാസനത്തിന്റെ മുമ്പിലും ഏഴു പ്രാവശ്യം തളിക്കേണം. പിന്നെ അവൻ ജനത്തിനുവേണ്ടിയുള്ള പാപയാഗത്തിന്റെ കോലാട്ടുകൊറ്റനെ അറുത്തു രക്തം തിരശ്ശീലയ്ക്കകത്തു കൊണ്ടുവന്നു കാളയുടെ രക്തംകൊണ്ടു ചെയ്തതുപോലെ ഇതിന്റെ രക്തംകൊണ്ടും ചെയ്ത് അതിനെ കൃപാസനത്തിന്മേലും കൃപാസനത്തിന്റെ മുമ്പിലും തളിക്കേണം. യിസ്രായേൽമക്കളുടെ അശുദ്ധികൾ നിമിത്തവും അവരുടെ സകല പാപവുമായ ലംഘനങ്ങൾ നിമിത്തവും അവൻ വിശുദ്ധമന്ദിരത്തിനു പ്രായശ്ചിത്തം കഴിക്കേണം; അവരുടെ ഇടയിൽ അവരുടെ അശുദ്ധിയുടെ നടുവിൽ ഇരിക്കുന്ന സമാഗമനകൂടാരത്തിനും അവൻ അങ്ങനെ തന്നെ ചെയ്യേണം. അവൻ വിശുദ്ധമന്ദിരത്തിൽ പ്രായശ്ചിത്തം കഴിപ്പാൻ കടന്നിട്ടു പുറത്തു വരുന്നതുവരെ സമാഗമനകൂടാരത്തിൽ ആരും ഉണ്ടായിരിക്കരുത്; ഇങ്ങനെ അവൻ തനിക്കും കുടുംബത്തിനും യിസ്രായേലിന്റെ സർവസഭയ്ക്കുംവേണ്ടി പ്രായശ്ചിത്തം കഴിക്കേണം. പിന്നെ അവൻ യഹോവയുടെ സന്നിധിയിലുള്ള യാഗപീഠത്തിങ്കൽ ചെന്ന് അതിനും പ്രായശ്ചിത്തം കഴിക്കേണം. കാളയുടെ രക്തവും കോലാട്ടുകൊറ്റന്റെ രക്തവും കുറേശ്ശ എടുത്തു പീഠത്തിന്റെ കൊമ്പുകളിൽ ചുറ്റും പുരട്ടേണം. അവൻ രക്തം കുറെ വിരൽകൊണ്ട് ഏഴു പ്രാവശ്യം അതിന്മേൽ തളിച്ച് യിസ്രായേൽമക്കളുടെ അശുദ്ധികളെ നീക്കി വെടിപ്പാക്കി ശുദ്ധീകരിക്കേണം. അവൻ വിശുദ്ധമന്ദിരത്തിനും സമാഗമനകൂടാരത്തിനും യാഗപീഠത്തിനും ഇങ്ങനെ പ്രായശ്ചിത്തം കഴിച്ചു തീർന്നശേഷം ജീവനോടിരിക്കുന്ന കോലാട്ടുകൊറ്റനെ കൊണ്ടുവരേണം. ജീവനോടിരിക്കുന്ന കോലാട്ടുകൊറ്റന്റെ തലയിൽ അഹരോൻ കൈ രണ്ടും വച്ച് യിസ്രായേൽമക്കളുടെ എല്ലാ കുറ്റങ്ങളും സകല പാപങ്ങളുമായ ലംഘനങ്ങളൊക്കെയും ഏറ്റുപറഞ്ഞ് കോലാട്ടുകൊറ്റന്റെ തലയിൽ ചുമത്തി, നിയമിക്കപ്പെട്ട ഒരാളുടെ കൈവശം അതിനെ മരുഭൂമിയിലേക്ക് അയയ്ക്കേണം. കോലാട്ടുകൊറ്റൻ അവരുടെ കുറ്റങ്ങളെയൊക്കെയും ശൂന്യപ്രദേശത്തേക്കു ചുമന്നുകൊണ്ടു പോകേണം; അവൻ കോലാട്ടുകൊറ്റനെ മരുഭൂമിയിൽ വിടേണം.