ലേവ്യാപുസ്തകം 16:1-22

ലേവ്യാപുസ്തകം 16:1-22 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

അഹരോന്റെ രണ്ടു പുത്രന്മാർ യഹോവയുടെ സന്നിധിയിൽ അടുത്തു ചെന്നിട്ടു മരിച്ചുപോയശേഷം യഹോവ മോശെയോട് അരുളിച്ചെയ്തത് എന്തെന്നാൽ: കൃപാസനത്തിന്മീതെ മേഘത്തിൽ ഞാൻ വെളിപ്പെടുന്നതുകൊണ്ടു നിന്റെ സഹോദരനായ അഹരോൻ മരിക്കാതിരിക്കേണ്ടതിനു വിശുദ്ധമന്ദിരത്തിൽ തിരശ്ശീലയ്ക്കകത്തു പെട്ടകത്തിന്മേലുള്ള കൃപാസനത്തിൻമുമ്പിൽ എല്ലാ സമയത്തും വരരുത് എന്ന് അവനോടു പറയേണം. പാപയാഗത്തിന് ഒരു കാളക്കിടാവിനോടും ഹോമയാഗത്തിന് ഒരു ആട്ടുകൊറ്റനോടും കൂടെ അഹരോൻ വിശുദ്ധമന്ദിരത്തിൽ കടക്കേണം. അവൻ പഞ്ഞിനൂൽകൊണ്ടുള്ള വിശുദ്ധമായ അങ്കി ധരിച്ചു ദേഹത്തിൽ പഞ്ഞിനൂൽകൊണ്ടുള്ള കാൽച്ചട്ട ഇട്ടു പഞ്ഞിനൂൽകൊണ്ടുള്ള നടുക്കെട്ടു കെട്ടി പഞ്ഞിനൂൽകൊണ്ടുള്ള മുടിയും വയ്ക്കേണം; ഇവ വിശുദ്ധവസ്ത്രം ആകയാൽ അവൻ ദേഹം വെള്ളത്തിൽ കഴുകിയിട്ട് അവയെ ധരിക്കേണം. അവൻ യിസ്രായേൽമക്കളുടെ സഭയുടെ പക്കൽനിന്നു പാപയാഗത്തിനു രണ്ടു കോലാട്ടുകൊറ്റനെയും ഹോമയാഗത്തിന് ഒരു ആട്ടുകൊറ്റനെയും വാങ്ങേണം. തനിക്കുവേണ്ടിയുള്ള പാപയാഗത്തിന്റെ കാളയെ അഹരോൻ അർപ്പിച്ചു തനിക്കും കുടുംബത്തിനുംവേണ്ടി പ്രായശ്ചിത്തം കഴിക്കേണം. അവൻ ആ രണ്ടു കോലാട്ടുകൊറ്റനെ കൊണ്ടുവന്നു സമാഗമനകൂടാരത്തിന്റെ വാതിൽക്കൽ യഹോവയുടെ സന്നിധിയിൽ നിർത്തേണം. പിന്നെ അഹരോൻ യഹോവയ്ക്ക് എന്ന് ഒരു ചീട്ടും അസസേലിന് എന്ന് മറ്റൊരു ചീട്ടും ഇങ്ങനെ രണ്ടു കോലാട്ടുകൊറ്റനും ചീട്ടിടേണം. യഹോവയ്ക്കുള്ള ചീട്ടു വീണ കോലാട്ടുകൊറ്റനെ അഹരോൻ കൊണ്ടുവന്നു പാപയാഗമായി അർപ്പിക്കേണം. അസസേലിനു ചീട്ടു വീണ കോലാട്ടുകൊറ്റനെയോ, അതിനാൽ പ്രായശ്ചിത്തം കഴിക്കേണ്ടതിനും അതിനെ അസസേലിനു മരുഭൂമിയിലേക്കു വിട്ടയയ്ക്കേണ്ടതിനുമായി യഹോവയുടെ സന്നിധിയിൽ ജീവനോടെ നിർത്തേണം. പിന്നെ തനിക്കുവേണ്ടിയുള്ള പാപയാഗത്തിന്റെ കാളയെ അഹരോൻ അർപ്പിച്ച് തനിക്കും കുടുംബത്തിനുംവേണ്ടി പ്രായശ്ചിത്തം കഴിച്ചു തനിക്കുവേണ്ടിയുള്ള പാപയാഗത്തിന്റെ കാളയെ അറുക്കേണം. അവൻ യഹോവയുടെ സന്നിധിയിൽ യാഗപീഠത്തിന്മേൽ ഉള്ള തീക്കനൽ ഒരു കലശത്തിൽ നിറച്ച് സൗരഭ്യമുള്ള ധൂപവർഗചൂർണം കൈ നിറയെ എടുത്തു തിരശ്ശീലയ്ക്കകത്ത് കൊണ്ടുവരേണം. താൻ മരിക്കാതിരിക്കേണ്ടതിനു ധൂപത്തിന്റെ മേഘം സാക്ഷ്യത്തിന്മേലുള്ള കൃപാസനത്തെ മറപ്പാൻ തക്കവണ്ണം അവൻ യഹോവയുടെ സന്നിധിയിൽ ധൂപവർഗം തീയിൽ ഇടേണം. അവൻ കാളയുടെ രക്തം കുറെ എടുത്തു വിരൽകൊണ്ടു കിഴക്കോട്ടു കൃപാസനത്തിന്മേൽ തളിക്കേണം; അവൻ രക്തം കുറെ തന്റെ വിരൽകൊണ്ടു കൃപാസനത്തിന്റെ മുമ്പിലും ഏഴു പ്രാവശ്യം തളിക്കേണം. പിന്നെ അവൻ ജനത്തിനുവേണ്ടിയുള്ള പാപയാഗത്തിന്റെ കോലാട്ടുകൊറ്റനെ അറുത്തു രക്തം തിരശ്ശീലയ്ക്കകത്തു കൊണ്ടുവന്നു കാളയുടെ രക്തംകൊണ്ടു ചെയ്തതുപോലെ ഇതിന്റെ രക്തംകൊണ്ടും ചെയ്ത് അതിനെ കൃപാസനത്തിന്മേലും കൃപാസനത്തിന്റെ മുമ്പിലും തളിക്കേണം. യിസ്രായേൽമക്കളുടെ അശുദ്ധികൾ നിമിത്തവും അവരുടെ സകല പാപവുമായ ലംഘനങ്ങൾ നിമിത്തവും അവൻ വിശുദ്ധമന്ദിരത്തിനു പ്രായശ്ചിത്തം കഴിക്കേണം; അവരുടെ ഇടയിൽ അവരുടെ അശുദ്ധിയുടെ നടുവിൽ ഇരിക്കുന്ന സമാഗമനകൂടാരത്തിനും അവൻ അങ്ങനെ തന്നെ ചെയ്യേണം. അവൻ വിശുദ്ധമന്ദിരത്തിൽ പ്രായശ്ചിത്തം കഴിപ്പാൻ കടന്നിട്ടു പുറത്തു വരുന്നതുവരെ സമാഗമനകൂടാരത്തിൽ ആരും ഉണ്ടായിരിക്കരുത്; ഇങ്ങനെ അവൻ തനിക്കും കുടുംബത്തിനും യിസ്രായേലിന്റെ സർവസഭയ്ക്കുംവേണ്ടി പ്രായശ്ചിത്തം കഴിക്കേണം. പിന്നെ അവൻ യഹോവയുടെ സന്നിധിയിലുള്ള യാഗപീഠത്തിങ്കൽ ചെന്ന് അതിനും പ്രായശ്ചിത്തം കഴിക്കേണം. കാളയുടെ രക്തവും കോലാട്ടുകൊറ്റന്റെ രക്തവും കുറേശ്ശ എടുത്തു പീഠത്തിന്റെ കൊമ്പുകളിൽ ചുറ്റും പുരട്ടേണം. അവൻ രക്തം കുറെ വിരൽകൊണ്ട് ഏഴു പ്രാവശ്യം അതിന്മേൽ തളിച്ച് യിസ്രായേൽമക്കളുടെ അശുദ്ധികളെ നീക്കി വെടിപ്പാക്കി ശുദ്ധീകരിക്കേണം. അവൻ വിശുദ്ധമന്ദിരത്തിനും സമാഗമനകൂടാരത്തിനും യാഗപീഠത്തിനും ഇങ്ങനെ പ്രായശ്ചിത്തം കഴിച്ചു തീർന്നശേഷം ജീവനോടിരിക്കുന്ന കോലാട്ടുകൊറ്റനെ കൊണ്ടുവരേണം. ജീവനോടിരിക്കുന്ന കോലാട്ടുകൊറ്റന്റെ തലയിൽ അഹരോൻ കൈ രണ്ടും വച്ച് യിസ്രായേൽമക്കളുടെ എല്ലാ കുറ്റങ്ങളും സകല പാപങ്ങളുമായ ലംഘനങ്ങളൊക്കെയും ഏറ്റുപറഞ്ഞ് കോലാട്ടുകൊറ്റന്റെ തലയിൽ ചുമത്തി, നിയമിക്കപ്പെട്ട ഒരാളുടെ കൈവശം അതിനെ മരുഭൂമിയിലേക്ക് അയയ്ക്കേണം. കോലാട്ടുകൊറ്റൻ അവരുടെ കുറ്റങ്ങളെയൊക്കെയും ശൂന്യപ്രദേശത്തേക്കു ചുമന്നുകൊണ്ടു പോകേണം; അവൻ കോലാട്ടുകൊറ്റനെ മരുഭൂമിയിൽ വിടേണം.

ലേവ്യാപുസ്തകം 16:1-22 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

അഹരോന്റെ രണ്ടു പുത്രന്മാർ സർവേശ്വരസന്നിധിയിൽ പ്രവേശിച്ചതുമൂലം മരിച്ചു. ഈ സംഭവത്തിനു ശേഷം സർവേശ്വരൻ മോശയോട് അരുളിച്ചെയ്തു: “നിന്റെ സഹോദരനായ അഹരോനോട് അവൻ മരിക്കാതിരിക്കേണ്ടതിനു തിരശ്ശീലയ്‍ക്കു പിന്നിൽ പെട്ടകമിരിക്കുന്ന വിശുദ്ധസ്ഥലത്ത് എല്ലായ്പോഴും വരരുതെന്നു പറയുക. അവിടെയാണല്ലോ ഞാൻ മേഘത്തിൽ പെട്ടകത്തിന്റെ മൂടിയുടെ മീതെ പ്രത്യക്ഷപ്പെടുന്നത്. പാപപരിഹാരയാഗത്തിനുള്ള കാളക്കുട്ടി, ഹോമയാഗത്തിനുള്ള മുട്ടാട് എന്നിവയോടുകൂടി അഹരോന് വിശുദ്ധസ്ഥലത്തു പ്രവേശിക്കാം. അവൻ കുളിച്ചുവന്ന് ലിനൻകൊണ്ടു നിർമ്മിച്ച വിശുദ്ധഅങ്കി, കാൽച്ചട്ട, അരക്കെട്ട്, തലപ്പാവ് എന്നിവ ധരിക്കണം. ഇവ വിശുദ്ധവസ്ത്രങ്ങളാണല്ലോ. പാപപരിഹാരയാഗത്തിനായി രണ്ട് ആൺകോലാടുകളെയും ഹോമയാഗത്തിനായി ഒരു ആൺചെമ്മരിയാടിനെയും ഇസ്രായേൽസമൂഹത്തിൽനിന്ന് അവൻ സ്വീകരിക്കണം. അഹരോൻ തന്റെ പാപങ്ങൾക്കുള്ള പരിഹാരത്തിനായി കാളക്കുട്ടിയെ അർപ്പിച്ച് തനിക്കും കുടുംബത്തിനുംവേണ്ടി പ്രായശ്ചിത്തം അനുഷ്ഠിക്കണം. ആൺകോലാടുകൾ രണ്ടിനെയും തിരുസാന്നിധ്യകൂടാരത്തിന്റെ വാതില്‌ക്കൽ സർവേശ്വരസന്നിധിയിൽ അഹരോൻ കൊണ്ടുവരണം. അവയിൽ ഒന്നിനെ സർവേശ്വരനും മറ്റതിനെ അസസേലിനും വേണ്ടി കുറിയിട്ടു വേർതിരിക്കണം. സർവേശ്വരനു കുറിവീണ ആടിനെ പാപപരിഹാരയാഗമായി അർപ്പിക്കണം. എന്നാൽ അസസേലിനു കുറിവീണ ആടിനെ പ്രായശ്ചിത്തമായി സർവേശ്വരസന്നിധിയിൽ ജീവനോടെ സമർപ്പിച്ചതിനു ശേഷം അസസേലിനായി വിജനദേശത്തേക്കു വിട്ടയയ്‍ക്കണം. അഹരോൻ കാളക്കുട്ടിയെ തനിക്കുവേണ്ടി പാപപരിഹാരയാഗമായി അർപ്പിക്കണം; അങ്ങനെ തനിക്കും കുടുംബത്തിനും വേണ്ടി പ്രായശ്ചിത്തം ചെയ്യണം. പാപപരിഹാരയാഗമായി അതിനെ കൊല്ലണം. അവൻ സർവേശ്വരസന്നിധിയിൽ യാഗപീഠത്തിലുള്ള തീക്കനൽ ഒരു ധൂപകലശത്തിൽ നിറച്ചതും രണ്ടുപിടി പൊടിച്ച കുന്തുരുക്കവുമായി തിരശ്ശീലയ്‍ക്കുള്ളിലെ മന്ദിരത്തിൽ പ്രവേശിക്കണം. സർവേശ്വരസന്നിധിയിൽ വച്ച് അഹരോൻ ധൂപകലശത്തിൽ കുന്തുരുക്കം ഇടണം. ധൂമപടലം ഉയർന്ന് സാക്ഷ്യപെട്ടകത്തിന്റെ മൂടി മറയ്‍ക്കട്ടെ. അങ്ങനെ ചെയ്താൽ അയാൾ മരിക്കയില്ല. കാളയുടെ രക്തത്തിൽ കുറെയെടുത്തു കൈവിരൽകൊണ്ട് പെട്ടകത്തിന്റെ മൂടിയുടെ മുൻഭാഗത്തു തളിക്കണം; പെട്ടകത്തിന്റെ മുമ്പിലും കൈവിരൽകൊണ്ട് ഏഴു പ്രാവശ്യം തളിക്കണം. പിന്നീട് അഹരോൻ ജനത്തിനുവേണ്ടി പാപപരിഹാരയാഗത്തിനുള്ള ആടിനെ കൊന്ന് അതിന്റെ രക്തം തിരശ്ശീലയ്‍ക്കുള്ളിൽ കൊണ്ടുവരണം. കാളയുടെ രക്തം തളിച്ചതുപോലെ പെട്ടകത്തിന്റെ മൂടിയുടെ മീതെയും മുമ്പിലും തളിക്കണം. അങ്ങനെ ഇസ്രായേൽജനത്തിന്റെ അശുദ്ധിയിൽനിന്നും അവരുടെ സകല പാപത്തിനും കാരണമായ തിന്മകളിൽനിന്നും വിശുദ്ധസ്ഥലത്തെ ശുദ്ധീകരിക്കാനുള്ള പ്രായശ്ചിത്തം ചെയ്യണം. അശുദ്ധിയുള്ള ജനത്തിന്റെ മധ്യേ ആയതിനാൽ തിരുസാന്നിധ്യകൂടാരത്തിനുവേണ്ടിയും അങ്ങനെ പ്രായശ്ചിത്തം ചെയ്യണം. അഹരോൻ തിരുസാന്നിധ്യകൂടാരത്തിൽ പ്രവേശിക്കുന്നതുമുതൽ തനിക്കും കുടുംബത്തിനും ഇസ്രായേൽസമൂഹത്തിനുംവേണ്ടി പ്രായശ്ചിത്തം ചെയ്തു പുറത്തിറങ്ങുന്നതുവരെ തിരുസാന്നിധ്യകൂടാരത്തിൽ ആരും ഉണ്ടായിരിക്കരുത്. പിന്നീട് അയാൾ യാഗപീഠത്തിന്റെ അടുക്കൽ സർവേശ്വരസന്നിധിയിൽ ചെന്ന് അതിനുവേണ്ടി പ്രായശ്ചിത്തം കഴിക്കണം. കാളയുടെയും കോലാടിന്റെയും രക്തത്തിൽ കുറെയെടുത്തു യാഗപീഠത്തിന്റെ കൊമ്പുകളിൽ ചുറ്റും പുരട്ടണം. കൈവിരൽകൊണ്ടു രക്തം ഏഴു പ്രാവശ്യം തളിച്ച് ഇസ്രായേൽജനത്തിന്റെ അശുദ്ധിയിൽനിന്ന് അതിനെ ശുചിയാക്കി പവിത്രീകരിക്കണം. വിശുദ്ധസ്ഥലത്തിനും തിരുസാന്നിധ്യകൂടാരത്തിനും യാഗപീഠത്തിനും വേണ്ടിയുള്ള പ്രായശ്ചിത്തം പൂർത്തിയാക്കിയ ശേഷം ജീവനുള്ള കോലാടിനെ കൊണ്ടുവരണം. അഹരോൻ രണ്ടു കൈകളും അതിന്റെ തലയിൽ വച്ച് ഇസ്രായേൽജനത്തിന്റെ സകല അകൃത്യങ്ങളും അതിക്രമങ്ങളും ഏറ്റുപറഞ്ഞ് അവ കോലാടിന്റെമേൽ ചുമത്തി തയ്യാറായി നില്‌ക്കുന്ന ആൾവശം അതിനെ വിജനപ്രദേശത്തേക്ക് അയയ്‍ക്കണം. ആ കോലാട് അവരുടെ അകൃത്യങ്ങൾ മുഴുവൻ വഹിച്ചുകൊണ്ടു വിജനസ്ഥലത്തേക്കു പോകണം. ആടിനെ കൊണ്ടുപോയ ആൾ അതിനെ വിജനസ്ഥലത്ത് ഉപേക്ഷിച്ചു മടങ്ങണം.

ലേവ്യാപുസ്തകം 16:1-22 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

അഹരോന്‍റെ രണ്ടു പുത്രന്മാർ യഹോവയുടെ സന്നിധിയിൽ അടുത്തു ചെന്നിട്ട് മരിച്ചുപോയശേഷം യഹോവ മോശെയോട് അരുളിച്ചെയ്തത് എന്തെന്നാൽ: “കൃപാസനത്തിന്മീതെ മേഘത്തിൽ ഞാൻ വെളിപ്പെടുന്നതുകൊണ്ടു നിന്‍റെ സഹോദരനായ അഹരോൻ മരിക്കാതിരിക്കേണ്ടതിനു വിശുദ്ധമന്ദിരത്തിൽ തിരശ്ശീലയ്ക്കകത്തു പെട്ടകത്തിന്മേലുള്ള കൃപാസനത്തിൻ്റെ മുമ്പിൽ എല്ലാസമയത്തും വരരുത് എന്നു അവനോട് പറയേണം. “പാപയാഗത്തിന് ഒരു കാളക്കിടാവിൻ്റെ രക്തത്തോടും ഹോമയാഗത്തിന് ഒരു ആട്ടുകൊറ്റനോടുംകൂടെ അഹരോൻ വിശുദ്ധമന്ദിരത്തിൽ കടക്കേണം. അവൻ പഞ്ഞിനൂൽ കൊണ്ടുള്ള വിശുദ്ധമായ അങ്കി ധരിച്ചു ദേഹത്തിൽ പഞ്ഞിനൂൽ കൊണ്ടുള്ള കാൽചട്ട ഇട്ടു പഞ്ഞിനൂൽ കൊണ്ടുള്ള നടുക്കെട്ടു കെട്ടി പഞ്ഞിനൂൽ കൊണ്ടുള്ള മുടിയും വയ്ക്കേണം; ഇവ വിശുദ്ധവസ്ത്രം ആകയാൽ അവൻ ദേഹം വെള്ളത്തിൽ കഴുകിയശേഷം അവ ധരിക്കേണം. അവൻ യിസ്രായേൽ മക്കളുടെ സഭയുടെ പക്കൽനിന്ന് പാപയാഗത്തിനു രണ്ടു കോലാട്ടുകൊറ്റനെയും ഹോമയാഗത്തിന് ഒരു ആട്ടുകൊറ്റനെയും വാങ്ങേണം. “തനിക്കുവേണ്ടിയുള്ള പാപയാഗത്തിന്‍റെ കാളയെ അഹരോൻ അർപ്പിച്ചു തനിക്കും കുടുംബത്തിനുംവേണ്ടി പ്രായശ്ചിത്തം കഴിക്കേണം. അവൻ ആ രണ്ടു കോലാട്ടുകൊറ്റനെ കൊണ്ടുവന്നു സമാഗമനകൂടാരത്തിന്‍റെ വാതില്ക്കൽ യഹോവയുടെ സന്നിധിയിൽ നിർത്തേണം. പിന്നെ അഹരോൻ യഹോവയ്ക്ക് എന്നു ഒരു ചീട്ടും അസസ്സേലിന് എന്നു മറ്റൊരു ചീട്ടും ഇങ്ങനെ രണ്ടു കോലാട്ടുകൊറ്റനും ചീട്ടിടണം. യഹോവയ്ക്കുള്ള ചീട്ടു വീണ കോലാട്ടുകൊറ്റനെ അഹരോൻ കൊണ്ടുവന്നു പാപയാഗമായി അർപ്പിക്കേണം. അസസ്സേലിനു ചീട്ടു വീണ കോലാട്ടുകൊറ്റനെ, അതിനാൽ പ്രായശ്ചിത്തം കഴിക്കേണ്ടതിന് അതിനെ അസസ്സേലിനു മരുഭൂമിയിലേക്ക് വിട്ടയയ്ക്കേണ്ടതിനുമായി യഹോവയുടെ സന്നിധിയിൽ ജീവനോടെ നിർത്തേണം. “പിന്നെ തനിക്കുവേണ്ടിയുള്ള പാപയാഗത്തിന്‍റെ കാളയെ അഹരോൻ അർപ്പിച്ച് തനിക്കും കുടുംബത്തിനുംവേണ്ടി പ്രായശ്ചിത്തം കഴിച്ചു തനിക്കുവേണ്ടിയുള്ള പാപയാഗത്തിന്‍റെ കാളയെ അറുക്കേണം. അവൻ യഹോവയുടെ സന്നിധിയിൽ യാഗപീഠത്തിന്മേൽ ഉള്ള തീക്കനൽ ഒരു ധൂപകലശത്തിൽ നിറച്ച് സൗരഭ്യമുള്ള ധൂപവർഗ്ഗചൂർണ്ണം കൈ നിറയെ എടുത്തു തിരശ്ശീലയ്ക്കകത്ത് കൊണ്ടുവരേണം. താൻ മരിക്കാതിരിക്കേണ്ടതിനു ധൂപത്തിൻ്റെ മേഘം സാക്ഷ്യത്തിന്മേലുള്ള കൃപാസനത്തെ മറയ്ക്കുവാൻ തക്കവണ്ണം അവൻ യഹോവയുടെ സന്നിധിയിൽ ധൂപവർഗ്ഗം തീയിൽ ഇടേണം. അവൻ കാളയുടെ രക്തം കുറെ എടുത്തു വിരൽകൊണ്ട് കിഴക്കോട്ടു കൃപാസനത്തിന്മേൽ തളിക്കേണം; അവൻ രക്തം കുറെ തന്‍റെ വിരൽകൊണ്ട് കൃപാസനത്തിൻ്റെ മുമ്പിലും ഏഴു പ്രാവശ്യം തളിക്കേണം. “പിന്നെ അഹരോൻ ജനത്തിനുവേണ്ടിയുള്ള പാപയാഗത്തിന്‍റെ കോലാട്ടുകൊറ്റനെ അറുത്തു രക്തം തിരശ്ശീലയ്ക്കകത്തു കൊണ്ടുവന്നു കാളയുടെ രക്തംകൊണ്ടു ചെയ്തതുപോലെ ഇതിന്‍റെ രക്തംകൊണ്ടും ചെയ്തു രക്തം കൃപാസനത്തിന്മേലും കൃപാസനത്തിൻ്റെ മുമ്പിലും തളിക്കേണം. യിസ്രായേൽ മക്കളുടെ അശുദ്ധികൾ നിമിത്തവും അവരുടെ സകലപാപവുമായ ലംഘനങ്ങൾ നിമിത്തവും അവൻ വിശുദ്ധമന്ദിരത്തിനു പ്രായശ്ചിത്തം കഴിക്കേണം; അവരുടെ ഇടയിൽ അവരുടെ അശുദ്ധിയുടെ നടുവിൽ ഇരിക്കുന്ന സമാഗമനകൂടാരത്തിനും അവൻ അങ്ങനെ തന്നെ ചെയ്യേണം. അവൻ വിശുദ്ധമന്ദിരത്തിൽ പ്രായശ്ചിത്തം കഴിക്കുവാൻ കടന്നിട്ട് പുറത്തു വരുന്നതുവരെ സമാഗമനകൂടാരത്തിൽ ആരും ഉണ്ടായിരിക്കരുത്; ഇങ്ങനെ അവൻ തനിക്കും കുടുംബത്തിനും യിസ്രായേലിന്‍റെ സർവ്വസഭയ്ക്കുംവേണ്ടി പ്രായശ്ചിത്തം കഴിക്കേണം. “പിന്നെ അഹരോൻ യഹോവയുടെ സന്നിധിയിലുള്ള യാഗപീഠത്തിങ്കൽ ചെന്നു അതിനുവേണ്ടിയും പ്രായശ്ചിത്തം കഴിക്കേണം. കാളയുടെ രക്തവും കോലാട്ടുകൊറ്റന്‍റെ രക്തവും കുറേശ്ശെ എടുത്തു യാഗപീഠത്തിന്‍റെ കൊമ്പുകളിൽ ചുറ്റും പുരട്ടേണം. അവൻ രക്തം കുറെ വിരൽകൊണ്ട് ഏഴു പ്രാവശ്യം യാഗപീഠത്തിന്മേൽ തളിച്ച് യിസ്രായേൽ മക്കളുടെ അശുദ്ധികൾ നീക്കി വെടിപ്പാക്കി ശുദ്ധീകരിക്കേണം. അവൻ വിശുദ്ധമന്ദിരത്തിനും സമാഗമനകൂടാരത്തിനും യാഗപീഠത്തിനും ഇങ്ങനെ പ്രായശ്ചിത്തം കഴിച്ചു തീർന്നശേഷം ജീവനോടിരിക്കുന്ന കോലാട്ടുകൊറ്റനെ കൊണ്ടുവരേണം. ജീവനോടിരിക്കുന്ന കോലാട്ടുകൊറ്റന്‍റെ തലയിൽ അഹരോൻ കൈ രണ്ടും വച്ചു യിസ്രായേൽ മക്കളുടെ എല്ലാകുറ്റങ്ങളും സകലപാപങ്ങളുമായ ലംഘനങ്ങളൊക്കെയും ഏറ്റുപറഞ്ഞ് കോലാട്ടുകൊറ്റന്‍റെ തലയിൽ ചുമത്തി, നിയമിക്കപ്പെട്ട ഒരു ആളുടെ കൈവശം അതിനെ മരുഭൂമിയിലേക്ക് അയയ്ക്കേണം. കോലാട്ടുകൊറ്റൻ അവരുടെ കുറ്റങ്ങൾ സർവ്വവും ശൂന്യപ്രദേശത്തേക്കു ചുമന്നുകൊണ്ടു പോകേണം; അവൻ കോലാട്ടുകൊറ്റനെ മരുഭൂമിയിൽ വിടണം.

ലേവ്യാപുസ്തകം 16:1-22 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

അഹരോന്റെ രണ്ടുപുത്രന്മാർ യഹോവയുടെ സന്നിധിയിൽ അടുത്തുചെന്നിട്ടു മരിച്ചുപോയ ശേഷം യഹോവ മോശെയോടു അരുളിച്ചെയ്തതു എന്തെന്നാൽ: കൃപാസനത്തിന്മീതെ മേഘത്തിൽ ഞാൻ വെളിപ്പെടുന്നതുകൊണ്ടു നിന്റെ സഹോദരനായ അഹരോൻ മരിക്കാതിരിക്കേണ്ടതിന്നു വിശുദ്ധമന്ദിരത്തിൽ തിരശ്ശീലെക്കകത്തു പെട്ടകത്തിന്മേലുള്ള കൃപാസനത്തിൻ മുമ്പിൽ എല്ലാസമയത്തും വരരുതു എന്നു അവനോടു പറയേണം. പാപയാഗത്തിന്നു ഒരു കാളക്കിടാവിനോടും ഹോമയാഗത്തിന്നു ഒരു ആട്ടുകൊറ്റനോടുംകൂടെ അഹരോൻ വിശുദ്ധമന്ദിരത്തിൽ കടക്കേണം. അവൻ പഞ്ഞിനൂൽകൊണ്ടുള്ള വിശുദ്ധമായ അങ്കി ധരിച്ചു ദേഹത്തിൽ പഞ്ഞിനൂൽകൊണ്ടുള്ള കാൽചട്ട ഇട്ടു പഞ്ഞിനൂൽകൊണ്ടുള്ള നടുക്കെട്ടു കെട്ടി പഞ്ഞിനൂൽകൊണ്ടുള്ള മുടിയും വെക്കേണം; ഇവ വിശുദ്ധവസ്ത്രം ആകയാൽ അവൻ ദേഹം വെള്ളത്തിൽ കഴുകീട്ടു അവയെ ധരിക്കേണം. അവൻ യിസ്രായേൽമക്കളുടെ സഭയുടെ പക്കൽനിന്നു പാപയാഗത്തിന്നു രണ്ടു കോലാട്ടുകൊറ്റനെയും ഹോമയാഗത്തിന്നു ഒരു ആട്ടുകൊറ്റനെയും വാങ്ങേണം. തനിക്കുവേണ്ടിയുള്ള പാപയാഗത്തിന്റെ കാളയെ അഹരോൻ അർപ്പിച്ചു തനിക്കും കുടുംബത്തിന്നുംവേണ്ടി പ്രായശ്ചിത്തം കഴിക്കേണം. അവൻ ആ രണ്ടു കോലാട്ടുകൊറ്റനെ കൊണ്ടുവന്നു സമാഗമനകൂടാരത്തിന്റെ വാതിൽക്കൽ യഹോവയുടെ സന്നിധിയിൽ നിർത്തേണം. പിന്നെ അഹരോൻ യഹോവെക്കു എന്നു ഒരു ചീട്ടും അസസ്സേലിന്നു എന്നു മറ്റൊരു ചീട്ടും ഇങ്ങനെ രണ്ടു കോലാട്ടുകൊറ്റനും ചീട്ടിടേണം. യഹോവെക്കുള്ള ചീട്ടു വീണ കോലാട്ടുകൊറ്റനെ അഹരോൻ കൊണ്ടുവന്നു പാപയാഗമായി അർപ്പിക്കേണം. അസസ്സേലിന്നു ചീട്ടു വീണ കോലാട്ടുകൊറ്റനെയോ, അതിനാൽ പ്രായശ്ചിത്തം കഴിക്കേണ്ടതിന്നും അതിനെ അസസ്സേലിന്നു മരുഭൂമിയിലേക്കു വിട്ടയക്കേണ്ടതിന്നുമായി യഹോവയുടെ സന്നിധിയിൽ ജീവനോടെ നിർത്തേണം. പിന്നെ തനിക്കുവേണ്ടിയുള്ള പാപയാഗത്തിന്റെ കാളയെ അഹരോൻ അർപ്പിച്ചു തനിക്കും കുടുംബത്തിന്നുംവേണ്ടി പ്രായശ്ചിത്തം കഴിച്ചു തനിക്കുവേണ്ടിയുള്ള പാപയാഗത്തിന്റെ കാളയെ അറുക്കേണം. അവൻ യഹോവയുടെ സന്നിധിയിൽ യാഗപീഠത്തിന്മേൽ ഉള്ള തീക്കനൽ ഒരു കലശത്തിൽ നിറെച്ചു സൗരഭ്യമുള്ള ധൂപവർഗ്ഗചൂർണ്ണം കൈ നിറയ എടുത്തു തിരശ്ശീലക്കകത്തു കൊണ്ടുവരേണം. താൻ മരിക്കാതിരിക്കേണ്ടതിന്നു ധൂപത്തിന്റെ മേഘം സാക്ഷ്യത്തിന്മേലുള്ള കൃപാസനത്തെ മറെപ്പാൻ തക്കവണ്ണം അവൻ യഹോവയുടെ സന്നിധിയിൽ ധൂപവർഗ്ഗം തീയിൽ ഇടേണം. അവൻ കാളയുടെ രക്തം കുറെ എടുത്തു വിരൽകൊണ്ടു കിഴക്കോട്ടു കൃപാസനത്തിന്മേൽ തളിക്കേണം; അവൻ രക്തം കുറെ തന്റെ വിരൽകൊണ്ടു കൃപാസനത്തിന്റെ മുമ്പിലും ഏഴു പ്രാവശ്യം തളിക്കേണം. പിന്നെ അവൻ ജനത്തിന്നുവേണ്ടിയുള്ള പാപയാഗത്തിന്റെ കോലാട്ടുകൊറ്റനെ അറുത്തു രക്തം തിരശ്ശീലെക്കകത്തു കൊണ്ടുവന്നു കാളയുടെ രക്തംകൊണ്ടു ചെയ്തതുപോലെ ഇതിന്റെ രക്തംകൊണ്ടും ചെയ്തു അതിനെ കൃപാസനത്തിന്മേലും കൃപാസനത്തിന്റെ മുമ്പിലും തളിക്കേണം. യിസ്രായേൽമക്കളുടെ അശുദ്ധികൾ നിമിത്തവും അവരുടെ സകലപാപവുമായ ലംഘനങ്ങൾ നിമിത്തവും അവൻ വിശുദ്ധമന്ദിരത്തിന്നു പ്രായശ്ചിത്തം കഴിക്കേണം; അവരുടെ ഇടയിൽ അവരുടെ അശുദ്ധിയുടെ നടുവിൽ ഇരിക്കുന്ന സമാഗമനകൂടാരത്തിന്നും അവൻ അങ്ങനെതന്നേ ചെയ്യേണം. അവൻ വിശുദ്ധമന്ദിരത്തിൽ പ്രായശ്ചിത്തം കഴിപ്പാൻ കടന്നിട്ടു പുറത്തു വരുന്നതുവരെ സമാഗമനകൂടാരത്തിൽ ആരും ഉണ്ടായിരിക്കരുതു; ഇങ്ങനെ അവൻ തനിക്കും കുടുംബത്തിന്നും യിസ്രായേലിന്റെ സർവ്വസഭെക്കും വേണ്ടി പ്രായശ്ചിത്തം കഴിക്കേണം. പിന്നെ അവൻ യഹോവയുടെ സന്നിധിയിലുള്ള യാഗപീഠത്തിങ്കൽ ചെന്നു അതിന്നും പ്രായശ്ചിത്തം കഴിക്കേണം. കാളയുടെ രക്തവും കോലാട്ടുകൊറ്റന്റെ രക്തവും കുറേശ്ശ എടുത്തു പീഠത്തിന്റെ കൊമ്പുകളിൽ ചുറ്റും പുരട്ടേണം. അവൻ രക്തം കുറെ വിരൽകൊണ്ടു ഏഴു പ്രാവശ്യം അതിന്മേൽ തളിച്ചു യിസ്രായേൽമക്കളുടെ അശുദ്ധികളെ നീക്കി വെടിപ്പാക്കി ശുദ്ധീകരിക്കേണം. അവൻ വിശുദ്ധമന്ദിരത്തിന്നും സമാഗമനകൂടാരത്തിന്നും യാഗപീഠത്തിന്നും ഇങ്ങനെ പ്രായശ്ചിത്തം കഴിച്ചു തീർന്നശേഷം ജീവനോടിരിക്കുന്ന കോലാട്ടുകൊറ്റനെ കൊണ്ടുവരേണം. ജീവനോടിരിക്കുന്ന കോലാട്ടുകൊറ്റന്റെ തലയിൽ അഹരോൻ കൈ രണ്ടും വെച്ചു യിസ്രായേൽമക്കളുടെ എല്ലാകുറ്റങ്ങളും സകലപാപങ്ങളുമായ ലംഘനങ്ങളൊക്കെയും ഏറ്റുപറഞ്ഞു കോലാട്ടുകൊറ്റന്റെ തലയിൽ ചുമത്തി, നിയമിക്കപ്പെട്ട ഒരു ആളുടെ കൈവശം അതിനെ മരുഭൂമിയിലേക്കു അയക്കേണം. കോലാട്ടുകൊറ്റൻ അവരുടെ കുറ്റങ്ങളെ ഒക്കെയും ശൂന്യപ്രദേശത്തേക്കു ചുമന്നുകൊണ്ടുപോകേണം; അവൻ കോലാട്ടുകൊറ്റനെ മരുഭൂമിയിൽ വിടേണം.

ലേവ്യാപുസ്തകം 16:1-22 സമകാലിക മലയാളവിവർത്തനം (MCV)

അഹരോന്റെ രണ്ടു പുത്രന്മാരുടെ മരണശേഷം യഹോവ മോശയോട് അരുളിച്ചെയ്തു. യഹോവയുടെ സന്നിധിയിൽ അന്യാഗ്നിയുമായി അടുത്തുചെന്നതിനാലാണ് അവർ മരിച്ചുപോയത്. യഹോവ മോശയോട് ഇപ്രകാരം അരുളിച്ചെയ്തു: “ഞാൻ പാപനിവാരണസ്ഥാനത്തിന്മേൽ മേഘത്തിൽ പ്രത്യക്ഷപ്പെടുമെന്നതിനാൽ, നിന്റെ സഹോദരനായ അഹരോൻ മരിക്കാതിരിക്കേണ്ടതിന്, അതിവിശുദ്ധസ്ഥലത്തു തിരശ്ശീലയ്ക്കു പിറകിൽ പേടകത്തിനുമീതേയുള്ള പാപനിവാരണസ്ഥാനത്തിനുമുമ്പിൽ ആഗ്രഹിക്കുമ്പോഴെല്ലാം വരരുതെന്ന് അയാളോടു പറയുക. “ഈ നിർദേശങ്ങൾ പൂർണമായി അനുസരിച്ചതിനുശേഷം മാത്രമേ അതിവിശുദ്ധസ്ഥലത്ത് അഹരോൻ പ്രവേശിക്കാൻ പാടുള്ളൂ: ആദ്യമായി പാപശുദ്ധീകരണയാഗത്തിന് ഒരു കാളക്കിടാവിനെയും ഹോമയാഗത്തിന് ഒരു ആട്ടുകൊറ്റനെയും അഹരോൻ കൊണ്ടുവരണം. അദ്ദേഹം ശരീരത്തോടുചേർത്തു പരുത്തിനൂൽകൊണ്ടുള്ള അടിവസ്ത്രവും പരുത്തിനൂൽകൊണ്ടുള്ള വിശുദ്ധമായ കുപ്പായവും ധരിച്ച്, പരുത്തിനൂൽകൊണ്ടുള്ള അരക്കച്ച ചുറ്റിക്കെട്ടി, പരുത്തിനൂൽകൊണ്ടുള്ള തലപ്പാവും ധരിച്ചിരിക്കണം. ഇവ വിശുദ്ധ വസ്ത്രങ്ങളാണ്. അതുകൊണ്ട് അദ്ദേഹം വെള്ളത്തിൽ കുളിച്ചിട്ടുവേണം ഇവ ധരിക്കാൻ. അദ്ദേഹം പാപശുദ്ധീകരണയാഗത്തിന് രണ്ട് കോലാട്ടുകൊറ്റന്മാരെയും ഹോമയാഗത്തിന് ഒരു കോലാടിനെയും ഇസ്രായേൽ സഭയിൽനിന്ന് വാങ്ങണം. “അഹരോൻ തന്റെ പാപപരിഹാരത്തിനായി കാളയെ അർപ്പിക്കണം. ഇങ്ങനെ തനിക്കും കുടുംബത്തിനുംവേണ്ടി പ്രായശ്ചിത്തം ചെയ്യണം. പിന്നെ അദ്ദേഹം രണ്ടു കോലാടുകളെയും സമാഗമകൂടാരവാതിലിൽ യഹോവയുടെ സന്നിധിയിൽ നിർത്തണം. അദ്ദേഹം രണ്ടു കോലാടുകൾക്കുംവേണ്ടി നറുക്ക് ഇടണം. ഒന്ന് യഹോവയ്ക്ക്; മറ്റേത് ജനത്തിന്റെ പാപം വഹിച്ചുകൊണ്ട് മരുഭൂമിയിലേക്കു പോകുന്ന ബലിയാട്. യഹോവയ്ക്കു കുറിവീണ കോലാടിനെ അഹരോൻ കൊണ്ടുവന്നു പാപശുദ്ധീകരണയാഗമായി യാഗം കഴിക്കണം. അസസ്സേലിനു നറുക്കുവീണ കോലാടിനെ, പ്രായശ്ചിത്തം വരുത്തേണ്ടതിനും അസസ്സേലിനു മരുഭൂമിയിലേക്കു വിട്ടയയ്ക്കേണ്ടതിനുമായി, യഹോവയുടെമുമ്പാകെ ജീവനോടെ നിർത്തണം. “അഹരോൻ, തനിക്കും തന്റെ കുടുംബത്തിനുംവേണ്ടി പ്രായശ്ചിത്തം വരുത്താനുള്ള തന്റെ പാപശുദ്ധീകരണയാഗത്തിന്റെ കാളയെ കൊണ്ടുവന്നു, തന്റെ പാപശുദ്ധീകരണയാഗത്തിനായി അറക്കണം. അദ്ദേഹം യഹോവയുടെ സന്നിധിയിലെ യാഗപീഠത്തിൽനിന്ന് ഒരു ധൂപകലശം നിറച്ചു കനൽക്കട്ടയും രണ്ടു കൈനിറയെ നേർമയായി പൊടിച്ച സൗരഭ്യമുള്ള ധൂപവർഗവും എടുത്ത് അവയെ തിരശ്ശീലയ്ക്കു പിറകിൽ കൊണ്ടുപോകണം. അദ്ദേഹം യഹോവയുടെമുമ്പാകെ ആ കുന്തിരിക്കം തീയിൽ ഇടണം. അയാൾ മരിക്കാതിരിക്കേണ്ടതിനു കുന്തിരിക്കത്തിന്റെ പുക ഉടമ്പടിയുടെ പലകയുടെ മുകളിലുള്ള പാപനിവാരണസ്ഥാനത്തെ മറയ്ക്കും. അദ്ദേഹം കാളയുടെ കുറെ രക്തം എടുത്തു തന്റെ വിരലുകൊണ്ടു പാപനിവാരണസ്ഥാനത്തിനുമുമ്പിൽ കിഴക്കുവശത്തു തളിക്കണം; പിന്നെ അതിൽ കുറെ തന്റെ വിരലുകൊണ്ടു പാപനിവാരണസ്ഥാനത്തിനുമുമ്പിൽ ഏഴുപ്രാവശ്യം തളിക്കണം. “ഇതിനുശേഷം അഹരോൻ ജനത്തിനുവേണ്ടിയുള്ള പാപശുദ്ധീകരണയാഗത്തിനായി കോലാടിനെ അറത്ത് അതിന്റെ രക്തം എടുത്തു തിരശ്ശീലയ്ക്കു പിന്നിൽ കൊണ്ടുപോയി, കാളയുടെ രക്തംകൊണ്ടു ചെയ്തതുപോലെ കോലാടിന്റെരക്തംകൊണ്ടും ചെയ്യണം. അദ്ദേഹം അതു പാപനിവാരണസ്ഥാനത്തിനുമേലും അതിനു മുന്നിലും തളിക്കണം. ഇങ്ങനെ, അഹരോൻ ഇസ്രായേല്യരുടെ അശുദ്ധിയും മത്സരവും അവരുടെ മറ്റെല്ലാ പാപങ്ങളുംനിമിത്തം അതിവിശുദ്ധസ്ഥലത്തിനു പ്രായശ്ചിത്തം കഴിക്കണം. അവരുടെ ഇടയിൽ അവരുടെ അശുദ്ധിയുടെ നടുവിലിരിക്കുന്ന സമാഗമകൂടാരത്തിനുവേണ്ടിയും അദ്ദേഹം അങ്ങനെതന്നെ ചെയ്യണം. അഹരോൻ അതിവിശുദ്ധസ്ഥലത്തു ചെന്നു തനിക്കുവേണ്ടിയും തന്റെ കുടുംബത്തിനുവേണ്ടിയും ഇസ്രായേൽ സഭയ്ക്കുവേണ്ടിയും പ്രായശ്ചിത്തം കഴിച്ചു പുറത്തു വരുന്നതുവരെ ആരും സമാഗമകൂടാരത്തിൽ ഉണ്ടായിരിക്കരുത്. “ഇതിനുശേഷം അഹരോൻ പുറത്ത് യഹോവയുടെ സന്നിധിയിലുള്ള യാഗപീഠത്തിനു സമീപത്തേക്കു വന്ന് അതിനുവേണ്ടി പ്രായശ്ചിത്തം കഴിക്കണം. അദ്ദേഹം കാളയുടെ രക്തവും കോലാടിന്റെ രക്തവും കുറെ എടുത്തു യാഗപീഠത്തിന്റെ എല്ലാ കൊമ്പിലും പുരട്ടണം. അതിനെ ഇസ്രായേല്യരുടെ അശുദ്ധിയിൽനിന്ന് ശുദ്ധീകരിച്ചു വിശുദ്ധമാക്കാൻ അദ്ദേഹം കുറെ രക്തം തന്റെ വിരലുകൾകൊണ്ട് ഏഴുപ്രാവശ്യം അതിൽ തളിക്കണം. “അഹരോൻ അതിവിശുദ്ധസ്ഥലത്തിനും സമാഗമകൂടാരത്തിനും യാഗപീഠത്തിനുംവേണ്ടി പ്രായശ്ചിത്തം കഴിച്ചുതീർന്നിട്ട് ജീവനുള്ള കോലാടിനെ മുന്നോട്ടു കൊണ്ടുവരണം. അഹരോൻ രണ്ടു കൈയും ജീവനുള്ള കോലാടിന്റെ തലയിൽവെച്ച്, ഇസ്രായേലിന്റെ സകലദുഷ്ടതയും മത്സരവും അവരുടെ എല്ലാ പാപങ്ങളും ഏറ്റുപറഞ്ഞു കോലാടിന്റെ തലയിൽ ചുമത്തണം. അദ്ദേഹം കോലാടിനെ ആ ചുമതലയ്ക്കായി നിയമിക്കപ്പെട്ട ഒരാളെ ഏൽപ്പിച്ച് മരുഭൂമിയിലേക്ക് അയയ്ക്കണം. ആ കോലാട് അവരുടെ സകലപാപവും ഒരു വിജനസ്ഥലത്തേക്ക് ചുമന്നുകൊണ്ടുപോകും; അയാൾ അതിനെ മരുഭൂമിയിൽ വിട്ടയയ്ക്കണം.