യോശുവ 6:1-10

യോശുവ 6:1-10 MALOVBSI

എന്നാൽ യെരീഹോവിനെ യിസ്രായേൽമക്കളുടെ നിമിത്തം അടച്ച് ഉറപ്പാക്കിയിരുന്നു; ആരും പുറത്തിറങ്ങിയില്ല, അകത്തു കയറിയതുമില്ല. യഹോവ യോശുവയോടു കല്പിച്ചത്: ഞാൻ യെരീഹോവിനെയും അതിന്റെ രാജാവിനെയും യുദ്ധവീരന്മാരെയും നിന്റെ കൈയിൽ ഏല്പിച്ചിരിക്കുന്നു. നിങ്ങളിൽ യോദ്ധാക്കളായ എല്ലാവരും ഒരുവട്ടം പട്ടണത്തെ ചുറ്റിനടക്കേണം; ഇങ്ങനെ ആറു ദിവസം ചെയ്യേണം. ഏഴു പുരോഹിതന്മാർ ആട്ടിൻകൊമ്പുകൊണ്ടുള്ള ഏഴു കാഹളം പിടിച്ചുകൊണ്ട് പെട്ടകത്തിന്റെ മുമ്പിൽ നടക്കേണം; ഏഴാം ദിവസം ഏഴു പ്രാവശ്യം പട്ടണത്തെ ചുറ്റുകയും പുരോഹിതന്മാർ കാഹളം ഊതുകയും വേണം. അവർ ആട്ടിൻകൊമ്പ് നീട്ടിയൂതുകയും നിങ്ങൾ കാഹളനാദം കേൾക്കയും ചെയ്യുമ്പോൾ ജനമൊക്കെയും ഉച്ചത്തിൽ ആർപ്പിടേണം; അപ്പോൾ പട്ടണമതിൽ വീഴും; ജനം ഓരോരുത്തൻ നേരേ കയറുകയും വേണം. നൂന്റെ മകനായ യോശുവ പുരോഹിതന്മാരെ വിളിച്ച് അവരോട്: നിയമപെട്ടകം എടുപ്പിൻ; ഏഴു പുരോഹിതന്മാർ യഹോവയുടെ പെട്ടകത്തിനു മുമ്പിൽ ആട്ടിൻകൊമ്പുകൊണ്ടുള്ള ഏഴു കാഹളം പിടിച്ചുകൊണ്ട് നടക്കേണം എന്നു പറഞ്ഞു. ജനത്തോട് അവൻ: നിങ്ങൾ ചെന്ന് പട്ടണത്തെ ചുറ്റിനടപ്പിൻ; ആയുധപാണികൾ യഹോവയുടെ പെട്ടകത്തിന്റെ മുമ്പിൽ നടക്കേണം എന്നു പറഞ്ഞു. യോശുവ ജനത്തോടു പറഞ്ഞുതീർന്നപ്പോൾ ആട്ടിൻകൊമ്പുകൊണ്ടുള്ള ഏഴു കാഹളം പിടിച്ചുകൊണ്ട് ഏഴു പുരോഹിതന്മാർ യഹോവയുടെ മുമ്പിൽ നടന്നു കാഹളം ഊതി; യഹോവയുടെ നിയമപെട്ടകം അവരുടെ പിന്നാലെ ചെന്നു. ആയുധപാണികൾ കാഹളം ഊതുന്ന പുരോഹിതന്മാരുടെ മുമ്പിൽ നടന്നു; ശേഷമുള്ള കൂട്ടം പെട്ടകത്തിന്റെ പിന്നാലെ ചെന്നു; ഇങ്ങനെ അവർ കാഹളം ഊതിക്കൊണ്ടു നടന്നു. യോശുവ ജനത്തോട്: ആർപ്പിടുവിൻ എന്നു ഞാൻ നിങ്ങളോടു കല്പിക്കുന്ന നാൾവരെ നിങ്ങൾ ആർപ്പിടരുത്; ഒച്ച കേൾപ്പിക്കരുത്; വായിൽനിന്ന് ഒരു വാക്കും പുറപ്പെടുകയും അരുത്; അതിന്റെശേഷം ആർപ്പിടാം എന്നു കല്പിച്ചു.